(moviemax.in) അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്തതിൽ പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായതും ശ്രദ്ധിക്കപ്പെട്ടതുമായ സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രത്തോളം വയലൻസ് കാണിച്ച മറ്റൊരു സിനിമയുണ്ടോയെന്ന് സംശയമാണ്.
സിനിമ നിർമ്മിച്ചത് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വ്യവസായിയായ ഷെരീഫ് മുഹമ്മദാണ്. നാട്ടിലും വിദേശത്തുമായി പല മേഖലകളിൽ ബിസിനസ് ചെയ്തുവരികയാണ് ഷെരീഫ്. ബിസിനസിലാണ് തിളങ്ങി നിൽക്കുന്നതെങ്കിലും സിനിമാ മേഖലയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട് ഷെരീഫിന്.
ആ സൗഹൃദത്തിലൂടെയാണ് സിനിമ നിർമിക്കാമെന്ന മോഹം ഉടലെടുക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു സിനിമ നിർമ്മിച്ച് പ്രൊഡ്യൂസർ എന്ന ലേബൽ കൂടി പേരിനൊപ്പം ചേർക്കുക എന്നതിലുപരിയായി ചുവടുവെക്കുമ്പോൾ അത് ഒരു മികച്ച പ്രോജെക്ടിൽ കൂടെ ആകണമെന്ന ആഗ്രഹമാണ് ഷെരീഫിനെ മാർക്കോയുടെ ഭാഗമാകാൻ പ്രേരിപ്പിച്ചത്.
ആക്ഷൻ പടത്തിന് ഉണ്ണി മുകുന്ദൻ ഏറ്റവും മികച്ച ഒരു ഓപ്ഷനാണെന്നും ഈ ഒരു സബ്ജക്റ്റിൽ ഉണ്ണിയുടെ കോൺഫിഡൻസും ആക്ഷൻ ചെയ്യാനുള്ള കേപ്പബിലിറ്റിയും മാക്സിമം എക്സ്പോസ് ചെയ്താൽ നല്ലൊരു ആക്ഷൻ മൂവി മലയാളത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്നും തിരിച്ചറിഞ്ഞ നിമിഷത്തിലാണ് മാർക്കോ നിർമ്മിക്കാനുള്ള തീരുമാനത്തിലേക്ക് ഷെരീഫ് എത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് മാർക്കോ കണക്കാക്കപ്പെടുന്നത്.
മാത്രമല്ല നൂറ് കോടി ക്ലബ്ബിലും സിനിമ ഇടം നേടിയിരുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് മാർക്കോ. 2022ൽ പുറത്തിറങ്ങിയ മാളികപ്പുറം ആയിരുന്നു ആദ്യത്തേത്. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശനം തുടരുകയാണ്. മാത്രമല്ല ഇന്ന് അർധരാത്രി മുതൽ സിനിമ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങും.
സിനിമ കാണാൻ വളരെയധികം ഇഷ്ടമുള്ള ഒരു സാധാരണ പ്രേക്ഷകൻ കൂടിയാണ് ഷെറീഫ്. കലയോടുള്ള ഇഷ്ടത്തിന്റെ കൂടെ ബിസിനസ് കൂടെ ചേർന്നപ്പോഴാണ് മാർക്കോ പോലൊരു മികച്ച സിനിമ ജനിച്ചത്. സിനിമ നിർമ്മിച്ച് ലഭിച്ച ലാഭത്തിൽ ഒരു ശതമാനം ഷെരീഫ് ചാരിറ്റി പ്രവർത്തനങ്ങൾ വേണ്ടിയാണ് ചിലവഴിച്ചത്. മുമ്പും തന്റെ വരുമാനത്തിൽ നിന്നും ഒരു ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് വേണ്ടി ഷെരീഫ് ഉപയോഗിക്കാറുണ്ട്.
അതിന് ഒരു കാരണവും ഷെരീഫിന് പറയാറുണ്ട്. മാർക്കോ പ്രമോഷന്റെ ഭാഗമായി ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഏത് സാഹചര്യത്തിലും ചാരിറ്റി ചെയ്യണമെന്ന് താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം ഷെരീഫ് വെളിപ്പെടുത്തിയത്. ഉമ്മയാണ് ഷെരീഫിന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകം.
ഞാൻ എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റെ ഒരു ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയും ചിലവഴിക്കാറുണ്ട്. ഉദാഹരണത്തിന് മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ഫങ്ഷൻ വെക്കുകയാണെങ്കിൽ അതിനായി ചിലവാകുന്ന തുകയുടെ ഒരു ശതമാനം ചാരിറ്റിക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്. എനിക്ക് എന്ത് നല്ല കാര്യങ്ങൾ വരുമ്പോഴും അതിന് അനുസരിച്ച് മറ്റെന്തിങ്കിലും ഒരു ചാരിറ്റി ഇപ്പുറത്ത് ചെയ്യും.
കാരണം ദാനം ആപത്തിനെ തടയുമെന്നതിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. ഇത് എന്റെ ക്വാളിറ്റിയല്ല. എന്റെ ഉമ്മ ചെയ്ത് വെച്ചത് ഞാൻ തുടർന്നുകൊണ്ട് പോകുന്നുവെന്ന് മാത്രം. ഇതൊക്കെ ചെയ്യാൻ എന്നെ പഠിപ്പിച്ചത് ഉമ്മയാണ്. ഉമ്മയുടെ മരണശേഷം മുസ്ലീംമ്സായതുകൊണ്ട് കുറച്ച് ദിവസം വീട്ടിൽ ദിക്കർ പോലുള്ള ചടങ്ങുകൾ ഉണ്ടായിരുന്നു.
ആ സമയത്ത് വന്ന ഉസ്താദുമാർ പറഞ്ഞു ഷെരീഫിന്റെ ഉമ്മയായിരുന്നു ചില കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾ നോക്കിയിരുന്നതെന്ന്. ഞാൻ അറിയാതെയാണ് ഉമ്മ ഇതൊക്കെ ചെയ്തിരുന്നത്. മാത്രമല്ല ഞാൻ കൊടുക്കുന്ന പൈസ ഉമ്മയ്ക്ക് തികയില്ലായിരുന്നു. അതിന്റെ കാരണം മനസിലായത് ഉമ്മയുടെ മരണശേഷമാണെന്നും ഷെരീഫ് പറയുന്നു.
#producer #shareefmuhammed #reveals #reason #behind #his #emphasis #charity #work