വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സെയ്ഫ് അലി ഖാന്‍. ജനുവരി 16 ന് താരത്തിനെതിരെയുണ്ടായ ആക്രമണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇപ്പോഴും വാര്‍ത്തകൡ നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ നിന്നും പുറത്ത് വന്നത്.
തന്റെ വീട്ടിലുണ്ടായ മോഷണ ശ്രമം തടയുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് പരുക്കേല്‍ക്കുന്നത്. പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു.
അതേസമയം ഇതാദ്യമായിട്ടല്ല സെയ്ഫ് അലി ഖാന്‍ ആക്രമണം നേരിടുന്നത്. തൊണ്ണൂറുകളില്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് സെയ്ഫ് അലി ഖാന് ഒരു പബ്ബില്‍ വച്ച് മര്‍ദ്ദനമേറ്റിരുന്നു.
തു ഖിലാഡി മേം അനാരി എന്ന സിനിമയുടെ പ്രീമിയറിന് പിന്നാലെയായിരുന്നു സംഭവം. ഡല്‍ഹിയിലെ ഒരു പബ്ബില്‍ തന്റെ സുഹുത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാനെത്തിയതായിരുന്നു സെയ്ഫ്.
അന്ന് നടന്നതിനെക്കുറിച്ച് സെയ്ഫ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പബ്ബില്‍ വച്ച് ഒരു ആരാധിക തന്റെ അരികില്‍ വരികയും കൂടെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ സെയ്ഫ് തയ്യാറായില്ല.
ഇത് കണ്ട് അവളുടെ കാമുകന് ദേഷ്യം വന്നു. അയാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് സെയ്ഫ് പറയുന്നത്. ''മില്യണ്‍ ഡോളര്‍ മുഖമാണ് നിന്റേത്. നിന്റെ മുഖം വളരെ മനോഹരമാണ്. ഞാന്‍ അത് നശിപ്പിക്കാന്‍ പോവുകയാണ്'' എന്ന് പറഞ്ഞാണ് അയാള്‍ തന്നെ മര്‍ദ്ദിച്ചതെന്നും സെയ്ഫ് പറയുന്നു.
വിസ്‌കി ഗ്ലാസ് വച്ചാണ് അയാള്‍ തന്നെ ആക്രമിച്ചതെന്നും സെയ്ഫ് പറയുന്നു. തങ്ങള്‍ തമ്മില്‍ വലിയ കയ്യാങ്കളിയായെന്നും താരം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ ആ സംഭവം പുറത്തറിയാതിരിക്കാന്‍ താന്‍ പരാതി നല്‍കിയില്ലെന്നും സെയ്ഫ് പറയുന്നു. പിന്നീട് വാര്‍ത്തകളില്‍ വന്നത് പോലെ താനല്ല തല്ല് തുടങ്ങി വച്ചതെന്നും സെയ്ഫ് പറയുന്നുണ്ട്.
''ഒടുവില്‍ ഞങ്ങള്‍ ബാത്ത് റൂമിലെത്തി. എന്റെ മുറിവില്‍ നിന്നും ഒരുപാട് ചോര വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലായില്ല. മുറിവ് കഴുകിക്കൊണ്ട് നീയെന്താണ് ഈ കാണിച്ചിരിക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു.
അപ്പോള്‍ അയാള്‍ എന്നെ സോപ് ഡിഷ് വച്ച് വീണ്ടും ആക്രമിച്ചു. അവനൊരു ഭ്രാന്തനായിരുന്നു. ചിലപ്പോള്‍ എന്നെ അവന്‍ കൊന്നേനെ'' എന്നും പിന്നീടൊരിക്കല്‍ ആ സംഭവത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് സെയ്ഫ് അലി ഖാന്‍ പറയുന്നുണ്ട്.
അതേസമയം, സെയഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം വലിയ വാര്‍ത്തയായി മാറിയിരുന്നു. ജനുവരി 16 നായിരുന്നു സംഭവം. താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി താരത്തെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതിയായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് എന്ന ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് പിടികൂടിയത്.
#Boyfriend #dance #fan #smashed #Saifalikhan #head #whiskey #glass