മുംബൈ: (moviemax.in) കവിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ പ്രിതിഷ് നന്ദി (73) അന്തരിച്ചു.
ഇന്ത്യയിലെ പ്രശസ്ത എഴുത്തുകാരിലൊരാളായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതംമൂലമായിരുന്നു. അന്തിമചടങ്ങുകള്‍ ദക്ഷിണമുംബൈയില്‍ നടന്നു.
നന്ദി ഇംഗ്ലീഷില്‍ 40-ഓളം കവിതകള്‍ രചിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി, എന്നിവയില്‍നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്തിട്ടുമുണ്ട്. 1977-ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു.
ജങ്കാര്‍ ബീറ്റ്‌സ്, കാന്റെ, ഹസാരോണ്‍ ഖ്വഷെയ്ന്‍ ഐസി, പ്യാര്‍ കെ സൈഡ് ഇഫക്ട്‌സ്, അഗ്ലി ഔര്‍ പഗ്ലി, ചമേലി തുടങ്ങി ഒട്ടേറെ സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു.
2008-ല്‍ അദ്ദേഹത്തിന് കര്‍മവീര്‍ പുരസ്‌കാരം ലഭിച്ചു. 2006-ല്‍ യുണൈറ്റഡ് നേഷന്‍സ് ഹെറിറ്റേജ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.
മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗംകൂടിയായിരുന്നു അദ്ദേഹം. ബാല്‍ താക്കറെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്.
ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ പബ്ലിഷിങ് ഡയറക്ടറായും 1980-കളില്‍ ദി ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ, ദി ഇന്‍ഡിപെന്‍ഡന്റ്, ഫിലിം ഫെയര്‍ എന്നിവയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 1993-ല്‍ പ്രതീഷ് നന്ദി കമ്യൂണിക്കേഷന്‍ ലിമിറ്റഡ് സ്ഥാപിച്ചു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടനയും അദ്ദേഹം രൂപവത്കരിച്ചു. മേനകാ ഗാന്ധി അതിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കുന്നു.
ബിഹാറിലെ ഭഗല്‍പുരില്‍ ബംഗാളികുടുംബത്തിലാണ് പ്രിതിഷ് നന്ദി ജനിച്ചത്. മക്കളായ രംഗീതാ പ്രിതിഷ് നന്ദി, ഇഷിത പ്രിതിഷ് നന്ദി, കുഷന്‍ നന്ദി എന്നിവരും ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
#Filmmaker #media #personality #pritishnandy #passes #away