അന്തരിച്ച നടൻ മാമുക്കോയയെ മറക്കാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല. ചെറുതെങ്കിലും മറക്കാനാകാത്ത നിരവധി വേഷങ്ങൾ മാമുക്കോയ സിനിമകളിൽ ചെയ്തിട്ടുണ്ട്. 2023 ഏപ്രിൽ 26 നാണ് മാമുക്കോയ മരിക്കുന്നത്. 76ാം വയസിലായിരുന്നു വിട വാങ്ങൽ. സ്വദേശമായ കോഴിക്കോട് കബറടക്കം നടന്നു.
അവസാനമായി നടനെ കാണാൻ ഒപ്പം അഭിനയിച്ച താരങ്ങൾ വന്നില്ലെന്ന വിമർശനം അന്ന് ഉയർന്നിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർക്കൊപ്പം നിരവധി സിനിമകളിൽ മാമുക്കോയ അഭിനയിച്ചിട്ടുണ്ട്.
അന്ന് താരങ്ങൾക്കെതിരെ വന്ന വിമർശനത്തെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ. പിതാവിനെ കാണാൻ വരാത്തവരോട് പരാതിയില്ലെന്ന് മുഹമ്മദ് നിസാർ പറയുന്നു.
എല്ലാവരും വന്നിട്ടുണ്ട്. ഓരോരുത്തർ ഓരോരുത്തരുടെ സമയത്തിനനുസരിച്ച് വന്നു. പലർക്കും പല തിരക്കുകളാണ്. അന്ന് നികേഷ് കുമാറിന്റെ ലൈവ് പ്രോഗ്രാം ഉണ്ടായിരുന്നു. നാലഞ്ച് പേർ ഇരുന്ന് ചർച്ചയിൽ സംസാരിക്കുന്നു. നിസാർ പറയൂ എന്ന് എന്നോട് നികേഷ് കുമാർ പറഞ്ഞു.
എന്താണ് മോഹൻലാലും മമ്മൂട്ടിയും വരാതിരുന്നതെന്ന് ചോദിച്ചു. നികേഷ് കുമാറിന് ഉപ്പയുമായി നല്ല ബന്ധമായിരുന്നു. ഒന്ന് രണ്ട് തവണ ഇന്റർവ്യൂവിന് വേണ്ടി സംസാരിച്ചെങ്കിലും രണ്ട് പേർക്കു സമയം ഒത്ത് വരാത്തത് കാരണം നടന്നില്ല. നികേഷ് കുമാറിന്റെ അച്ഛൻ എംവിആറുമായി അത്രയും അടുത്ത ബന്ധമുണ്ടായിരുന്നു. കുടുംബ ബന്ധം പോലെ. അതൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
അതിന് ശേഷമാണ് നികേഷേട്ടൻ മമ്മൂട്ടിയും മോഹൻലാലും വരാത്ത പരാതിയൊക്കെ പറയുന്നത്. അയാൾക്ക് തിരക്കായിരിക്കും എന്നൊക്കെ ചർച്ചയിൽ ഞാൻ പറയുന്നുണ്ട്. മോഹൻലാൽ അന്ന് ജപ്പാനിലോ മറ്റോ ആണ്. എല്ലാവരും വരണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല.
അവസാനം ഗതികെട്ടപ്പോൾ നികേഷേട്ടാ ഉപ്പയുമായി എന്താണ് ബന്ധമെന്ന് ചോദിച്ചു. നല്ല ബന്ധമാണെന്ന് പറഞ്ഞു. നേരത്തെ എന്നോട് പറഞ്ഞതെല്ലാം ഞാൻ ചർച്ചയിൽ പറയിപ്പിച്ചു. നിങ്ങൾ എന്താണ് ഉപ്പയെ കാണാൻ വരാതിരുന്നതെന്നും ചോദിച്ചു. അത് പറയൂ എന്നിട്ട് മുന്നോട്ട് പോകാമെന്ന് പറഞ്ഞു. എന്നാൽ നികേഷ് കുമാർ അടുത്തയാളിലേക്ക് ചർച്ച കൊണ്ട് പോയെന്ന് മുഹമ്മദ് നിസാർ ഓർത്തു.
അവർക്ക് വരാൻ പറ്റിയില്ല. എന്നിട്ടാണ് മമ്മൂട്ടിയും മോഹൻലാലും വരാത്തത് കുത്തി ചോദിക്കുന്നത്. ഉപ്പയെ സിനിമാ ലോകം അവഗണിച്ചിട്ടില്ല. അദ്ദേഹം കുറേക്കാലം സിനിമയിൽ അഭിനയിച്ചു. അതിന്റെ പൈസ കിട്ടി. അഡ്രസായി. ഞങ്ങൾക്ക് ഇങ്ങനെ ഇരുന്ന് സംസാരിക്കാനായി.
അതൊക്കെ മലയാള സിനിമ തന്നതാണ്. അതിനാൽ മരിച്ചപ്പോൾ വരാത്തതിൽ പരാതി പറയാനാകില്ലെന്നും മുഹമ്മദ് നിസാർ വ്യക്തമാക്കി. പിതാവിന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മനദ് നിസാറും. ഒരുമ്പെട്ടവൻ എന്ന പുതിയ ചിത്രത്തിൽ ഒരു വേഷം മുഹമ്മദ് നിസാർ ചെയ്തിട്ടുണ്ട്.
#mamukkoya #son #muhammadnizar #says #cinema #world #didnt #ignored #his #father