(moviemax.in) പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ സന്ധ്യ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഒരുങ്ങി ഹൈദരാബാദ് പൊലീസ്.
തിയറ്റര്‍ അധികൃതര്‍ക്ക് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പത്ത് ദിവസത്തിനകം തിയറ്റര്‍ അധികൃതര്‍ കാരണം ബോധിപ്പിക്കണം.
മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിസംബര്‍ നാലിന് രാത്രി നടന്ന സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ഹൈദരാബാദ് പൊലീസ്.
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്‌നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും.
ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. രേവതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അല്ലു രംഗത്തെത്തി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അല്ലു അറിയിച്ചു.
#Woman #dies #Pushpa2 #release #day #police #ready #cancel #license #Sandhya #Theatre