ചില അത്ഭുതങ്ങൾ ലോക അവസാനം വരെ നിലനിൽക്കാറുണ്ട്. ആ അത്ഭുതങ്ങളിൽ ഒന്നായാണ് സംഗീതപ്രേമികൾ വയലിൻ ഇതിഹാസം ബാലഭാസ്കറിനെ കാണുന്നത്. വിട്ടു പിരിഞ്ഞിട്ടും ഓരോരുത്തരുടെയും മനസിൽ ആറ് വർഷത്തിലേറെയായി ഒരു വിങ്ങലായി അദ്ദേഹത്തിന്റെ സംഗീതം നിലകൊള്ളുന്നു.
ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേർത്ത് പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഇന്നും ഒരു വിങ്ങലോടെ മാത്രമെ മലയാളികൾക്ക് ഓർക്കാൻ കഴിയൂ.
അതേസമയം ഒരുപാട് ദുരൂഹതകൾ അവശേഷിപ്പിച്ച ഒന്ന് കൂടിയായിരുന്നു ബാലഭാസ്കറിന്റെ മരണം. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമയുർന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിരുന്നു.
ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകം തന്നെയാണെന്നുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇപ്പോഴും വിശ്വസിക്കുന്നത്. അതേസമയം ഇപ്പോഴിതാ ബാലഭാസ്കറിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ ശാന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ബാലഭാസ്‌കറിന്റെ കൂടെ കൂടിയവർ ആരും തന്റെ മകനോടോ അവൻ കൊണ്ടുനടക്കുന്ന കലയോടോ സ്നേഹമോ ആത്മാർത്ഥതയോ ഉള്ളവരായിരുന്നില്ലെന്നും പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് തന്റെ മകനെ അവർ കണ്ടിരുന്നതെന്നുമാണ് അമ്മ ശാന്ത കഴിഞ്ഞ ദിവസം ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എപ്പോഴും മകന്റെ നന്മ മാത്രം ആഗ്രഹിച്ചിരുന്ന അമ്മയായിരുന്നു താനെന്നും ബാലുവിന്റെ അമ്മ ശാന്ത പറയുന്നു.
അവന്റെ ജീവിതത്തിൽ അമ്മ ഒരു ദുഷ്ട കഥാപാത്രമായിരുന്നില്ല. എപ്പോഴും അവന്റെ നന്മ മാത്രമാണ് ആഗ്രഹിച്ചത്. വിവാഹം കഴിഞ്ഞ് പോയപ്പോൾ പോലും അവൻ അനുഭവിക്കട്ടേയെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. ഇരുപത്തിരണ്ടാമത്തെ വയസിൽ അവനെ പെട്ടന്നൊരു കല്യാണം കഴിപ്പിച്ചിട്ട് അവർക്ക് എന്ത് ചെയ്യാനായിരുന്നു..? എനിക്ക് മനസിലായില്ല. എന്തെങ്കിലും ദുരുദ്ദേശത്തോടെയാകും ചെയ്തതെന്ന് ഇപ്പോൾ തോന്നുന്നു.
അവനെ കൊണ്ട് നടന്നിട്ട് എന്തെങ്കിലും കാര്യം അവർക്ക് ചെയ്യണമായിരുന്നിരിക്കും. വിവാഹശേഷം വീട്ടിലോട്ട് വരട്ടേയെന്ന് അവൻ ചോദിച്ചിരുന്നു. ഞങ്ങളുടെ മോളുടെ അവസ്ഥ അവനോട് ഞങ്ങൾ പറഞ്ഞു. പിന്നെ ആർക്കും അംഗീകരിക്കാൻ പറ്റാത്ത ബന്ധമായതുകൊണ്ട് പറ്റില്ലെന്നും ഞങ്ങൾ പറഞ്ഞു. വേറെ ആരോ ബാലുവിനെ കൊല്ലുമെന്ന് പറഞ്ഞിരുന്നു. കോളേജിൽ അന്വേഷിച്ചൊക്കെ ചെന്നിരുന്നുവത്രെ. അത് അവളുടെ പഴയ കാമുകനായിരുന്നുവത്രെ.
ഒരു സിനിമാ കഥപോലെയാണ് സംഭവങ്ങളെല്ലാം നടന്നത്. അവനും ഭാര്യയ്ക്കും താമസിക്കാൻ വേണ്ടി വീട് അന്വേഷിച്ചത് അച്ഛനാണ്. അച്ഛനാണ് വാടക വീട് ഒപ്പിച്ച് കൊടുത്തത്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി കൊടുത്തു. അവന് അസുഖം വരുമ്പോൾ അച്ഛനാണ് ചികിത്സിക്കാൻ കൊണ്ടുപോയിരുന്നത്. വീട്ടിലിരിക്കുന്ന ഞങ്ങളുടെ മകൾക്ക് ഞാൻ കാവലും പുറത്ത് പോയ അവന് അച്ഛൻ കാവലും എന്ന രീതിയിലായിരുന്നു ഞങ്ങൾ. ഞാൻ ഒന്നിനും എതിരായിരുന്നില്ല.
വീട്ടിൽ വരാറുണ്ടായിരുന്നു അവനും ഭാര്യയും. പിന്നീട് വരുമാനം കൂടിയപ്പോൾ അവൻ വീടും വാഹനങ്ങളും വെച്ച് ആഡംബര ജീവിതത്തിലേക്ക് പോയി. അത് തന്നെ ഞങ്ങൾക്ക് ഒരു ഭയമായിരുന്നു. അവൻ ഒരുപാട് പേർക്ക് പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. പിന്നെ അവന് സംഭവിച്ച അപകടത്തിൽ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് പറയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ആരും ശരിയായിരുന്നില്ല.
അവന്റെ കൂടെ കൂടിയവർ ആരും അവനോടോ അവൻ കൊണ്ടുനടക്കുന്ന കലയോടോ സ്നേഹമോ ആത്മാർത്ഥതയോ ഉള്ളവരായിരുന്നില്ല. പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് കണ്ടിരുന്നത്. അവന്റെ പേരും പണവും എല്ലാവർക്കും പ്രയോജനമായിരുന്നു. ഞങ്ങളുമായി അവന് വലിയ ബന്ധം പാടില്ലെന്ന് അവനൊപ്പമുള്ളവർക്ക് ഉണ്ടായിരുന്നു.
സഹോദരനും സഹോദരിയും തമ്മിൽ കാണാറുണ്ടായിരുന്നില്ല. അതിനും ആരെങ്കിലും തടസം വെച്ചിട്ടുണ്ടാകും. എന്നെ അച്ഛനെക്കാൾ മനസിലാക്കിയിരുന്ന മോനാണ് ബാലു. അവന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം അവന്റെ കൂട്ടുകാർ കാരണം സംഭവിച്ചതാണ്. പിന്നീട് തനിക്കൊപ്പമുള്ളവർക്ക് ആത്മാർത്ഥതയില്ലായിരുന്നുവെന്ന് അവന് മനസിലായി. പക്ഷെ തന്നെ അനുഭവിച്ചു.
ലക്ഷ്മിയെ ബാലുവിന് പരിചയപ്പെടുത്തി കൊടുത്തയാളും ബാലുവിന്റെ വിവാഹം നടത്തി കൊടുത്ത ഇഷാൻ ദേവുമെല്ലാം ഒരു കാലത്ത് അവനോട് പിണക്കത്തിലായിരുന്നു. പിന്നീട് ഇവർ എങ്ങനെ കൂട്ടുകൂടിയെന്ന് അറിയില്ല. എന്തിന് വേണ്ടി കൂടിയെന്നും അറിയില്ല. എല്ലാത്തിനും കാരണമായ സുഹൃത്ത് വലയമാണ് അവന് ഉണ്ടായിരുന്നതെന്നും അമ്മ ശാന്ത പറയുന്നു.
#late #violinist #balabhaskars #mother #santhakumari #openup #about #balabhaskar #friends #circle #issues