മലയാളികളുടെ മനസില്‍ ഇന്നും തീരാനോവാണ് വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെ മരണം. 2018 സെപ്തംബര്‍ 25 നായിരുന്നു താരത്തിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ മകള്‍ സംഭവസ്ഥലത്തു വച്ചും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെടുന്നത്.
അതേസമയം ബാലഭാസ്‌കറിന്റെ മരണശേഷം ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വലിയ വിവാദങ്ങളിലേക്ക് എത്തി. മരണത്തല്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്ന് മരണം പൊലീസും ക്രൈം ബ്രാഞ്ചും ഒടുവില്‍ സിബിഐയും അന്വേഷിക്കുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ബാല ഭാസ്‌കറിന്റെ മരണം കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ സികെ ഉണ്ണി.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇതുവരേയും തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല. എങ്ങും തൊടാത്ത റിപ്പോര്‍ട്ടാണ് സിബിഐ നല്‍കിയത്. കള്ളക്കടത്ത് സംഘത്തിന്റെ സമ്മര്‍ദ്ധത്തിന് സിബിഐും വഴങ്ങിയെന്നാണ് പിതാവ് ആരോപിക്കുന്നത്. പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഉണ്ണിയുടെ പ്രതികരണം.
ബാലഭാസ്‌കറിനെ കൊന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് പിതാവ് പറയുന്നത്. അര്‍ജുന്‍ നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. അര്‍ജുന്റെ പേരില്‍ എടിഎം കവര്‍ച്ച, ഭവനഭേദന കേസ് തുടങ്ങിയവ ഉണ്ടായിരുന്നു. എല്ലാം അറിയുന്നത് അപകടമുണ്ടായ ശേഷമാണെന്നാണ് ഉണ്ണി പറയുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും പിതാവ് ആരോപിക്കുന്നുണ്ട്.
അതേസമയം ബാലഭാസ്‌കറിന്റെ ലക്ഷ്മിയുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ലെന്നും ഉണ്ണി പറയുന്നുണ്ട്. ലക്ഷ്മി തങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് ഉണ്ണി പറയുന്നത്.
''ലക്ഷ്മിയുമായി യാതൊരു കോണ്ടാക്ടും ഇല്ല. അവര്‍ ഞങ്ങളെ ബോയ്‌ക്കോട്ട് ചെയ്തിരിക്കുകയാണ്. അവര്‍ ഞങ്ങളോട് സംസാരിക്കുകയോ വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ ചെയ്യില്ല. എന്താണ് കാരണമെന്ന് അറിയില്ല. അതിനാല്‍ അവരെ ഇപ്പോള്‍ വിളിക്കാറുമില്ല. അവര്‍ക്ക് നമ്മളോട് സംസാരിക്കാന്‍ താല്‍പര്യമില്ല.'' എന്നാണ് അദ്ദേഹം പറയുന്നത്. വഴക്കൊന്നും ഉണ്ടായിട്ടില്ല ഞങ്ങള്‍ തമ്മില്‍. എതിര്‍പ്പുണ്ടാകേണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
#lakshmi #is #not #speaking #us #dont #know #why #says #father #balabhaskar