ഉറക്കത്തിന് ഒരു മത്സരമുണ്ടായിരുന്നെങ്കില്‍ ഞാനൊക്കെ എന്നേ സമ്മാനമടിച്ചേനെ എന്ന മട്ടിലുളള പലരേയും പരിചയമില്ലേ? അങ്ങനെ ഉറങ്ങിയുറങ്ങി ഒന്‍പത് ലക്ഷം രൂപ സമ്മാനം നേടിയിരിക്കുകയാണ് ബെഗളൂരു സ്വദേശിയായ സായീശ്വരി പാട്ടീല്‍.
സംഭവം എന്താണെന്ന് മനസിലായില്ലല്ലേ...! എങ്കിൽ തുടർന്ന് വായിച്ചോളൂ....
ബെംഗളൂരുവില്‍ ഇന്‍വെസ്റ്റ് ബാങ്കറായി പ്രവര്‍ത്തിക്കുകയാണ് സായീശ്വരി പാട്ടീല്‍. സ്ലീപ് ചാമ്പ്യന്‍ പട്ടം നേടിയാണ് ഇത്രയും വലിയ തുക സായീശ്വരി സ്വന്തമാക്കിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേക്ക്ഫിറ്റ് എന്ന സ്റ്റാര്‍ട്ടപ്പ് സംഘടിപ്പിച്ച സ്ലീപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാമത്തെ സീസണിലാണ് മറ്റ് പതിനൊന്ന് പേരെ മറികടന്ന് സായീശ്വരി ചാമ്പ്യനായത്.
ഉറക്കത്തിന് പ്രഥമപരിഗണന നല്‍കുകയും എന്നാല്‍ മറ്റ് ഉത്തരവാദിത്വങ്ങളും ജോലി സമ്മര്‍ദ്ദവും കാരണം ശരിയായ രീതിയില്‍ ഉറങ്ങാന്‍ സാധിക്കാത്തതുമായ വ്യക്തികള്‍ക്ക് വേണ്ടിയാണ് വേക്ക്ഫിറ്റ് ഈ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ തുടര്‍ച്ചയായി രാത്രിസമയം ഉറങ്ങേണ്ടതുണ്ട്. കൂടാതെ, പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് പകല്‍സമയത്ത് 20 മിനിറ്റ് നീളുന്ന ചെറുമയക്കവുമാകാം.
ഇവരുടെ ഉറക്കത്തിന്റെ രീതികള്‍ കൃത്യമായി വിലയിരുത്തിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. ഓരോ ഇന്റേണിനും മികച്ച നിലവാരമുള്ള കിടക്ക നല്‍കും. കൂടാതെ എല്ലാവരും ഒരു സ്ലീപ് ട്രാക്കര്‍ ധരിക്കേണ്ടതുമുണ്ട്.
ഇന്റേണ്‍സിനായി സ്ലീപ് മെന്റേഴ്‌സിന്റെ സെഷനുകളുമുണ്ട്. ഉറക്കം കുറയുന്നതുമൂലം ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ശാരീരിക, മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
നല്ല ഉറക്കക്കാരാകാന്‍ നല്ല അച്ചടക്കം വേണമെന്നാണ് സായീശ്വരി പറയുന്നത്. കൃത്യമായ വിധത്തില്‍ ഉറക്കം ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും സായീശ്വരി പറയുന്നു. ഈ പ്രോഗ്രാമില്‍ പങ്കെടുത്തതിലൂടെ ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതായും സായീശ്വരി പറഞ്ഞു.
#If #there #competition #sleep #young #woman #won #nine #lakh #rupees #prize #Here's #what #happened...