(moviemax.in)ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് ഓണാഘോഷമാണ്. സോഷ്യൽ മീഡിയ മുഴുവനും താരങ്ങളുടെയും സാധാരണക്കാരുടെയും ഓണാഘോഷ ചിത്രങ്ങളാണ്. ടെലിവിഷൻ ഷോകളിൽ പ്രത്യേക അതിഥികളെത്തുന്നു.
എങ്ങും ആഘോഷമാണെങ്കിലും കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇത് സാധാരണ ദിവസമാണ്. വീട്ടിൽ ഓണാഘോഷങ്ങൾ ചിത്ര നടത്താറില്ല. മകളെക്കുറിച്ചുള്ള ഓർമകളിലാണ് ഓണക്കാലത്തും ചിത്ര.
ഓണാഘോഷമില്ലാത്തതിനെക്കുറിച്ച് കെഎസ് ചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല. വീട്ടിൽ സദ്യയുണ്ടാക്കാറില്ല.
ഒരു ഒഴിക്കുന്ന കറിയും രണ്ട് അല്ലാത്ത കറികളും വെക്കും. പക്ഷെ ചേച്ചിയുടെയും അനിയന്റെയും വീട്ടിൽ നിന്ന് കറികൾ കൊടുത്തയക്കും. അത് ഒരു ഓണമാകും. അത്രയേയുള്ളൂ. അല്ലാതെ ഓണാഘോഷങ്ങൾ തനിക്കില്ലെന്നും കെഎസ് ചിത്ര പറയുന്നു.
കുട്ടിക്കാലത്തെ ഓർമകളാണ് ഓണമെന്ന് പറയുമ്പോൾ തന്റെ മനസിലെന്നും ചിത്ര വ്യക്തമാക്കി.കരിയറിലെ തിരക്കേറിയ സമയത്തെ ഓണക്കാലത്തെക്കുറിച്ചും കെഎസ് ചിത്ര സംസാരിച്ചു.
തിരക്ക് പിടിച്ച് നടക്കുമ്പോൾ ഓണപ്പാട്ടുകൾ വരുമ്പോഴാണ് ഓണമെത്തിയെന്ന് ആലോചിക്കുന്നത്. ഓണത്തിന് ഭക്ഷണം പോലും കിട്ടാതിരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
ഒരിക്കൽ ദുബായ് എയർപോർട്ടിലായിരുന്നു ഞങ്ങളുടെ ഓണം. ബസുമതി റൈസും തൈരും മാത്രം അന്ന് ഞാൻ കഴിച്ചു. ഓണാഘോഷം കാണാൻ ഇഷ്ടമാണ്. ടിവിയിൽ വരുന്ന വ്യത്യസ്തമായ ഷോകൾ കാണുന്നതാണ് പതിവെന്നും കെഎസ് ചിത്ര വ്യക്തമാക്കി.
2011 ഏപ്രിൽ 11 നാണ് ചിത്രയുടെ മകൾ നന്ദന മരിച്ചത്. ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു മരണം. മാനസികമായ തകർന്ന് പോയ ചിത്രയ്ക്ക് ഏറെ നാളുകൾക്ക് ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചെത്താനാകുന്നത്.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2002 ൽ ചിത്രയ്ക്ക് മകൾ പിറന്നത്. കാത്തിരുന്ന് ലഭിച്ച മകളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഏവരെയും വിഷമിപ്പിച്ചു.അടുത്തിടെയും മകളുടെ ഓർമ ദിനത്തിൽ കെഎസ് ചിത്ര തന്റെ വിഷമം പങ്കുവെച്ചു.
നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മൾ വിട്ട് പിരിഞ്ഞിട്ടില്ല. ഞാൻ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തിൽ ജീവിക്കും, എന്നാണ് മകളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ചിത്ര ഫേസ്ബുക്കിൽ കുറിച്ചത്.
നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാത്തതിനെക്കുറിച്ച് ചിത്ര നേരത്തെ സംസാരിച്ചിട്ടുണ്ട്.ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം നടത്തണം.
അതുവരെ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്നറിയില്ല. അതുകൊണ്ടാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര അന്ന് വ്യക്തമാക്കി. 61 കാരിയായ ചിത്ര പിന്നണി ഗാന രംഗത്ത് ഇപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. റിയാലിറ്റി ഷോകളിൽ വിധികർത്താവായും ചിത്രയെത്തുന്നു.
വിഷമഘട്ടങ്ങളിൽ എന്നും ചിത്രയ്ക്ക് തുണയായത് സംഗീതമാണ്. ഈ പ്രായത്തിലും ചിത്രയുടെ സ്വര മാധുര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ആരാധകർ പറയാറുണ്ട്.
#Onam #not #celebrated #after #daughter #leaves #brothers #send #curries #Chitra #says