എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടുണ്ട് അല്ലേ? എന്നാൽ, എലിയെ പേടിച്ച് വീട് തന്നെ ഉപേക്ഷിച്ച് പോകേണ്ടി വരുന്ന അവസ്ഥ എന്ത് ഭീകരമായിരിക്കും. അതാണ് ഇവിടെ സംഭവിച്ചത്.
ബ്രിസ്റ്റോളിനടുത്തുള്ള പക്കിൾചർച്ചിലെ താമസക്കാരനായ 42 -കാരൻ ഡേവിഡ് ഹോളാർഡാണ് വീട് ഉപേക്ഷിച്ചില്ലെങ്കിൽ രക്ഷയില്ല എന്ന അവസ്ഥയിൽ നിൽക്കുന്നത്.
നാട്ടുകാരെ മാത്രമല്ല കീടനിയന്ത്രണത്തിനെത്തുന്നവരെയും ഈ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പം താമസിക്കുന്ന ഹോളാർഡ്, 2020 ജൂണിലാണ് എലി ശല്ല്യത്തിന്റെ ലക്ഷണങ്ങൾ ആദ്യം ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാൽ, മൂന്നുമാസം മുമ്പാണ് സ്ഥിതിഗതികൾ കൈവിട്ട അവസ്ഥയിലാണ് എന്ന് അദ്ദേഹം മനസിലാക്കുന്നത്.
തുടക്കത്തിൽ അയൽവക്കത്തെ പറമ്പിൽ നിന്നാണ് എലികൾ വരുന്നത് എന്ന് കരുതിയ ഹോളാർഡ് എലിശല്ല്യത്തെ കുറിച്ച് അവരോട് പറഞ്ഞിരുന്നു. എന്നാൽ, നടപടിയായില്ല. അധികം വൈകാതെ എലിശല്ല്യം രൂക്ഷമായി. വീട്ടിൽ എവിടെയും എലി കയറിയതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രാത്രികളിൽ മേൽക്കൂര കരളുന്നതിന്റെ ശബ്ദവും കേട്ട് തുടങ്ങി.
അധികം വൈകാതെ പ്രശ്നം അതീവരൂക്ഷമായി. അടുക്കളയുടെ മേൽക്കൂര കേടുവരുത്തി, ജലവിതരണം തടസപ്പെടുത്തി, ആറ് തവണ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നത് വരെയും എത്തി കാര്യങ്ങൾ.
പ്രൊഫഷണലായി ഇവയെ നീക്കം ചെയ്യുന്നവരെ വിളിച്ചതിലും ഇലക്ട്രീഷ്യന്മാർക്ക് നൽകിയതിലും ഒക്കെയായി ഒരുലക്ഷത്തിലധികം രൂപ ചെലവഴിച്ചു. എന്നിട്ടും എലികൾ മാത്രം പോയില്ല. എലികളെ തടയുന്നതിന് അടുക്കളയുടെ ഭാഗങ്ങൾ പോലും ഹോളാർഡ് പൊളിച്ചു മാറ്റിയിരുന്നു.
വീട് സുരക്ഷിതമല്ല എന്ന് മനസിലാക്കിയതിന് പിന്നാലെ മക്കളിൽ മൂന്നുപേരെ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് അയക്കേണ്ടി വന്നു ഹോളാർഡിന്. അത് മാത്രമല്ല, എലികൾ കേടാക്കിയ സാധനങ്ങൾ നന്നാക്കുന്നതിനും പകരം പുതിയത് വാങ്ങുന്നതിനും ഒക്കെയായി വലിയ ചിലവാണ് ഹോളാർഡിന് വന്നിരിക്കുന്നത്.
വിദഗ്ധർ പറയുന്നത് പുറത്ത് വലിയ ചൂടായത് കാരണം തണുപ്പ് തേടിയാകണം ഇവ അകത്തെത്തിയത് എന്നാണ്. എന്തായാലും, എലികളുടെ ശല്ല്യം കാരണം ഈ വീടുവിറ്റ് എവിടെയെങ്കിലും പോവുകയാണ് എന്നാണ് ഇപ്പോൾ ഹോളാർഡ് പറയുന്നത്.
#rat #invade #home #man #forced #sell #house