Aug 10, 2024 04:07 PM

ട്രെൻഡ് ആയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നത് പോലെ തന്നെ മൊബൈൽ ഫോണുകൾ ആക്‌സസറൈസ് ചെയ്യുന്നത് ഇക്കാലത്തെ ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു.

ഇതിന്‍റെ ഭാഗമായി അമ്പരപ്പിക്കുന്ന ഡിസൈനുകളിലുള്ള ഫോൺ കവറുകൾ മുതൽ പോപ്പ് സോക്കറ്റുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ട്രെൻഡിംഗിന്‍റെ ഭാഗമായി പലരും വിചിത്രമായ കാര്യങ്ങൾ ചെയ്യുന്നതും ഇപ്പോൾ സാധാരണമാണ്. അത്തരത്തിലൊരു വിചിത്രമായ പ്രവർത്തി ചെയ്ത യുവതിക്കെതിരെ മൃഗസംരക്ഷണ സംഘടനയായ പെറ്റ (PETA) രംഗത്തെത്തി.

മൊബൈൽ ഫോൺ കവർ അലങ്കരിക്കുന്നതിന്‍റെ ഭാഗമായി ജീവനുള്ള ഉറുമ്പുകളെ തന്നെ യുവതി മൊബൈല്‍ കവറിനുള്ളിൽ നിറക്കുകയായിരുന്നു.

അടുത്തിടെ വൈറലായ ഒരു വീഡിയോയിലൂടെയാണ് ജീവനുള്ള ഉറുമ്പുകളെ ഉപയോഗിച്ച് കൊണ്ടുള്ള യുവതിയുടെ ഫോൺ കവർ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായത്.

വീഡിയോയിൽ ഒരു സ്ത്രീ ബെഞ്ചിലിരുന്ന് ഫോൺ വിളിക്കുന്നത് കാണാം. തുടർന്ന് അവരുടെ ഫോൺ സൂം ചെയ്യുമ്പോഴാണ് സുതാര്യമായ ഫോൺ കവറിനുള്ളിൽ വലിയൊരു ഉറുമ്പിൽ കൂട്ടം തന്നെ നടക്കുന്നത് കാണാൻ കഴിയുക.

ഈ സ്ത്രീക്ക് അവളുടെ ഫോൺ കവറിനുള്ളിൽ സ്വന്തമായി ഒരു 'ഉറുമ്പ് ഫാമുണ്ട്' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ 13 മില്യൺ കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് താഴെ പെറ്റയും പ്രതികരണവുമായി എത്തി.

ഉറുമ്പുകൾ ജീവനുള്ളതാണെങ്കിൽ ഈ കാഴ്ച ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു എന്നായിരുന്നു പെറ്റ കുറിച്ചത്. യുവതിയുടെ പ്രവർത്തി ക്രൂരമാണെന്നും ആളുകളുടെ ശ്രദ്ധ നേടാൻ ദയവു ചെയ്ത് മിണ്ടാ പ്രാണികളെ ഉപദ്രവിക്കരുതെന്നും നിരവധി പേർ കുറിച്ചു.

ഉറുമ്പുകളെ ഒന്നിച്ചിട്ട് വളർത്തുന്നതിനെ 'ഫോർമികാരിയം' എന്നാണ് വിളിക്കുന്നത്. ഉറുമ്പ് കോളനികളുടെ സ്വഭാവം പഠിക്കാനും ഉറുമ്പുകളെ വളർത്തു മൃഗങ്ങളായി സൂക്ഷിക്കുന്നത് മനസ്സിലാക്കാനും പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇത്.

ഇങ്ങനെ ചെയ്യുമ്പോൾ ഈ ഉറുമ്പുകൾക്ക് ഭക്ഷണം നൽകുകയും അവയുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ വായു സഞ്ചാരം ഉറപ്പാക്കുകയും ചെയ്യും.

#live #antcolony #inside #mobilecover #Socialmedia #woman

Next TV

Top Stories










News Roundup