ദേവദൂതൻ വീണ്ടും റിലീസിനെത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് മൊഹൻലാൽ. ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ദേവദൂതനെന്നും സിനിമയുടെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിങ്ങനെ എല്ലാവരെയും ഈ വേദിയില്‍ ഓര്‍ക്കുന്നുവെന്നും നടൻ പറഞ്ഞു. കലൂർ ഗോകുലം പാർക്കിൽ വച്ചു നടന്ന ദേവദൂതന്റെ ട്രെയ്‍ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഫിലിമില്‍ ചിത്രീകരിച്ച ഒരു സിനിമയാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം യാതൊരു കേടും കൂടാതെ ഇത് എങ്ങനെ കിട്ടി എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പഴയ പല ലാബുകളും ഇപ്പോള്‍ ഇല്ല. അല്ലെങ്കില്‍ ഫിലിം റോളുകള്‍ കാലാന്തരത്തില്‍ നശിച്ചുപോയിട്ടുണ്ടായിരിക്കും.
ഈ സിനിമയ്ക്ക് ഒരു ഭാഗ്യമുണ്ടായി. വീണ്ടും റിലീസിനെത്തുന്നു. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നതാണ് 'ദേവദൂതന്റെ' ടാഗ് ലൈന്‍. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ടെന്ന്.
ഒരു നടനെന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലാണ്. സിനിമയുടെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിങ്ങനെ എല്ലാവരെയും ഈ വേദിയില്‍ ഓര്‍ക്കുന്നു. ഈ സിനിമ എന്തുകൊണ്ട് അന്നത്തെ കാലത്ത് ഓടിയില്ല എന്ന് ചോദിക്കുമ്പോള്‍, കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊന്നും ഞാന്‍ പറയുന്നില്ല.
ഒരുപക്ഷേ ആ സിനിമയുടെ അര്‍ത്ഥം അന്ന് ആളുകളില്‍ എത്താത്തതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ മറ്റു സിനിമകള്‍ക്കൊപ്പം ഇറങ്ങിയിതുകൊണ്ടുമാകാം. ഒരുപാട് നല്ല സിനിമകള്‍ ഓടാതിരുന്നിട്ടുണ്ട്. ക്യാമറ, സംഗീതം എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും വേറിട്ട് നില്‍ക്കുന്നതാണ് 'ദേവദൂതന്‍'.
എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ് സിബി. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' മുതലുള്ള പരിചയമാണ്. 'സദയം', 'ദശരഥം' എന്നിങ്ങനെ ഒട്ടേറെ നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ്. 'ദേവദൂതന്‍' ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ആഗ്രഹിച്ച ആ മനസിന് നന്ദി', മോഹൻലാൽ കൂട്ടിച്ചേർത്തു.
#mohanlal #on #devadoothan #movie #memories #trailer #launch #pressmeet