(moviemax.in)സംവിധാന രംഗത്ത് അൽഫോൻസ് പുത്രനോളം ആഘോഷിക്കപ്പെട്ടവർ മലയാളത്തിൽ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. പ്രേമം എന്ന സിനിമയിലൂടെ വൻ ജനപ്രീതിയാണ് അൽഫോൻസ് പുത്രൻ നേടിയത്. എന്നാൽ പിന്നീട് കരിയറിൽ വലിയ ഇടവേള ഇദ്ദേഹത്തിന് വന്നു.
പിന്നീട് ചെയ്ത ഗോൾഡ് എന്ന സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അൽഫോൻസ് പുത്രൻ. കുമുദം എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ പോയി റിക്കവർ ആയി. ഇപ്പോൾ സിനിമ ചെയ്യാൻ തയ്യാറാണെന്നും അൽഫോൻസ് പുത്രൻ വ്യക്തമാക്കി. പ്രേമത്തിലെ കാസ്റ്റിംഗിനെക്കുറിച്ച് അൽഫോൻസ് പുത്രൻ സംസാരിച്ചു. വിനയ് ഫോർട്ട് ചെയ്ത കഥാപാത്രത്തിലേക്ക് പലരെയും തേടി.
ആർക്കും ഓഡിഷന് താൽപര്യമുണ്ടായില്ല. ചെമ്പൻ വിനോദിനെ വിളിച്ചപ്പോൾ ഓഡിഷന് ഞാൻ വരില്ലെന്ന് പറഞ്ഞു.അദ്ദേഹം വിചാരിച്ചത് അദ്ദേഹത്തെ ടെസ്റ്റ് ചെയ്യാൻ വിളിക്കുകയാണെന്നാണ്. എന്നാൽ ലുക്ക് ടെസ്റ്റിനാണ് വിളിച്ചത്. പിന്നീട് ഗോൾഡിൽ അഭിനയിച്ചപ്പോൾ ഇക്കാര്യം പറഞ്ഞു. നീ ലുക്ക് ടെസ്റ്റിനായിരുന്നോ വിളിച്ചതെന്ന് ചോദിച്ച് ചിരിച്ചു.
വിനയ് ഫോർട്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടുണ്ട്. ലുക്ക് ടെസ്റ്റും ഓഡിഷനും ഒരുപാട് ചെയ്തിട്ടുണ്ട്. മൂന്ന് നാല് വിധത്തിൽ വിനയ് ഫോർട്ട് അഭിനയിച്ച് കാണിച്ചു. ഓഡിഷനിൽ വന്നതാണ്. സായ് പല്ലവിയും ഓഡിഷനിലാണ് വന്നത്. മഡോണയും അനുപമ പരമേശ്വരനും ഓഡിഷനിലൂടെ വന്നതാണ്.
ഓഡിഷൻ ചെയ്ത് വിട്ട പലരും പിന്നീട് വലിയ ആളുകളായി. രജിഷ വിജയനെ പ്രേമത്തിൽ ഞങ്ങൾ സെലക്ട് ചെയ്തതാണ്. പക്ഷെ മൂന്ന് ക്യാരക്ടർ നേരത്തെ തീരുമാനിച്ചു. അതിനാൽ രജിഷ വിജയനെ പ്രേമത്തിലേക്ക് കൊണ്ട് വരാനായില്ലെന്നും അൽഫോൻസ് പുത്രൻ വ്യക്തമാക്കി.
മലർ എന്ന കഥാപാത്രത്തിലേക്ക് ആദ്യം അസിനായിരുന്നു വരേണ്ടിയിരുന്നത്. നിവിൻ പോളി സംസാരിക്കാമെന്ന് പറഞ്ഞതാണ്. മട്ടാഞ്ചേരി ബേസ് ചെയ്താണ് ആ ക്യാരക്ടർ എഴുതിയിരുന്നത്. അത് നടക്കാതായതോടെ തമിഴ് ക്യാരക്ടറായി മാറ്റി. അതിന് ശേഷമാണ് സായ് പല്ലവിയെ ഓഡിഷൻ ചെയ്തത്.
ഞങ്ങൾ അഞ്ച് പേർ കോയമ്പത്തൂരിലെ അവരുടെ വീട്ടിൽ പോയി ഓഡിഷൻ ചെയ്യുകയായിരുന്നെന്നും അൽഫോൻസ് പുത്രൻ ഓർത്തു.ഗോൾഡ് എക്സ്പിരിമെന്റലായാണ് ചെയ്തത്. അത് പ്രേക്ഷകരിലേക്ക് റീച്ചാവാൻ സമയമാകും. പൃഥിരാജ് മൂന്ന് പേജ് ഡയലോഗെല്ലാം കൊടുത്താൽ പറയും.
ഗോൾഡിൽ ഒരു ഭാഗം ഡയലോഗ് മുഴുവൻ പറയിപ്പിച്ചു. ഷോട്ട് മെല്ലെയാണ് പോകുന്നത്. അഭിനയത്തിൽ അദ്ദേഹം എത്രത്തോളം ആഴ്ന്നിറങ്ങി അഭിനയിക്കുന്നു എന്നാണ് നോക്കിയത്. ആ പരീക്ഷണം പലരും ഗൗനിച്ചില്ല. ലാഗാണ് എന്ന് പറഞ്ഞു. അത് സിനിമയുടെ ട്രീറ്റ്മെന്റാണെന്നും അൽഫോൻസ് പുത്രൻ ചൂണ്ടിക്കാട്ടി.
തമിഴിലെ സൂപ്പർതാരങ്ങൾ ഒരുമിച്ച് അഭിനയിച്ചാൽ ലോക ശ്രദ്ധ നേടുന്ന സിനിമകളുണ്ടാകുമെന്നും തെലുങ്കിലെ ബാഹുബലിയെയെല്ലാം പിന്നിലാക്കുമെന്നും അൽഫോൻസ് പുത്രൻ പറയുന്നു. രജിനികാന്ത്, അജിത്ത് എന്നീ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരാനുള്ള സ്ക്രിപ്റ്റ് തന്റെ കൈവശമുണ്ടെന്നും അൽഫോൻസ് പുത്രൻ പറയുന്നു. സമാന്ത ഇന്റർനാഷണൽ ലെവലിൽ പോകേണ്ട നടിയാണ്.
അവരെ വെച്ച് സ്റ്റണ്ട് ചെയ്യാം. ശ്രുതി ഹാസനെയും വെച്ച് സിനിമകൾ ചെയ്താൽ സൂപ്പറാകും. അങ്ങനെയൊന്നും നമ്മൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല. നൂറ് ദിവസം ഓടുന്ന സിനിമകൾ മാത്രം ആലോചിക്കാതെ ലോക ശ്രദ്ധ നേടുന്ന സിനിമകൾ ചെയ്യണമെന്നും അൽഫോൻസ് പുത്രൻ അഭിപ്രായപ്പെട്ടു.
#His #later #film #Gold #not #noticed #much