കഴിഞ്ഞ ദിവസം എക്സ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ പട്ടാപകല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളനെ വീട്ടുടമസ്ഥന്‍ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്നതായിരുന്നു.
ജേസണ്‍ വില്യംസ് പങ്കുവച്ച വീഡിയോ ഇതിനകം പതിനാറ് ലക്ഷം പേരാണ് കണ്ടത്. ചിക്കാഗോയിലെ ലോഗൻ സ്‌ക്വയർ പരിസരത്താണ് സംഭവം.
ഉച്ച കഴിഞ്ഞ് 3.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ജേസണ്‍ വില്യംസിന് തന്‍റെ ഫോണില്‍ ഒരു സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു.
'വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയിരിക്കുന്നു' എന്നായിരുന്നു ആ മുന്നറിയിപ്പ്.
വീട്ടിലെത്തിയ ഉടനെ അടുക്കളയില്‍ നിന്നും ഫ്രൈയിംഗ് പാൻ കൈയിലെടുത്ത ശേഷമാണ് ജേസണ്‍, മോഷ്ടാവിനെ നേരിടാന്‍ തയ്യാറായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീഡിയോയില്‍ വീട്ടില്‍ നിന്നും പെട്ടെന്ന് ഇറങ്ങി ഓടുന്ന ഒരാളെ കാണാം. തൊട്ട് പുറകെ കൈയിലൊരു ഫ്രൈയിംഗ് പാനുമായി ഓടുന്ന ജേസണേയും കാണാം.
വീടിന് ചുറ്റും ഒരു റൌണ്ട് ഓടിയ ശേഷമാണ് കള്ളന്‍ ഗേറ്റ് തുറന്ന് പുറത്ത് കടക്കുന്നത്. ഈ സമയം പോലീസും സ്ഥലത്തെത്തുന്നു.
പിന്നാലെ പോലീസും ജേസണും കൂടി റോഡിന്‍റെ മറുവശത്തേക്ക് കള്ളനെ പിടിക്കാനായി ഓടുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ പങ്കുവച്ച് കൊണ്ട് തനിക്ക് ചെറിയ തലവേദന മാത്രമേയുള്ളൂവെന്നും വെറേ കുഴപ്പമൊന്നും ഇല്ലെന്നും ജേസണ്‍ എഴുതി. 'ഫോണില്‍ മുന്നറിയിപ്പ് ലഭിച്ച ഞാൻ വീട്ടിൽ വന്നു.
ലഭ്യമായ ആയുധമുണ്ടോ എന്ന് അന്വേഷിച്ചു. അവിടെ ഒരു ഫ്രൈയിംഗ് പാൻ കിടന്നിരുന്നു. അതിനാല്‍ ഞാന്‍ അത് എടുത്തു.
ഈ സമയം കള്ളന്‍ മുകളില്‍ നിന്ന് താഴേക്ക് വന്നു. ആ സമയത്ത് ഞാൻ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു.' ജേസണ്‍ എബിസി 7 ചിക്കാഗോയോട് പറഞ്ഞു.
തെരുവില്‍ നിന്നും മോഷ്ടാവെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു.
#video #homeowner #chasing #thief #broke #house #broad #daylight #fryingpan #viral