തെന്നിന്ത്യൻ സിനിമാ രംഗത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് നയൻതാരയും പ്രഭുദേവയും തമ്മിലുണ്ടായ പ്രണയവും വേർപിരിയലും. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും അന്ന് നടന്ന സംഭവ വികാസങ്ങൾ ഇന്നും ചർച്ചയാകാറുണ്ട്. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കിടെയാണ് ഇരുവരും അടുക്കുന്നത്. നയൻതാരയുമായി അടുക്കുമ്പോൾ പ്രഭുദേവ വിവാഹിതനും പിതാവുമാണ്. റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്.
പ്രഭുദേവയെ പ്രണയിച്ച് വിവാഹം ചെയ്ത റംലത്ത് വിവാഹ ശേഷം മതം മാറുകയും പേര് ലത എന്ന് മാറ്റുകയും ചെയ്തു. പ്രഭുദേവയുടെ വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യ അന്ന് പരസ്യമായി ഇരുവർക്കുമെതിരെ രംഗത്ത് വന്നു. വലിയ തുക ജീവനാംശം നൽകിയാണ് പ്രഭുദേവ ഈ വിവാഹബന്ധം വേർപെടുത്തിയത്. എന്നാൽ പിന്നീട് നയൻതാരുമായുള്ള പ്രഭുദേവയുടെ ബന്ധവും അവസാനിച്ചു.
നയൻതാരയെക്കുറിച്ച് പ്രഭുദേവ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വില്ല് എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് ചിത്രത്തിലെ നായികയായ നയൻതാരയെക്കുറിച്ച് പ്രഭുദേവ സംസാരിച്ചത്. നയൻതാരയെ ബുക്ക് ചെയ്തപ്പോൾ അവർ ഇത്രയും ആത്മാർത്ഥതയും കഠിനിധ്വാനം ചെയ്യുന്ന ആളുമാണെന്ന് അറിയില്ലായിരുന്നു.
അവർ അന്ന് ഒരു പൊസിഷനിലാണ്. എല്ലാവരും ആശ്ചര്യപ്പെട്ടു. ഷോട്ട് കഴിഞ്ഞാൽ അവിടെത്തന്നെ ഇരിക്കും. എല്ലാവരും ചോദിക്കുന്നത് നയൻതാര നന്നായി ഡാൻസ് ചെയ്തോ എന്നാണ്. എന്നാൽ ഈ സിനിമയിൽ ഞാൻ സംവിധായകനാണ്. കൊറിയോഗ്രാഫിന് വേറെ അഞ്ച് മാസ്റ്റേഴ്സ് ഉണ്ട്. ഡാൻസ് കൊറിയോഗ്രാഫിയിൽ ഞാൻ ഇടപെട്ടിട്ടില്ല. പലപ്പോഴും സോങ് ഷൂട്ടിന് സെറ്റിലുണ്ടായിട്ടുമില്ല.
ടോപിൽ നിൽക്കുന്ന നായികയായതിനാൽ നയൻതാര സിൻസിയർ ആയിരിക്കില്ലെന്നാണ് കരുതിയത്. എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് അറിയില്ല. പക്ഷെ അവർ വളരെ ഹാർഡ് വർക്ക് ചെയ്തു. എല്ലാവരോടും ഒരേ പോലെ പെരുമാറും. പൊതുവെ നായികമാർ ഒരു സിനിമ തീർത്ത ശേഷം ആ സിനിമ മറന്ന് അടുത്ത സിനിമയിലേക്ക് പോകും. പക്ഷെ നയൻതാര അങ്ങനെയല്ല. സിനിമ റിലീസ് ചെയ്യുന്നത് വരെയും സ്വന്തം സിനിമയായി കണ്ട് ഒപ്പം നിൽക്കുമെന്നും പ്രഭുദേവ അന്ന് ചൂണ്ടിക്കാട്ടി.
വില്ല് എന്ന സിനിമയ്ക്ക് ശേഷമാണ് നയൻതാരയും പ്രഭുദേവയും തമ്മിലുള്ള പ്രണയവാർത്ത പുറത്ത് വരുന്നത്. പ്രഭു എന്ന് നടി കൈയിൽ ടാറ്റൂ ചെയ്യുകയുമുണ്ടായി. ബ്രേക്കപ്പ് നടിയെ മാനസികമായി തകർത്തിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്ത് സിനിമാ രംഗത്ത് നിന്ന് മാറിനിൽക്കാനായിരുന്നു നയൻതാരയുടെ തീരുമാനം. എന്നാൽ ഇത് നടന്നില്ല.
പ്രഭുദേവയുമായി അകന്ന നയൻതാര ലൈം ലൈറ്റിൽ നിന്നും പാടേ മാറി നിന്നു. പിന്നീട് 2013 ൽ രാജാ റാണി എന്ന സിനിമയിലൂടെയാണ് ശക്തമായ തിരിച്ച് വരവ് നടത്തുന്നത്. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. മറുവശത്ത് പ്രഭുദേവ ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിംഗുമായി വിവാഹ ജീവിതത്തിലേക്ക് കടന്നു. അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. പിരിഞ്ഞ ശേഷം നയൻതാരയെക്കുറിച്ച് പൊതുവിടങ്ങളിലൊന്നും പ്രഭുദേവ സംസാരിച്ചിട്ടില്ല.
#prabhudeva #praised #nayanthara #her #dedication #words #goes #viral #again