(moviemax.in ) ബാല നടിയായി വന്ന് നായിക നിരയിലേക്ക് ഉയർന്ന മലയാളി താരങ്ങളുടെ പട്ടികയിലെ പുതിയ പേരാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല സിനിമകളിൽ ബാല താരമായി പ്രത്യക്ഷപ്പെട്ട നടി, പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്തിരുന്നു. എന്നാൽ നായികാ സ്ഥാനത്തേക്ക് ഉയർന്ന അനിഖയെ കുറച്ചായി പിന്തുടരുന്നത് വിമർശനങ്ങളാണ്. ഓ മൈ ഡാർലിംഗ് എന്ന തെലുഗ് ചിത്രത്തിലെ ലിപ് ലോക്ക് സീനും, ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിലെ അനിഖയുടെ പ്രകടനവും, ഒരുപാട് വിമർശനങ്ങൾ നേരിട്ടു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത യുവ താരം ഇപ്പോൾ.
നിലവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിലെ പ്രകടനത്തിന് കടുത്ത സോഷ്യൽ മീഡിയ ട്രോളുകൾ നേരിട്ടിരുന്നു അനിഖ സുരേന്ദ്രൻ. എന്നാൽ, ടൈംസ് ഇന്റർനെറ്റിന് നൽകിയ പുതിയ അഭിമുഖത്തിൽ നടി സംവിധായകൻ ധനുഷിൻ്റെ നിർദ്ദേശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞു. "ധനുഷ് സാറിനൊപ്പം ജോലി ചെയ്തത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. അദ്ദേഹത്തെ പോലെ ഒരു ആർട്ടിസ്റ്റിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു. എൻ്റെ മുൻകാല ചിത്രങ്ങളുടെ സംവിധായകർ പൊതുവെ സീനുകൾ അഭിനേതാക്കൾക്ക് വിടുകയാണ് ചെയ്യാറ്. എന്നാൽ ധനുഷ് സർ അങ്ങനെയല്ല," അനിഖ പറഞ്ഞു.
"ധനുഷ് സർ ഒരു പെർഫെക്ഷനിസ്റ്റ് ആണ്. ഓരോ സീനുകളും അദ്ദേഹം ഞങ്ങൾക്ക് അഭിനയിച്ചു കാണിച്ചു തരുമായിരുന്നു. അത് കണ്ടു മനസ്സിലാക്കി അതെ പോലെ പകർത്തുക മാത്രമായിരുന്നു ഞങ്ങൾ നടീ-നടന്മാരുടെ ജോലി," അനിഖ പറഞ്ഞു. ദേശീയ അവാർഡ് ജേതാവായ താരത്തിൻ്റെ സിനിമയോടുള്ള പ്രതിബദ്ധത താൻ അനുകരിക്കാൻ ആഗ്രഹിക്കുന്നു എന്നും നടി കൂട്ടി ചേർത്തു. "നിലവുക്ക് എൻ മേൽ എന്നടി കോപo ഷൂട്ടിങ് തുടങ്ങും മുൻപേ ധനുഷ് സാറിന്റെ വീട്ടിൽ ഞങ്ങൾക്ക് വർക്ക് ഷോപ്പുകൾ നടത്തിയിരുന്നു. അന്ന് സഹതാരങ്ങളുമായി തുടങ്ങിയ സൗഹൃദമാണ് സ്‌ക്രീനിൽ കണ്ടത്," അനിഖ പറഞ്ഞു.
പുതിയ അഭിമുഖത്തിൽ നേരിട്ട വിമർശനങ്ങളെ കുറിച്ചും അനിഖ വാചാലയായി. "ഓ മൈ ഡാർലിംഗിലെ വിവാദമായ ലിപ്പ് ലോക്ക് രംഗത്തിൽ അഭിനയിക്കുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. ഓരോ അനുഭവങ്ങളും പാഠങ്ങൾ ആയി കാണുന്നതിനാൽ കുറ്റബോധം തോന്നുന്നില്ല. എന്നാൽ, അത് പോലെ ഒരു തീരുമാനം ഇനി ഉണ്ടാകാൻ സാധ്യതയില്ല. നല്ല സ്ക്രിപ്റ്റ് ആണെങ്കിൽ ഭാവിയിൽ ഈ തീരുമാനം മാറിയേക്കാം. എന്നാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഞാൻ കാത്തിരിക്കുന്നത്, അനിഖ പറഞ്ഞു.
"വിമർശനങ്ങളെ ഭയപ്പെടുന്ന ആളല്ല ഞാൻ. എന്നാൽ അവയ്ക്ക് നേരെ മുഖം തിരിക്കാറുമില്ല. കോൺസ്ട്രക്ക്റ്റിവ് ആയ വിമർശങ്ങളെ സ്വാഗതം ചെയ്യുന്നു. പ്രേക്ഷകർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാണ്. അത് കൊണ്ട് ഒരു നടി എന്ന നിലയിൽ ഞാൻ പഠിക്കുകയും വളരുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഇത് വരെ ചെയ്ത ചിത്രങ്ങളെ ഓർത്തു കുറ്റബോധം ഇല്ലെങ്കിലും ചിലത് മാറിചിന്തിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്," അനിഖ വെളിപ്പെടുത്തി. സിനിമ രംഗത്ത് ചുവടുറപ്പിച്ച യുവ നദി ഒ.ടി.ടി. രംഗത്ത് ഒരു മികച്ച അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. സിനിമയോ ഒ.ടി.ടി.യോ എന്നതിനല്ല, നല്ല സ്ക്രിപ്റ്റുകൾക്കും, വ്യത്യസ്തമായ കഥാപാത്രങ്ങൾക്കുമാണ് അനിഖ പ്രാധാന്യം നൽകുന്നത്.
anikhasurendran about working dhanush neek reacts criticisms