---
title: "സിനിമയെ ജയിപ്പിച്ചത് ഉള്ളടക്കം; ബോക്സ് ഓഫീസിൽ മുന്നേറി 'തായ് കിഴവി'"
english_title: "'Thai Kizhavi' advances at the box office."
publisher: "moviemax.in"
canonical_url: "https://moviemax.in/news/347283/thai-kizhavi-advances-at-the-box-office-new"
published_at: "2026-03-12T16:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b29c2527699_16.jpg"
keywords: []
---

# സിനിമയെ ജയിപ്പിച്ചത് ഉള്ളടക്കം; ബോക്സ് ഓഫീസിൽ മുന്നേറി 'തായ് കിഴവി'

> **Lead Summary:** **വ**മ്പൻ താരനിരയേക്കാൾ സിനിമയുടെ കരുത്തുറ്റ പ്രമേയമാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്നതെന്ന് തെളിയിച്ച് തമിഴ് ചിത്രം 'തായ് കിഴവി'.

## Article Content

**വ**മ്പൻ താരനിരയേക്കാൾ സിനിമയുടെ കരുത്തുറ്റ പ്രമേയമാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്നതെന്ന് തെളിയിച്ച് തമിഴ് ചിത്രം 'തായ് കിഴവി'.

റിലീസ് ചെയ്ത് വെറും പത്ത് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 50 കോടി രൂപയുടെ കളക്ഷൻ നേടി ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രം ചിത്രം 45 കോടിയിലധികം രൂപ നേടിക്കഴിഞ്ഞുവെന്നും ഉടൻ തന്നെ 50 കോടി എന്ന മാന്ത്രിക സംഖ്യ തൊടുമെന്നുമാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

നടി രാധിക ശരത്‌കുമാറിന്റെ അവിസ്മരണീയമായ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പണമിടപാടുകാരിയായ 'പാവുണുതായി' എന്ന കഥാപാത്രമായി വൻ മേക്കോവറിലാണ് താരം എത്തിയത്.

അത്യാഗ്രഹികളായ മക്കൾ തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനെ പ്രതിരോധിക്കുന്ന ഒരു അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. രാധികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി പാവുണുതായിയെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

നടൻ ശിവകാർത്തികേയന്റെ നിർമ്മാണക്കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശിവകുമാർ മുരുകേശനാണ് ചിത്രത്തിന്റെ സംവിധായകൻ. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഒപ്പിയെടുത്ത ചിത്രം ഉള്ളടക്കത്തിന്റെ കരുത്തിലാണ് ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347283/thai-kizhavi-advances-at-the-box-office-new)