(moviemax.in) ഫാഷന്‍ ഇവന്റായ മെറ്റ് ഗാലയിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. സബ്യസാചി രൂപകല്‍പ്പന ചെയ്ത വേഷവിധാനങ്ങളണിഞ്ഞ് സണ്‍ ഗ്ലാസും ധരിച്ച് സ്റ്റൈലിഷായി മെറ്റ് ഗാലയിലെത്തിയ കിങ് ഖാന്‍ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയതാരത്തെ കാണാനായി മെറ്റ് ഗാലയിലെത്തിയത്. അതിലൊരു യുവതി പോസ്റ്റ് ചെയ്ത ഷാരൂഖ് ഖാന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ന്യൂയോര്‍ക്കില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സറായ ഷെറിഷ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തന്റെ ആരാധനാ പാത്രത്തോടുള്ള മുഴുവന്‍ ഇഷ്ടവും തുളുമ്പുന്ന വാക്കുകളും അവര്‍ വീഡിയോയില്‍ കുറിച്ചിരുന്നു. 'ന്യൂയോര്‍ക്ക് നഗരത്തില്‍ ഷാരൂഖ് ഖാനെ കാണാനായി എനിക്കൊപ്പം വരൂ' എന്നുപറഞ്ഞുകൊണ്ടാണ് ഷെറിഷ് വീഡിയോ തുടങ്ങുന്നത്. പ്രിയതാരത്തെ കാണാനുള്ള ഷെറിഷിന്റെ യാത്ര ഒടുവില്‍ നഗരത്തിലെ മാന്‍ഡറിന്‍ ഓറിയന്റല്‍ ഹോട്ടലിലാണ് ആ യാത്ര അവസാനിച്ചത്.
ഒട്ടേറെ ആരാധകര്‍ അവിടെ തടിച്ചുകൂടിയിരുന്നു. അവരിലൊരാളായി ഷെറിഷ് നിലയുറപ്പിച്ചു. ഇതിനിടെ അതുവഴി കടന്നുപോകുന്ന മറ്റ് സെലിബ്രിറ്റികളും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ധാര്‍ഥ് മല്‍ഹോത്രയെയാണ് ഇത്തരത്തില്‍ ആദ്യം കണ്ടത്. പിന്നീട് ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയും എത്തി. ഇതിന് ശേഷമാണ് ഷാരൂഖ് ഖാന്‍ കടന്നുവന്നത്. 'എന്റെ ജീവിതത്തിന്റെ പ്രണയം, എന്റെ കണ്ണുകളുടെ പ്രകാശം, എന്റെ ഹൃദയം മുഴുവന്‍ - കിങ് ഖാന്‍' ആരാധനയും ആവേശവും ആകാശത്തോളമെത്തിയ ആ നിമിഷത്തില്‍ ഷെറിഷ് കുറിച്ചത് ഈ വാക്കുകളാണ്. 'ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തെ കാണാന്‍ എന്ത് രസമാണ്. എന്റെ ഉള്ളിലെ കുട്ടി അതീവ സന്തോഷവതിയാണ്.' -ഷെറിഷ് തുടര്‍ന്നു.
ഇതിനകം 58 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഷെറിഷിന്റെ അതേ ആവേശമാണ് ലോകമെമ്പാടുനിന്നുള്ള മറ്റ് ആരാധകരും കമന്റ് ബോക്‌സില്‍ പ്രകടിപ്പിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പോലും ഷെറിഷിന്റെ വീഡിയോയില്‍ കമന്റുണ്ടായിരുന്നു. 'ഓരോ നിമിഷവും ഞാന്‍ എന്റെ ഷാരൂഖിനെ തിരയുന്നു' എന്ന ബോളിവുഡിലെ പ്രശസ്തമായ വാചകമാണ് നെറ്റ്ഫ്‌ളിക്‌സ് കമന്റ് ചെയ്തത്.
shahrukh khan met gala woman shares viral video in instagram