(moviemax.in) ചലച്ചിത്ര രംഗത്ത് കൂടുതൽ ആരാധകരുള്ള കപ്പിളാണ് രാംചരണും ഉപാസന കാമിനേനിയും. രാംചരൺ തന്റെ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ ഉപാസന സംരംഭകയായി കോടികൾ സമ്പാദിക്കുന്നു. കോളേജ് പഠന കാലത്തെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2012ൽ ഇരുവരും വിവാഹിതരായി. ഉപാസനയ്ക്കും രാംചരനും ഒരു വർഷം മുമ്പാണ് കുഞ്ഞ് പിറന്നത്.
ഞങ്ങൾ വളരെക്കാലം സുഹൃത്തുക്കളായിരുന്നു. വിദേശത്ത് പഠിക്കാൻ പോകുന്നതിന് മുമ്പ് ഞങ്ങൾക്കിടയിൽ പ്രത്യേക വികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രണയം പെട്ടെന്ന് സംഭവിച്ചതാണ്. അതൊരു നല്ല മാറ്റമായിരുന്നു. കുടുംബങ്ങൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതുപോലെ ജീവിക്കണമെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു.
വിജയം നേടാൻ കഠിനാധ്വാനം ചെയ്യണമെന്ന കാഴ്ചപ്പാടും വിശ്വാസവും രണ്ടുപേർക്കും ഉണ്ടെന്നത് ഞങ്ങളെ കൂടുതൽ അടുപ്പിച്ചതെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിച്ച് ഒരിക്കൽ ഉപാസന പറഞ്ഞത്. തെലുങ്കിൽ അറിയപ്പെടുന്ന സിനിമാ കുടുംബത്തിലെ അംഗമാണ് രാംചരൺ. കോടികളുടെ ആസ്തിയുണ്ട് കോനിഡേല കുടുംബത്തിന്. എന്നാൽ രാംചരണിനേക്കാൾ പതിന്മടങ്ങ് സമ്പന്നയാണ് ഉപസാന എന്നാണ് റിപ്പോർട്ടുകൾ.
30000 കോടി രൂപയുടെ ആസ്തിയാണ് കാമിനേനി കുടുംബത്തിനുള്ളത്. അതിനെല്ലാം പിന്നിൽ ഉപസാനയുടെ മുത്തച്ഛനാണ്. എന്നാൽ സിനിമാപ്രേമികളിൽ പലർക്കും തൊണ്ണൂറാം വയസിലും കർമനിരതനായ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ പ്രതാപ് സി റെഡ്ഡിയെ അറിയണമെന്നില്ല. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹം തൊണ്ണൂറ്റി ഒന്നാം വയസിലും രോഗികളെ ശുശ്രൂഷിക്കാൻ എത്തുന്നുണ്ട്. നമ്മുടെ രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നവരിൽ ഒരാൾ കൂടിയാണ് ഡോ. പ്രതാപ് സി റെഡ്ഡി.
അപ്പോളോ ഹോസ്പിറ്റൽസിന്റെ സ്ഥാപകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്നത് വിസ്മരിക്കാനാവില്ല. ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ മുന്നിലാണ് അപ്പോളോ ഗ്രൂപ്പ്. വൈദ്യശാസ്ത്ര മേഖലയിലെ നേട്ടങ്ങൾക്കാണ് പ്രതാപ് റെഡ്ഡിക്ക് 1991ലാണ് പദ്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചത്.
തൊണ്ണൂറ്റിയൊന്നാം വയസിലും ജോലിയോടുള്ള അദ്ദേഹത്തിന്റെ ആവേശം കുറഞ്ഞിട്ടില്ല. ഫോർബ്‌സ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ 94-ാം സ്ഥാനത്താണ് പ്രതാപ് സി റെഡ്ഡിയുടെ സ്ഥാനം. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഡോ. റെഡ്ഡി പിന്നീട് യുകെയിലും യുഎസ്എയിലും പഠിച്ച് ഹൃദ്രോഗ വിദഗ്ദ്ധനായി പരിശീലനം നേടി.
വർഷങ്ങളോളം യുഎസിൽ ഡോക്ടറായി ജോലി ചെയ്തശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ എത്തിയത്. 2010ൽ പദ്മവിഭൂഷണും ലഭിച്ചു. മുത്തച്ഛന്റെ പാത പിന്തുടർന്ന് ബിസിനസിലേക്ക് ഇറങ്ങിയ ഉപാസന അപ്പോളോ ഹോസ്പിറ്റൽസിന്റെ സിഎസ്ആർ വിഭാഗത്തിന്റെ വൈസ് ചെയർമാനും എഫ്എച്ച്പിഎല്ലിന്റെ മാനേജിംഗ് ഡയറക്ടറുമാണ്.
upasanakamineni entrepreneur richer than husband ramcharan