മലയാള സിനിമയിൽ ദിലീപിനെയും കാവ്യയെയും പോലെ ചർച്ചയായ താര ജോഡികൾ മറ്റാരും ഉണ്ടാകില്ല. ഓൺസ്ക്രീനിൽ ആഘോഷിക്കപ്പെട്ട നായകനും നായികയും ജീവിതത്തിൽ ഒരുമിച്ചപ്പോഴുണ്ടായ വിവാദങ്ങൾ ചെറുതല്ല. വർഷങ്ങൾ നീണ്ട ഗോസിപ്പുകൾക്ക് അഭ്യൂഹങ്ങൾക്കും ഒടുവിലായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് മകൾ മഹാലക്ഷ്മിക്ക് ഒപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപും.
ഒരുകാലത്ത് ദിലീപിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായിരുന്നു കാവ്യ. കാവ്യ ആദ്യമായി നായികയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപായിരുന്നു നായകൻ. താരം അവസാനമായി അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തി. ഈ സിനിമയ്ക്ക് ശേഷമായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. അതിനു മുൻപ് മീശമാധവൻ, തിളക്കം, റൺവേ എന്നിങ്ങനെ നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തുകയും ഇവയെല്ലാം സൂപ്പർഹിറ്റായി മാറുകയും ചെയ്‌തിരുന്നു.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിൽ അഭിനയിക്കുന്നത്. എന്നാൽ അതിനു മുന്നേ ഇരുവരും കണ്ടുമുട്ടിയിരുന്നു. റിലീസ് ചെയ്യാതെ പോയ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ഇത്. ഒരിക്കൽ മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ ഈ കൂടിക്കാഴ്ചയെ കുറിച്ച് കാവ്യ പറഞ്ഞിരുന്നു. ആദ്യമായി നേരിൽ കണ്ടപ്പോൾ അങ്കിൾ എന്നാണ് താൻ ദിലീപേട്ടനെ വിളിച്ചതെന്നും അദ്ദേഹം അത് തിരുത്തി ചേട്ടൻ എന്ന് വിളിപ്പിക്കുകയായിരുന്നു എന്നാണ് കാവ്യ പറഞ്ഞത്.
"കൊച്ചിയിലെ ഒരു പാടത്ത് ദി പ്രസിഡന്റ് എന്ന സിനിമ ഷൂട്ട് ചെയ്യുന്നു. ഇന്നും പുറത്തിറങ്ങാത്ത ആ സിനിമയിൽ മോളി ആണ് ഞാൻ. ഇന്ദ്രൻസേട്ടനുണ്ട് ലൊക്കേഷനിൽ. അതേ ലൊക്കേഷനിൽ ഞങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞാലുടൻ ഇന്ദ്രൻസേട്ടന് 'മാനത്തെ കൊട്ടാരത്തി'ന്റെ ഷൂട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പോവുമ്പോൾ അതാ കലുങ്കിൽ മൂന്നു പേർ. മാനത്തെ കൊട്ടാരത്തിലെ മറ്റു മൂന്നു നായകൻമാർ. ഹരിശ്രീ അശോകൻ, നാദിർഷ, ദിലീപ്. കോമിക്കോളയിലൂടെ എന്നെ ഒരുപാടു ചിരിപ്പിച്ചിട്ടുളളവർ.
ആദ്യമായാണ് ദിലീപേട്ടനെ നേരിൽ കാണുന്നത്. ഞാനും എന്റെ ചേട്ടൻ മിഥുനും ദിലീപേട്ടന്റെ കടുത്ത ആരാധകരാണ്. ഓടിച്ചെന്നു ഞാൻ കലുങ്കിനരികിലേക്ക്. എനിക്കൊരു പരിചയക്കുറവുമുണ്ടായിരുന്നില്ല. അങ്കിൾന്നാണത്രേ ഞാൻ ആദ്യം വിളിച്ചത്. ദിലീപേട്ടൻ അപ്പോൾ തന്നെ അതു തിരുത്തി. അങ്കിൾ അല്ല മോളേ ചേട്ടൻ. ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ് 'കോമിക്കോള' എന്നു പറഞ്ഞു," കാവ്യ ഓർമിച്ചു.
"ഞാൻ 'ഭൂതക്കണ്ണാടി'യിൽ അഭിനയിക്കുമ്പോൾ ദിലീപേട്ടൻ ഒരു ദിവസം ലൊക്കേഷനിൽ വന്നിരുന്നു. ലോഹിയങ്കിളിനെ കാണാനായി. ലോഹിയങ്കിളിന്റെ ഭാര്യ സിന്ധു ചേച്ചിയുമായി സംസാരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് എന്നെ കണ്ടു .'ഹായ് കാവ്യ എന്നു പറഞ്ഞു. 'ഹായ് കാവ്യ എന്നു പറഞ്ഞു. എനിക്കു സന്തോഷം തോന്നി. എന്നെ മറന്നില്ലല്ലോ? അപ്പോഴേക്കും ദിലീപേട്ടൻ സിനിമയിലും താരമായി മാറിയിരുന്നു.
വർഷങ്ങൾക്കു ശേഷം ഏതോ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ ദിലീപേട്ടൻ പറയുന്നുണ്ടായിരുന്നു. 'അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിൾ വിളി മാറ്റിച്ചത്. ഇല്ലെങ്കിൽ എന്തൊരു ഗതികേടായേനെ. ഒരു ചൈൽഡ് ആർട്ടിസ്റ്റിനെയും അങ്കിൾ എന്നു വളിപ്പിക്കാൻ സമ്മതിക്കില്ല.' പിന്നീട് മീശമാധവനിൽ അഭിനയിക്കുമ്പോൾ സനൂഷയുണ്ട്. സനൂഷ 'അങ്കിൾ ഞാൻ പോവുകയാണേ' എന്നു പറഞ്ഞപ്പോൾ സനൂഷയെ അടുത്തേക്കു വിളിച്ചു പറയുന്നുണ്ടായിരുന്നു,
'ഇങ്ങു വന്നേ. ഇതു പോലെ അങ്കിൾ എന്നു വിളിച്ചൊരാളാണ് ഇപ്പോൾ നായികയായി അഭിനയിക്കുന്നത്. നാളെ നീയും നായികയാവില്ലെന്ന് ആർക്കറിയാം അതുകൊണ്ട് ചേട്ടാന്നു വിളിച്ചാൽ മതി.' പറഞ്ഞതുപോലെ സനൂഷ 'മിസ്റ്റർ മരുമകനിൽ' നായികയായില്ലേ?," - കാവ്യ മാധവൻ പറയുന്നു. 2016 നവംബർ 25നാണ് കാവ്യയും ദിലീപും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ അന്ന് രാവിലെ മാത്രമാണ് വിവാഹക്കാര്യം കാവ്യയും ദിലീപും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 2018ലാണ് ഇവർക്ക് മഹാലക്ഷ്മി ജനിച്ചത്.
#kavyamadhavan #recalled #how #she #met #dileep #for #the #first #time