---
title: "എന്റെ പാചകക്കാരിയുടെ വസ്ത്രമായിരുന്നു ഞാനന്ന് ധരിച്ചത്; നീന ഗുപ്ത  "
english_title: "I'm wearing my chef's clothes; Nina Gupta"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16507/im-wearing-my-chefs-clothes-nina-gupta"
published_at: "2021-12-17T12:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc32f26a634_.jpg"
keywords: []
---

# എന്റെ പാചകക്കാരിയുടെ വസ്ത്രമായിരുന്നു ഞാനന്ന് ധരിച്ചത്; നീന ഗുപ്ത  

> **Lead Summary:** ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍ . ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പേരാണ് അമിതാഭ് ബച്ചന്‍ എന്നത്. അമിതാഭ് ബച്ചന്‍ അവതാരകനായി ഹിറ്റായി മാറിയ ചോദ്യോത്തര പരിപാടിയാണ് കോന്‍ ബനേഗ കറോര്‍പതി. ഹിന്ദിയില്‍ ഷോ ഹിറ്റായി മാറിയതോടെ മലയാളം അടക്കമുള്ള മറ്റ് ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ തന്നെ അവതാരകരായി കോടീശ്വരന്‍ പരിപാടി എത്തിയിരുന്നു.

## Article Content

ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍ . ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പേരാണ് അമിതാഭ് ബച്ചന്‍ എന്നത്. അമിതാഭ് ബച്ചന്‍ അവതാരകനായി ഹിറ്റായി മാറിയ ചോദ്യോത്തര പരിപാടിയാണ് കോന്‍ ബനേഗ കറോര്‍പതി. ഹിന്ദിയില്‍ ഷോ ഹിറ്റായി മാറിയതോടെ മലയാളം അടക്കമുള്ള മറ്റ് ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ തന്നെ അവതാരകരായി കോടീശ്വരന്‍ പരിപാടി എത്തിയിരുന്നു.

മലയാളത്തില്‍ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പേരില്‍ സുരേഷ് ഗോപിയാണ് പരിപാടിയുടെ അവതാരകന്‍. ആരൊക്കെ വന്നാലും പോയാലും കെബിസി എന്നാല്‍ അത് അമിതാഭ് ബച്ചന്‍ തന്നെയാണ് ഏറ്റവും മികച്ച അവതാരകന്‍.

അമിതാഭ് ബച്ചന്റെ പരിപാടയില്‍ ചോദ്യങ്ങള്‍ നേരിടാനും മത്സരിക്കാനും സാധാരണക്കാര്‍ മാത്രമല്ല താരങ്ങളുമെത്താറുണ്ട്. മറ്റാര്‍ക്കെങ്കിലും വേണ്ടിയാകും താരങ്ങള്‍ ഈ പരിപാടിയില്‍ മത്സരാര്‍ത്ഥികളായി എത്തുക. താരങ്ങള്‍ അതിഥികളായി എത്തുമ്പോള്‍ അത് രസകരമായ ഒരുപാട് നിമിഷങ്ങളും സമ്മാനിക്കാറുണ്ട്.

അത്തരത്തില്‍ രസകരമായൊരു അനുഭവമായിരിക്കുകയാണ് കോന്‍ ബനേഗ കറോര്‍പതിയുടെ ഏറ്റവും പുതിയ എപ്പിസോഡ്. മുതിര്‍ന്ന താരങ്ങളായ നീന ഗുപ്തയും ഗജരാജ് റാവുവുമാണ് ഇത്തവണ അതിഥികളായി എത്തുന്നത്.

ബദായ് ഹോ എന്ന ചിത്രത്തിലൂടെ ഹിറ്റായി മാറിയ ജോഡിയാണ് നീന ഗുപ്തയുടേയും ഗജരാജ് റാവുവിന്റേയും. വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളാകുന്ന ദമ്പതികളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ആയുഷ്മാന്‍ ഖുറാനയും സാന്യ മല്‍ഹോത്രയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിലെ നീന ഗുപ്തയുടേയും ഗജരാജ് റാവുവിന്റേയും ജോഡി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും തുടര്‍ന്നും സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയുണ്ടായി. കെബിസിയിലെത്തിയ താരങ്ങള്‍ തങ്ങള്‍ എങ്ങനെയാണ് ബദായ് ഹോ എന്ന ചിത്രത്തിലേക്ക് എത്തിയത് എന്ന കഥ പങ്കുവെക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഗജരാജ് റാവുവായിരുന്നു ആദ്യം സംസാരിച്ചത്. തന്നോട് ചിത്രത്തിന്റെ സംവിധായകന്‍ ആയ അമിത് ശര്‍മ കഥ പറഞ്ഞപ്പോള്‍ തനിക്ക് പേടിയാണ് തോന്നിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത്ര വലിയ കഥാപാത്രത്തിന് വലിയൊരു താരത്തെ കൊണ്ടു വന്നു കൂടേ എന്ന് താന്‍ ചോദിച്ചുവെന്നും എന്നാല്‍ സാര്‍ നിങ്ങള്‍ തന്നെയാണ് എന്റെ വലിയ താരം എന്നായിരുന്നു അമിതിന്റെ മറുപടിയെന്നും ഗജരാജ് പറയുന്നു.

തുടക്കത്തില്‍ താന്‍ ഭയന്നുവെങ്കിലും ആ സിനിമ താന്‍ അല്ലായിരുന്നു ചെയ്തതെങ്കില്‍ വല്ലാതെ വിഷമം ആയേനെ എന്നും ഗജരാജ് റാവു പറയുന്നു. പിന്നാലെയാണ് നീന ഗുപ്ത തനിക്ക് നായിക വേഷം കിട്ടിയ കഥ പറയുന്നു.

''അമിത് എന്നെ ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. ഞാന്‍ പോയി. പോകും മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റുമായി സംസാരിച്ചിരുന്നു. എന്റെ വേഷം ഇതാണ്, എന്താണ് ഞാന്‍ ധരിക്കേണ്ടത് എന്ന് അവരോട് ചോദിച്ചു. മിഡില്‍ ക്ലാസ് വേഷമാണെന്നും സല്‍വാര്‍ കമീസ് ധരിച്ചാല്‍ മതിയെന്നുമാമയിരുന്നു അവര്‍ പറഞ്ഞത്.

ഞാന്‍ ഓക്കെ പറഞ്ഞു. എന്റെ വീട്ടിലെ പാചകക്കാരിയുടെ സല്‍വാര്‍ കമീസ് കടം വാങ്ങി അതും ധരിച്ചാണ് ഞാന്‍ അമിത്തിനെ കാണാന്‍ പോയത്. അമിത്തിനോട് അതേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. സര്‍ ഇപ്പോള്‍ കഥാപാത്രത്തെ പോലെ തന്നെയില്ലേ എന്ന് ചോദിച്ചു. എന്റെ പാചകക്കാരിയുടെ സല്‍വാര്‍ കമീസ് ആണെന്നും പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'' എന്നായിരുന്നു നീന ഗുപ്ത പറഞ്ഞത്.

''പിന്നെ ഞാന്‍ അറിഞ്ഞു ആയുഷ്മാന്‍ ഞാന്‍ അമ്മയായി അഭിനയിക്കുന്നതിന് എതിര്‍പ്പായിരുന്നുവെന്ന്. നീനയെ കാസ്റ്റ് ചെയ്യരുത് അവര്‍ക്ക് അമ്മ വേഷം ചേരില്ല അവര്‍ ഹോട്ട് ആണെന്നായിരുന്നു ആയുഷ്മാന്‍ പറഞ്ഞത്'' എന്നും നീന ഗുപ്ത പറഞ്ഞു. ചിത്രത്തില്‍ നീനയുടേയും ഗജരാജ് റാവുവിന്റേയും മകന്റെ വേഷത്തിലാണ് ആയുഷ്മാന്‍ ഖുറാന എത്തുന്നത്.

പിന്നീട് ജാക്കി ഷ്രോഫിനൊപ്പം അഭിനയിച്ച ഖുജ്‌ലി എന്ന ഹ്രസ്വ ചിത്രം കണ്ടതോടെയാണ് തന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും നീന ഗുപ്ത പറയുന്നു. എന്തായാലും സിനിമയും താരജോഡിയുമൊക്കെ ഹിറ്റായി മാറി. 2018 ല്‍ പുറത്തിറങ്ങിയ സിനിമയെ തേടി രണ്ട് ദേശീയ പുരസ്‌കാരങ്ങളുമെത്തി. മികച്ച സഹ നടിക്കുള്ള പുരസ്‌കാരം ചിത്രത്തിലൂടെ സുരേഖ സ്വന്തമാക്കിയപ്പോള്‍ മികച്ച ജനപ്രീയ സിനിമയ്ക്കുള്ള പുരസ്‌കാരവും ബദായ് ഹോയെ തേടിയെത്തി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/16507/im-wearing-my-chefs-clothes-nina-gupta)