നടിമാരുടെ ചിത്രങ്ങള്‍ക്കും വീഡിയോസിനും സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശം പ്രതികരണം വരുന്ന അവസ്ഥയാണ്. എന്നാല്‍ വളരെ ചെറിയൊരു പെണ്‍കുട്ടിയ്ക്ക് പോലും സമാനമായ രീതിയില്‍ വിമര്‍ശനം ലഭിക്കുമ്പോള്‍ തീരെ ഉള്‍കൊള്ളാന്‍ സാധിക്കില്ല. അത്തരത്തില്‍ മകളുടെ ഡാന്‍സ് വീഡിയോ കണ്ട് മോശം കമന്റിട്ടവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വൈറല്‍ താരം ആവണിയുടെ അമ്മ.
ടിക് ടോക്കിലൂടെ ശ്രദ്ധേയരായി, പിന്നീട് ടെലിവിഷന്‍ പരിപാടിയിലടക്കം സജീവമായ കുഞ്ഞുമിടുക്കിയാണ് ആവണി. ഗംഭീരപ്രകടനം കാഴ്ച വെച്ചതോടെ ആവണിയ്ക്ക് സിനിമയിലഭിനയിക്കാനും ഭാഗ്യമുണ്ടായി. എന്നാല്‍ കേവലം ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചതിന് വന്ന കമന്റ് വേദനയുണ്ടാക്കുന്നതാണെന്നാണ് ആവണിയുടെ അമ്മ പറയുന്നത്.
വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലിയോ സിനിമയിലെ പാട്ടിന് ചുവടുവച്ചുള്ള ആവണിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് താഴെ മകളുടെ മാറിടം നോക്കി കൊണ്ടാണ് ഒരു സ്ത്രീ കമന്റിട്ടത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് ആവണിയുടെ അമ്മ എത്തിയത്. ജീവിക്കാന്‍ അനുവധിക്കൂ.. എന്ന ക്യാപ്ഷനില്‍ യൂട്യൂബ് ചാനലിലൂടെയാണ് പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'വളരെ വിഷമമുള്ള കാര്യം പറയാന്‍ വന്നതാണ്. ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ തന്നെ നമുക്ക് പേടിയാണ്. അതുപോലെയാണ് കാര്യങ്ങള്‍ പോകുന്നത്. ഇങ്ങനെയൊക്കെ ആളുകള്‍ മക്കളെ നോക്കുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കുറിഞ്ഞി എന്നൊരു സിനിമയില്‍ മകള്‍ അഭിനയിച്ചിട്ടുണ്ട്. വൈകാതെ ഈ ചിത്രം റിലീസ് ചെയ്യും. ആ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞങ്ങള്‍ വയനാട്ടിലേക്ക് പോയിരുന്നു. അപ്പോഴാണ് ലിയോ സിനിമ റിലീസായത്. ആ സിനിമയുടെ പ്രൊമോഷന് വേണ്ടി അതിലെ പാട്ടിന് മോളെ കൊണ്ട് ഒരു ഡാന്‍സ് വീഡിയോ ചെയ്യിപ്പിച്ചിരുന്നു.
ആ വീഡിയോയില്‍ വളരെ മാന്യമായിട്ടാണ് എന്റെ മകള്‍ വസ്ത്രം ധരിച്ചത്. അതിനെ താഴെ ഒരു സ്ത്രീയാണ് കമന്റുമായി എത്തിയത്. എന്റെ മകളെ പോലൊരു മകള്‍ അവര്‍ക്കും ഉണ്ട്. എന്നിട്ടും അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ബ്രാ വാങ്ങികൊടുക്ക് പുന്നാര പെണ്ണിന്, ഇനി ഇതുപോലെ പരിസരത്ത് വന്നാല്‍ നോക്കിക്കോ രണ്ടിനെയും', എന്നാണ് അവരുടെ കമന്റ്.
എന്റെ മകള്‍ക്ക് പത്ത് വയസായി. പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ വളരുമ്പോള്‍ അവരുടെ ശരീരഘടനയില്‍ മാറ്റം ഉണ്ടാവില്ലേ. ആ മാറ്റങ്ങള്‍ എനിക്കും എന്റെ അമ്മയ്ക്കും കമന്റിട്ട സ്ത്രീക്കും അവരുടെ മക്കള്‍ക്കുമൊക്കെ വന്നിട്ടുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഇങ്ങനെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളത് വളരെ വേദനിപ്പിക്കുന്നു. മകള്‍ വസ്ത്രമില്ലാതെയല്ല ഡാന്‍സ് കളിച്ചത്. ഉള്ളില്‍ ഒരു പെറ്റിക്കോട്ടും, അതിന്റെ മുകളില്‍ ടോപ്പും ധരിച്ചാണ് ഡാന്‍സ് വീഡിയോ ചെയ്തത്.
അവളുടെ ഡാന്‍സ് നോക്കുന്നതിന് പകരം, എന്റെ മകളുടെ വളരുന്ന മാറിലേക്കാണ് അവര്‍ നോക്കിയത്. എന്ത് വൃത്തിക്കെട്ട മനസോട് കൂടിയാണ് അവരത് നോക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും ആവണിയുടെ അമ്മ പറയുന്നു. ആ പ്രായത്തില്‍ മാറിടം വളര്‍ന്ന് വരുന്നത് എനിക്ക് ഭയങ്കര പ്രശ്‌നമായി തോന്നിയിട്ടുണ്ട്.
അന്ന് വസ്ത്രം വലിച്ച് പിടിച്ചൊക്കെയാണ് താന്‍ നടന്നത്. എല്ലാ പെണ്‍കുട്ടികള്‍ക്കും അങ്ങനെയാവും. അപ്പോള്‍ ഇത്തരം കമന്റുകള്‍ കാണുന്നത് എന്റെ മകള്‍ക്കും വേദന തോന്നില്ലേ എന്നും ആവണിയുടെ അമ്മ ചോദിക്കുന്നു. ടിക് ടോക്കിലൂടെയാണ് ഞങ്ങള്‍ തുടങ്ങിയത്. ഇതുവരെ ആരെയും വേദനിപ്പിക്കുന്ന ഒരു വീഡിയോയും ചെയ്തിട്ടില്ല.
യൂട്യൂബ് വരുമാനത്തിന് വേണ്ടിയുമല്ല വീഡിയോകള്‍ ചെയ്യുന്നത്. ജീവിതത്തില്‍ മറ്റൊരുപാട് പ്രശ്നങ്ങളുണ്ട്. അതിനിടയില്‍ ഒരു റിലാക്സേഷന്‍ എന്ന തരത്തിലാണ് വീഡിയോ ചെയ്യുന്നത്. അതും വളരെ മാന്യമായ വസ്ത്രം ധരിച്ചുകൊണ്ടു മാത്രം. അതിനും സമ്മതിക്കില്ലെന്ന് വന്നാല്‍ ഇതൊക്കെ അവസാനിപ്പിക്കുക മാത്രമേ ഞങ്ങള്‍ക്ക് വഴിയുള്ളൂ എന്നും പറഞ്ഞ് വളരെ വികാരഭരിതയായിട്ടാണ് ആവണിയുടെ അമ്മ സംസാരിക്കുന്നത്.
#child #artist #avani #mother #negative #comments #goes #viral