സാന്ത്വനം പരമ്പരയിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട രണ്ടുപേരാണ് കണ്ണനായി അഭിനയിക്കുന്ന അച്ചു സുഗന്ധും കണ്ണന്റെ കാമുകിയായ അച്ചുവായി അഭിനയിക്കുന്ന മഞ്ജുഷ മാർട്ടിനും. ടിക്ക് ടോക്ക്, റീൽസ്, യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മഞ്ജുഷയുടെ ആദ്യ സീരിയൽ കൂടിയായിരുന്നു സാന്ത്വനം. ഒരു വർഷത്തോളമായി മഞ്ജുഷ സാന്ത്വനം സീരിയലിന്റെ ഭാഗമാണ്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച ഷോർട്ട്മൂവി മനസമ്മതം യുട്യൂബിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ പോവുകയാണ്. ഇതിന്റെ ഭാഗമായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. സംവിധാനം, തിരക്കഥ രചനയൊക്കെ സ്വപ്നം കണ്ട് നടക്കുന്നൊരാളാണ് അച്ചു സുഗന്ധ്. സാന്ത്വനം സീരിയൽ ഷൂട്ടില്ലാത്ത സമയത്ത് യുട്യൂബ് വ്ലോഗിങും അച്ചു ചെയ്യാറുണ്ട്. ഇപ്പോഴിതാ മനസമ്മതം ഷോർട്ട് മൂവിയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് അച്ചുവും മഞ്ജുഷയും.
മനസമ്മതം ഷോർട്ട് മൂവിയുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളും ട്രെയിലറും എല്ലാം പുറത്തിറങ്ങിയപ്പോൾ തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് പലരും തെറ്റിദ്ധരിച്ചുവെന്നാണ് അച്ചു സുഗന്ധും മഞ്ജുഷയും പറയുന്നത്. 'എന്റെയും മഞ്ജുഷയുടെയും മനസമ്മതം എന്ന രീതിയിലാണ് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ പല ഓൺലൈൻ മീഡിയയിലും വാർത്തകൾ വന്നതും ആളുകൾ തെറ്റിദ്ധരിച്ചതും.' 'സാന്ത്വനത്തിന് ശേഷം മനസമ്മതത്തിന്റെ പോസ്റ്ററിലാണ് ആളുകൾ ഞങ്ങളെ ഒരുമിച്ച് ആദ്യമായി കാണുന്നത്. മഞ്ജുഷയും അച്ചുവും തമ്മിലുള്ള മനസമ്മതം എന്നൊക്കെ വാർത്തകൾ വന്നപ്പോൾ കൂട്ടുകാരും പരിചയക്കാരും തെറ്റിദ്ധരിച്ചു.'
'എന്റെ സുഹൃത്തുക്കൾ വരെ എന്നെ വിളിച്ച് ചിലവ് ചോദിച്ചു. അളിയാ... എങ്ങനെ സെറ്റാക്കി എന്നൊക്കെയാണ് അവർ ചോദിച്ചത്. ഞങ്ങളുടെ ഷോർട്ട് മൂവിയുടെ സംവിധായകൻ വിപിൻ ചേട്ടന്റെ ജീവിതത്തിൽ നടന്ന കഥയാണ് മനസമ്മതിനായി ഉപയോഗിച്ചിരിക്കുന്നത്. പുള്ളിയുടെയും പുള്ളിയുടെ വൈഫിന്റെയും ലൈഫിൽ നടന്ന കഥയാണ്.' 'വളരെ സാറ്റിസ്ഫാക്ഷൻ തോന്നിയൊരു വർക്കാണ് മനസമ്മതം', എന്നാണ് അച്ചു സുഗന്ധ് പുത്തൻ ഷോർട്ട് ഫിലിമിന്റെ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.
മനസമ്മതത്തിന് മുമ്പ് കോഫി വിത്ത് ലവ് എന്നൊരു ഷോർട്ട് ഫിലിമിലും അച്ചുവും മഞ്ജുഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഷോർട്ട് ഫിലിമിലെ കൂർക്കം വലിക്കുന്ന സീനിൽ മഞ്ജുഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് അച്ചുവായിരുന്നു. തനിക്ക് ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് അച്ചു ചെയ്തതെന്നാണ് മഞ്ജുഷ പറഞ്ഞത്.
'എനിക്ക് ഒട്ടും മനസിലാക്കാൻ പറ്റാതെ പോയൊരു ആളാണ് അച്ചു ചേട്ടൻ. അഭിനയിക്കുന്ന സമയത്തല്ലാതെ ഞങ്ങൾ പൊതുവെ പരസ്പരം സംസാരിക്കാറില്ല. പലയിടങ്ങളിലും പല രീതിയിലാണ് ചേട്ടൻ പെരുമാറുന്നത്. അതുകൊണ്ട് ചേട്ടന്റെ റിയൽ ക്യാരക്ടർ മനസിലാക്കാൻ പറ്റിയിട്ടില്ലെന്നാണ്', അച്ചു സുഗന്ധിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കിട്ട് അച്ചു പറഞ്ഞത്. മൂഡ്സ്വിങ്സ് ഒരുപാടുള്ളയാളാണ് താനെന്നാണ് അച്ചു സുഗന്ധ് അതിനുള്ള മറുപടിയായി പറഞ്ഞത്. സാന്ത്വനത്തിലെ പ്രധാന താരങ്ങൾ ആയതുകൊണ്ട് തന്നെ ഗോപിക അനിൽ-ഗോവിന്ദ് പത്മസൂര്യ വിവാഹത്തെ കുറിച്ചും ഇരുവരും പ്രതികരിച്ചു. വിവാഹനിശ്ചയത്തിന് കുറച്ച് നാളുകൾക്ക് മുമ്പ് ഗോപിക തന്നോട് പറഞ്ഞിരുന്നുവെന്നാണ് അച്ചു പറഞ്ഞത്.
'വിവാഹനിശ്ചയത്തിന് കുറച്ച് നാളുകൾക്ക് മുമ്പ് ഗോപിക എന്നോട് ജിപിയുടെ കാര്യം പറഞ്ഞിരുന്നു. സാന്ത്വനത്തിലെ ആരും വിവാഹനിശ്ചയത്തിന് പോകാതിരുന്നത് ഗോപിക സീരിയൽ അഭിനയം നിർത്താൻ പോകുന്നത് കൊണ്ടാണ് എന്നൊക്കെ കുറെ വാർത്തകൾ കണ്ടിരുന്നു.' 'അതൊക്കെ തെറ്റാണ്. ഞങ്ങളെ ആരെയും ഗോപിക വിളിച്ചില്ലെന്ന് വാർത്തകൾ വന്നതും തെറ്റാണ്. ഗോപിക സീരിയൽ അഭിനയം നിർത്തിയോയെന്ന് പലരും എന്നോടും ചോദിച്ചിരുന്നു. അവരുടെ കുടുംബത്തെ മാത്രം ഉൾക്കൊള്ളിച്ച് നടത്തിയ ഫങ്ഷനായിരുന്നുവല്ലോ', എന്നാണ് അച്ചു പറഞ്ഞത്.
#santhwanam #serial #actors #achusugandh #manjushamartin #reacted #gossips