---
title: "#amitsadh | സുശാന്തിനെ വിളിക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ...; സുശാന്തിന‌ടുത്തെത്താൻ ആഗ്രഹിച്ചിരുന്നു; അമിത് സാദ്"
english_title: "#amitsadh #openup #failed #attempt #reach #sushant #reveals #he #care"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162027/amitsadh-openup-failed-attempt-reach-sushant-reveals-he-care"
published_at: "2023-11-14T10:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552ff9106992_sushand.jpg"
keywords: []
---

# #amitsadh | സുശാന്തിനെ വിളിക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ...; സുശാന്തിന‌ടുത്തെത്താൻ ആഗ്രഹിച്ചിരുന്നു; അമിത് സാദ്

> **Lead Summary:** **ബോ**ളിവുഡിന്റെ ചരിത്രത്തിൽ ഏറ്റവും വിവാ​ദമായ സംഭവങ്ങളിലൊന്നാണ് സുശാന്ത് സിം​ഗ് രാജ്പുതിന്റെ ആത്മഹത്യയും പിന്നീ‌ടുണ്ടായ വിവാ​ദങ്ങളും. മുൻനിര സ്ഥാനത്ത് നിന്നും അകന്ന് തുടങ്ങിയ ഒരു നടൻ മരിച്ചപ്പോൾ ഇത്ര വലിയ കോലാഹലമുണ്ടാകുമെന്ന് ബി ടൗണിലെ പ്രമുഖരാരും കരുതിയിരുന്നില്ല.

## Article Content

**ബോ**ളിവുഡിന്റെ ചരിത്രത്തിൽ ഏറ്റവും വിവാ​ദമായ സംഭവങ്ങളിലൊന്നാണ് സുശാന്ത് സിം​ഗ് രാജ്പുതിന്റെ ആത്മഹത്യയും പിന്നീ‌ടുണ്ടായ വിവാ​ദങ്ങളും. മുൻനിര സ്ഥാനത്ത് നിന്നും അകന്ന് തുടങ്ങിയ ഒരു നടൻ മരിച്ചപ്പോൾ ഇത്ര വലിയ കോലാഹലമുണ്ടാകുമെന്ന് ബി ടൗണിലെ പ്രമുഖരാരും കരുതിയിരുന്നില്ല.

എന്നാൽ ഇൻഡസ്ട്രിക്കെതിരെ അതുവരെയില്ലാത്ത ജനരോഷം സുശാന്തിന്റെ മരണത്തോടെ ഉടലെടുത്തു. ബി ‌ടൗണിലെ വമ്പൻമാരെല്ലാം ക്രൂശിക്കപ്പെട്ടു. വിഷാദരോ​ഗമാണ് സുശാന്തിന്റെ ആത്മ​ഹത്യക്ക് കാരണമായതെന്നാണ് പുറത്ത് വന്ന വിവരം. അതേസമയം സുശാന്തിനെ മാനസികമായി തകർത്ത സംഭവങ്ങൾ ഓരോന്നായി ആരാധകർ ചൂണ്ടിക്കാട്ടി. കരിയറിൽ മികച്ച തുടക്കം ലഭിച്ച സുശാന്തിന് പിന്നീ‌ട് അവസരങ്ങൾ നഷ്ട‌പ്പെടുകയാണുണ്ടായത്. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ കരിയറിനെ ബാധിച്ചതെന്ന് ആരോപണം വന്നു.

അതേസമയം വിഷാദരോ​ഗം മൂലം നാളുകളായി സുശാന്ത് ബു​ദ്ധിമുട്ടുന്നുണ്ടായിരുന്നു. മരണശേഷം സുശാന്തിന്റെ പങ്കാളി റിയ ചക്രബർത്തിയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ബോളിവുഡിലെ ലൈം ലൈറ്റിൽ നിന്നും അകന്ന് നിന്ന സുശാന്തിനെ സൗഹൃദവലയങ്ങളിലും അധികം കാണാറില്ലായിരുന്നു. സുശാന്തിനെ മാനസിക പ്രയാസങ്ങൾ ആരെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ നടൻ ഇന്ന് ജീവനോടെയുണ്ടായിരുന്നേനെയെന്ന് ആരാധകർ പറയുന്നു. ഇപ്പോഴിതാ സുശാന്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ പറ്റാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സുഹൃത്തായിരുന്ന നടൻ അമിത് സാദ്. ഇരുവരും 'കായ് പോ ചെ' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചി‌ട്ടുണ്ട്.

സുശാന്തിനെ മനസിലാക്കാൻ പറ്റാത്തതിൽ കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. സുശാന്തുമായി സംസാരിക്കാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. അതിനാൽ കുറ്റബോധം ഇല്ലെന്ന് അമിത് സാദ് മറുപടി നൽകി. അതേസമയം സുശാന്തിന‌ടുത്തെത്താൻ കഴിയാതിരുന്നതിൽ തനിക്ക് നിരാശയുണ്ടെന്നും അമിത് സാദ് വ്യക്തമാക്കി.

സുശാന്തിന്റെ മരണ ശേഷം സുഹൃത്തുക്കളുടെ കാര്യത്തിൽ താൻ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും അമിത് സാദ് വ്യക്തമാക്കി. അഞ്ചോ ആറോ മാസം സുഹൃത്തുക്കൾ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തില്ലെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കും. സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമെന്ന് അമിത് സാദ് വ്യക്തമാക്കി. എല്ലാവരും ഇങ്ങനെ ചെയ്യണമെന്നും അമിത് സാദ് അഭിപ്രായപ്പെട്ടു. 

2020 ലാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. 34ാം വയസിലാണ് സുശാന്ത് വിട പറഞ്ഞത്. മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും വന്നു. സുശാന്തിന് വിഷാദരോ​ഗമുള്ളത് പലർക്കും അറിയില്ലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ന‌ട‌ന്റെ കുടുംബം രംഗത്തെത്തി.

നടന്റെ ഫാൻ പേജുകൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. സുശാന്തിന്റെ ആത്മഹത്യക്ക് ശേഷം മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്താകമാനം ചർച്ചകൾ നടന്നു. ബോളിവുഡിന്റെ ഇരുണ്ട വശങ്ങളും മറനീക്കി പുറത്ത് വന്നു. സിനിമാ പാരമ്പര്യമില്ലാത്ത പുതുമുഖങ്ങൾക്ക് ബോളിവുഡിൽ നേരി‌ടേണ്ടി വരുന്ന അവ​ഗണനകൾ ഏവരും ചൂണ്ടിക്കാട്ടി. 

ബോളിവുഡിലെ പല പ്രമുഖർക്കെതിരെയും സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം വന്നു. ഏറെക്കാലം ഈ പ്രതിഷേങ്ങൾ നീണ്ടു നിന്നു. അടുത്തിടെയാണ് സുശാന്ത് തൂങ്ങിമരിച്ച ഫ്ലാറ്റ് വാങ്ങാൻ ഒരാൾ തയ്യാറായത്. ഏറെക്കാലം ഫ്ലാറ്റ് വാങ്ങാൻ ആരും തയ്യാറായിരുന്നില്ല. സുശാന്തിന്റെ മരണമുണ്ടാക്കിയ ആഘാതം കുടുംബത്തിന് ഇതുവരെയും മാറിയിട്ടില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/162027/amitsadh-openup-failed-attempt-reach-sushant-reveals-he-care)