---
title: "#PakistanArtists | പാകിസ്താനിൽ നിന്നുള്ള കലാകാരന്മാരെ ഇന്ത്യയിൽ പൂർണ്ണമായി നിരോധിക്കണം -ഹർജി തള്ളി ബോംബെ ഹൈക്കോടതി"
english_title: "#PakistanArtists #Bombay #HighCourt #rejects #petition #ban #artists #Pakistan #India"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156616/pakistanartists-bombay-highcourt-rejects-petition-ban-artists-pakistan-india"
published_at: "2023-10-24T22:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537f7fdaf36c_artist.jpg"
keywords: []
---

# #PakistanArtists | പാകിസ്താനിൽ നിന്നുള്ള കലാകാരന്മാരെ ഇന്ത്യയിൽ പൂർണ്ണമായി നിരോധിക്കണം -ഹർജി തള്ളി ബോംബെ ഹൈക്കോടതി

> **Lead Summary:** **മുംബൈ : **പാകിസ്താനിൽ നിന്നുള്ള കലാകാരന്മാരെ ഇന്ത്യയിൽ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ബോംബെ ഹൈക്കോടതി.

## Article Content

**മുംബൈ : **പാകിസ്താനിൽ നിന്നുള്ള കലാകാരന്മാരെ ഇന്ത്യയിൽ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ബോംബെ ഹൈക്കോടതി.

ഒരു രാജ്യസ്‌നേഹിയാകാൻ അയൽ രാജ്യങ്ങളോട് ശത്രുത പുലർത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിനും ജോലി ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫായീസ് അന്‍വര്‍ ഖുറേഷി എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

* 'ഒരു രാജ്യസ്‌നേഹിയാകാൻ വിദേശത്ത് നിന്നുള്ളവരോട്, പ്രത്യേകിച്ച് അയൽരാജ്യത്ത് നിന്നുള്ളവരോട് ശത്രുത പുലർത്തേണ്ടതില്ല. ഒരു യഥാർത്ഥ ദേശസ്നേഹി തന്റെ രാജ്യത്തിനുവേണ്ടി അർപ്പണബോധമുള്ള വ്യക്തിയായിരിക്കും. *

*നല്ല മനസ്സുള്ള ഒരു വ്യക്തി രാജ്യത്തിനകത്തും അതിർത്തിക്കപ്പുറത്തും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവർത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യും'*, കോടതി പറഞ്ഞു.

കല, സംഗീതം, കായികം, സംസ്‌കാരം, നൃത്തം തുടങ്ങി ദേശീയതകൾക്കും സംസ്‌കാരങ്ങൾക്കും രാഷ്ട്രങ്ങൾക്കും അതീതമായി ഉയർന്നുവരുന്ന പ്രവർത്തനങ്ങളാണ് രാജ്യത്തും രാജ്യങ്ങൾക്കിടയിലും സമാധാനവും ഐക്യവും സൗഹാർദവും കൊണ്ടുവരുന്നതെന്നും ഉത്തരവിൽ പറഞ്ഞു.

ലോകകപ്പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഇന്ത്യയില്‍ കളിക്കുന്നതിനാല്‍, പാകിസ്താന്‍ ഗായകരെയും കലാകാരന്മാരെയും ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആളുകള്‍ ലോകകപ്പ് ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഇത് ഇന്ത്യന്‍ കലാകാരന്മാരുടെ തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഖുറേഷി തന്റെ ഹര്‍ജിയില്‍ പറഞ്ഞു. എന്നാൽ, ഹർജിക്കാരന്റെ ആശങ്കയിലും ദേശസ്‌നേഹം സംബന്ധിച്ച ആശയത്തിലും യാതൊരു മെറിറ്റും കണ്ടെത്തുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/156616/pakistanartists-bombay-highcourt-rejects-petition-ban-artists-pakistan-india)