മാതാപിതാക്കളുമായി ഗൃഹപാഠം ചെയ്യുന്നതുമായി ബന്ധപ്പെട്ട വഴക്കടിച്ചതിന് പിന്നാലെ ഒരു സ്കൂൾ കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയ സംഭവത്തിൽ അതിശയിപ്പിക്കുന്ന ഒരു വഴിത്തിരിവ്. ചൈനയിലെ ഷാങ്ഹായില്‍ കഴിഞ്ഞ സെപ്തംബര്‍ 20 നാണ് സംഭവം നടന്നത്.
പാതിരാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും മുമ്പ് അവന്‍ ഒരു കുറിപ്പെഴുതി വച്ചു. രാവിലെ കുട്ടിയുടെ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്. ഈ കുറിപ്പ് ഇപ്പോള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. രാജ്യത്തെ കുട്ടികള്‍ നേരിടുന്ന അക്കാദമിക് സമ്മര്‍ദ്ദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ആ 11 കാരന്‍റെ കുറിപ്പ് തുടക്കമിട്ടത്.
ആ പതിനൊന്നുകാരന്‍റെ കത്തില്‍, പുറം ലോകത്തെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കണമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ വരുമെന്നും അവന്‍ എഴുതി. കുട്ടിയുടെ കുറിപ്പാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളെ രസിപ്പിച്ചത്. ആ പതിനൊന്നുകാരന്‍ ധീരനും ശക്തനുമായ വ്യക്തിയാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു.
മറ്റ് ചിലര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് വാചാലരായി. അജ്ഞാതമായ കാരണങ്ങളാല്‍ തന്‍റെ ഫോണ്‍ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും താന്‍ തിരിച്ച് വന്നിട്ട് ബാക്കിയുള്ള ഗൃഹപാഠം ചെയ്യാമെന്നും അവന്‍ കുറിപ്പിലെഴുതിയെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പരാതി ലഭിച്ചതിന് പിന്നാലെ വീടിന് സമീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചപ്പോള്‍ സബ്‍വേയ്ക്ക് സമീപത്തായി കുട്ടി ബെഡ്ഷീറ്റുമായി പോകുന്നത് കണ്ടെത്തി. ഒരു ദിവസത്തിന് ശേഷം പോലീസ് കുട്ടിയെ ഷോപ്പിംഗ് മാളില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരമൊരു കടുത്ത നടപടിക്ക് ശേഷവും കുട്ടിയുടെ ശക്തമായ ആത്മനിയന്ത്രണത്തെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിച്ചു. ചൈനയിലെ അക്കാദമിക രംഗത്തെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് നിരവധി പേരാണ് കുറിപ്പെഴുതിയത്. “അവൻ തികച്ചും ധീരനും സ്വതന്ത്ര ചിന്താഗതിയുമുള്ള ആൺകുട്ടിയാണ്.
" ഒരാള്‍ സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. "കുട്ടികൾക്ക് ഇപ്പോൾ ഗൃഹപാഠം മാത്രമേയുള്ളൂ, ഒരിടത്തും അവരെ കാണാനില്ല." മറ്റൊരാള്‍ എഴുതി.
അധ്യാപകരും മാതാപിതാക്കളും നൽകുന്ന ടൺ കണക്കിന് ടാസ്‌ക്കുകൾ കാരണം ചൈനയിലെ സ്കൂൾ കുട്ടികളെ ഇപ്പോള്‍ സ്കൂൾ സമയത്തിന് ശേഷം പുറത്ത് കളിക്കാൻ അനുവദിക്കുന്നില്ല. വാരാന്ത്യങ്ങളിൽ അവർക്ക് വിശ്രമിക്കാൻ പോലും കഴിയില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ എഴുതിയെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
#11yearold #left #home #writing #note #because #he #couldn't #bear #pressure #homework!