---
title: "#Sridevi | ‌‌ ശ്രീദേവിയുടെ മരണത്തിന് പിന്നിൽ അധോലോകമോ?; ഇൻഷുറൻസ് തുകയും ബാത്ത് ടബ്ബിലെ മുങ്ങിമരണവും ദുരൂഹതയിലേക്ക് "
english_title: "#sridevi #60thbirth #anniversary #really #happened #her #demise"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138741/sridevi-60thbirth-anniversary-really-happened-her-demise"
published_at: "2023-08-13T22:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d910b568a6f_sredevi2.jpg"
keywords: []
---

# #Sridevi | ‌‌ ശ്രീദേവിയുടെ മരണത്തിന് പിന്നിൽ അധോലോകമോ?; ഇൻഷുറൻസ് തുകയും ബാത്ത് ടബ്ബിലെ മുങ്ങിമരണവും ദുരൂഹതയിലേക്ക് 

> **Lead Summary:** **ഇ**ന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിയായ ശ്രീദേവി ജീവിച്ചിരുന്നെങ്കിൽ ഇന്ന് അറുപത് വയസ് തികഞ്ഞേനെ. നടിയുടെ ജൻമവാർഷികത്തിന് നിരവധി പേരാണ് ഓർമ്മക്കുറിപ്പുകളും ആശംസകളും പങ്കുവെക്കുന്നത്. ഭർത്താവ് ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുശി കപൂർ എന്നിവരും സോഷ്യൽ മീഡിയയിൽ ശ്രീദേവിയുടെ പഴയ ചിത്രങ്ങൾ പങ്കുവെച്ചു. കുടുംബത്തെ സംബന്ധിച്ച് ശ്രീദേവിയുടെ മരണം വലിയ ആഘാതമായിരുന്നു. 

## Article Content

**ഇ**ന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിയായ ശ്രീദേവി ജീവിച്ചിരുന്നെങ്കിൽ ഇന്ന് അറുപത് വയസ് തികഞ്ഞേനെ. നടിയുടെ ജൻമവാർഷികത്തിന് നിരവധി പേരാണ് ഓർമ്മക്കുറിപ്പുകളും ആശംസകളും പങ്കുവെക്കുന്നത്. ഭർത്താവ് ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുശി കപൂർ എന്നിവരും സോഷ്യൽ മീഡിയയിൽ ശ്രീദേവിയുടെ പഴയ ചിത്രങ്ങൾ പങ്കുവെച്ചു. കുടുംബത്തെ സംബന്ധിച്ച് ശ്രീദേവിയുടെ മരണം വലിയ ആഘാതമായിരുന്നു. 

ശ്രീദേവി മരിക്കുമ്പോൾ ജാൻവിക്ക് പ്രായം 21 ആണ്. ഖുശി കൗമാരക്കാരിയും. അമ്മയുടെ സ്നേഹവാത്സല്യത്തിൽ വളർന്ന ജാൻവിക്കും ഖുശിക്കും ആശ്വാസം പകർന്ന് പിതാവ് ബോണി കപൂർ ഒപ്പമുണ്ടായിരുന്നു. എന്നാൽ പ്രിയപ്പെട്ട ഭാര്യയെ നഷ്ടപ്പെട്ട സങ്കടം ബോണി കപൂറിനും താങ്ങാൻ പറ്റിയില്ല. ബോണിയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളായ അർ‌ജുൻ കപൂറും അൻഷുള കപൂറും അകൽച്ചയെല്ലാം മറന്ന് പിതാവിനെയും അർധ സഹോദരിമാരെയും ആശ്വസിപ്പിക്കാനെത്തി.

ശ്രീദേവിയുടെ മരണ ശേഷമാണ് അർജുനും അൻഷുളയും ബോണിയുമായി കൂടുതൽ അടുക്കുന്നത്. നടിയുടെ മരണം അന്ന് ഏറെ അഭ്യൂഹങ്ങൾക്ക് കാരണമായി. ദുബായിൽ ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു ശ്രീദേവി. അന്ന് രാത്രി താമസിച്ച ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ശ്രീദേവി മദ്യപിച്ചിരുന്നതായി കണ്ടെത്തി. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നാണ് അന്ന് ദുബായ് പൊലീസ് പറഞ്ഞത്. 

എന്നാൽ ഈ വാദം അന്ന് സംശയത്തിന്റെ നിഴലിലായി. ആരോ​ഗ്യവതിയായ ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുക എന്ന് പറയുന്നത് വിശ്വാസ്യയോ​ഗ്യമല്ലെന്ന ആരോപണം ഉയർന്നു. ബോളിവുഡിനെ ഇളക്കി മറിച്ച ചില സംഭവങ്ങളാണ് പിന്നീടുണ്ടായത്. ശ്രീദേവിയെ കൊല ചെയ്തതാണെന്ന ആരോപണവുമായി ഫിലിം മേക്കർ സുനിൽ സിം​ഗ് രം​ഗത്ത് വന്നു. മരണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീം കോടതിയിൽ ഹർജി നൽകി.

ശ്രീദേവിയുടെ പേരിൽ വിദശത്ത് 240 കോടി രൂപയുടെ ഇൻഷൂറൻസ് ഉണ്ട്. ദുബായിൽ വെച്ച് ശ്രീദേവി മരിച്ചാൽ മാത്രമേ ഈ തുക കിട്ടൂ. അതിന് വേണ്ടി നടന്ന കൊലയാണെന്ന് വാദമാണ് ഇദ്ദേഹത്തിന്റെ ഹർജിയിലുണ്ടായിരുന്നത്. എന്നാൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഈ വാദം വിശ്വാസ്യയോ​ഗ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ദുബായ് അധികൃതർ മരണത്തിൽ അന്വേഷണം നടത്തിയതാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയും ചെയ്തു. 

എന്നാൽ അഭ്യൂഹങ്ങൾ അത് കൊണ്ടും അവസാനിച്ചില്ല. റിട്ട. എസിപി വേദ് ഭൂഷൺ എന്ന വ്യക്തിയുടെ ആരോപണവും ചർച്ചയായി. അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റെ കൈകൾ ഈ മരണത്തിന് പിന്നിൽ ഉണ്ടെന്ന ആരോപണമാണ് ഇദ്ദേഹം ഉന്നയിച്ചത്. ദുബായ് പൊലീസ് വളരെ പെട്ടെന്ന് കേസിന്റെ അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ട്. ദാവൂദ് സ്വാധീനം ഉപയോ​ഗിച്ച് കേസ് ഒതുക്കി തീർത്തതാണ്, തന്റെ കൈയിലുള്ള തെളിവ് ഉചിത സമയത്ത് പുറത്ത് വിടുമെന്നും അന്ന് ഭൂഷൺ പറഞ്ഞു.

എന്നാൽ കാലക്രമേണ ഇത്തരം വാദങ്ങൾ അവസാനിച്ചു. ശ്രീദേവിയെ പോലെ ദുരൂഹസാഹചര്യത്തിലാണ് നടി ദിവ്യ ഭാരതിയും മരിച്ചത്. 1993 ൽ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണായിരുന്നു അന്ത്യം. അധോലോക നേതാക്കളുമായുള്ള പ്രശ്നത്തിൽ നടി കൊല്ലപ്പെട്ടതാണെന്ന ആരോപണം അന്നുയർന്നു. എന്നാൽ പൊലീസ് ഈ വാദം അം​ഗീകരിച്ചില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/138741/sridevi-60thbirth-anniversary-really-happened-her-demise)