ഹോളിവുഡ് സിനിമകളിൽ സർവ സാധാരണമാണ് ചുംബന രംഗങ്ങളും ഇഴുകി ചേർന്നുള്ള നടീ നടന്മാരുടെ സീനുകളും. ഹോളിവുഡ് സിനിമകളുമായി ഇന്ത്യൻ സിനിമയെ താരതമ്യപ്പെടുത്തുമ്പോൾ ബോളിവുഡിൽ മാത്രമാണ് ഇത്തരം ഇന്റിമേറ്റ് സീനുകൾ അധികമായി കാണുന്നത്.
ഇപ്പോൾ ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും മടി കൂടാതെ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി ലാറ ദത്ത. സിനിമകളിലെ ചുംബന രംഗങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ ഒരുപാട് ആലോചിക്കേണ്ടി വരാറില്ലെന്നും മറ്റെല്ലാ സീനുകളേയും പോലെ ഒന്നാണ് എന്ന ചിന്തയോടെയാണ് അഭിനയിക്കുന്നതെന്നും ലാറ ദത്ത പറയുന്നു.
സെറ്റിൽ ഇത്തരം രംഗങ്ങളുടെ ഷൂട്ടിനെത്തുമ്പോൾ ഇവയും സാങ്കേതികതയുള്ളതാണെന്ന് മനസിലാക്കിയതിനാൽ സ്‌ക്രീനിൽ ചുംബിക്കുന്നതിലും അടുപ്പമുള്ള രംഗങ്ങൾ ചെയ്യുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടില്ലെന്നും ലാറ ദത്ത പറഞ്ഞു.
ആക്ഷൻ രംഗങ്ങൾ പോലെ തന്നെ ഇന്റിമേറ്റ് സീനുകളും കൊറിയോഗ്രാഫി ചെയ്തിട്ടാണ് നടീനടന്മാർ അത് സ്ക്രീനിൽ അവതരിപ്പിക്കുന്നതെന്നും ലാറ ദത്ത പറയുന്നു. ലാറ ദത്തയുടെതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ വെബ്സീരിസായ ഹിക്കപ്സ് ആന്റ് ഹുക്കപ്സിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ലാറ നിലപാട് വ്യക്തമാക്കിയത്. പ്രതീക് ബാബറാണ് ലാറയുടെ ആദ്യ വെബ് സീരിസായ ഹിക്കപ്സ് ആന്റ് ഹുക്കപ്സിൽ നായകൻ.
വസുദ എന്ന വിവാഹമോചിതയായ സ്ത്രീയുടെ വേഷമാണ് ലാറ ദത്ത സീരിസിൽ അവതരിപ്പിക്കുന്നത്. വസുദയുടെ സഹോദരൻ അഖിലായിട്ടാണ് പ്രതീക് ബാബർ അഭിനയിച്ചിരിക്കുന്നത്. വസുദയുടെ മകൾ കവന്യയായി ഷിന്നോവയും അഭിനയിച്ചിരിക്കുന്നു. ഡേറ്റിങ് ആപ്പ് വഴി വസുദ നിരവധി പുരുഷന്മാരുമായി അടുക്കുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ മേമ്പൊടിയോടെ സീരിസിൽ അവതരിപ്പിച്ചിരിക്കുന്നത്.
സീരിസിൽ നിരവധി ഇന്റിമേറ്റ് സീനുകളിൽ ലാറ ദത്ത അഭിനയിച്ചിട്ടുണ്ട്. കുണാൽ കോഹ്ലിയാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ 26 മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സീരിസ് സംപ്രേഷണം ചെയ്ത് തുടങ്ങും. 'ഒരു അഭിനേതാവെന്ന നിലയിൽ എല്ലാ വശങ്ങളും പര്യവേക്ഷണം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഞാനും ഒരാളുടെ ഭാര്യയാണ്. ഞാനും അമ്മയാണ്.. മകളാണ്... മരുമകളാണ്.
ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ... നമുക്ക് കൈമാറി വന്ന് ലഭിച്ചിരിക്കുന്ന ചില ചിട്ടകളുണ്ട് നിയമങ്ങളുണ്ട് സംസ്കാരമുണ്ട്. അത് നമ്മിൽ വേരൂന്നിയതാണ്. അതിനാൽ... തീർച്ചയായും ഞാൻ ഇതുപോലുള്ള ഒരു വെബ് സീരിസ് ചെയ്യാൻ പോകുകയാണെങ്കിൽ സീരിസ് ആവശ്യപ്പെടുന്ന രംഗങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകും മുമ്പ് നന്നായി ചിന്തിക്കേണ്ടതുണ്ട്' ഒരു അഭിമുഖത്തിൽ ലാറ ദത്ത വ്യക്തമാക്കി.
സീരിസ് ഏറ്റെടുക്കും മുമ്പ് ലാറയുടെ ഭർത്താവും മുൻ ടെന്നീസ് താരവുമായ മഹേഷ് ഭൂപതിയുമായി ചർച്ച നടത്തിയിരുന്നുവെന്നും ലാറ പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം സീരിസും സീരിസിലെ കഥയും സഞ്ചരിക്കുന്ന രീതിയും എന്റെ ഭർത്താവായ മഹേഷുമായി ചർച്ച ചെയ്യുന്നത് വളരെ പ്രധാനമായിരുന്നു.
ഞാൻ ഇത്തരം രംഗങ്ങൾ ചെയ്യുന്നതിൽ താൽപര്യമില്ലാത്തയാളാണോ, ഞാൻ എതൊക്കെ തരത്തിലുള്ള രംഗങ്ങൾ ചെയ്യും, എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാകും, എന്റെ സുരക്ഷാ മേഖലകൾ എന്താണ്, എന്റെ പരിധികൾ എന്താണ് എന്നിവയെ കുറിച്ച് ചർച്ച ചെയ്യുകയും പരസ്പരം തുറന്ന് സംസാരിച്ച് വിലരയിരുത്തുകയും ചെയ്തു. മാത്രമല്ല ഞാൻ ലാറ ദത്ത എന്ന നടിയാണ് എന്ന കാര്യത്തിൽ പൂർണ ബോധ്യവുമുണ്ടായിരുന്നു. അതിനാൽ ഞാൻ ഇന്ന് വരെ അഹങ്കാരിയായി ഇരുന്നിട്ടുമില്ല' ലാറ ദത്ത പറഞ്ഞു.
സീരിസിൽ ഇന്റിമേറ്റ് സീനുകൾ ചിത്രീകരിച്ചപ്പോഴുണ്ടായിരുന്ന മനോഭാവത്തെ കുറിച്ചും ലാറ ദത്ത വിശദീകരിച്ചു. ഞാൻ മുമ്പും ഇത്തരത്തിലുള്ള സീനുകൾ സിനിമകളിൽ ചെയ്തിട്ടുണ്ട്. സ്‌ക്രീനിൽ ചുംബന രംഗങ്ങൾ അഭിനയിക്കുന്നതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് എനിക്കറിയാം.
ഒരു നടി എന്ന നിലയിൽ ഈ രംഗങ്ങൾ എത്രത്തോളം സാങ്കേതികമായി ചിത്രീകരിക്കുന്നതാണെന്നതിലും ബോധ്യമുണ്ട്. നമ്മൾ സെറ്റിൽ കയറുമ്പോൾ പെട്ടന്ന് ഈ രംഗങ്ങൾ സംഭവിക്കുന്നതല്ല. രണ്ടുപേരെ നിർത്തി നിങ്ങൾ ചുംബിക്കൂ കെമിസ്ട്രി വരുന്നുണ്ടോ എന്ന് നോക്കാം എന്നരീതിയിലുമല്ല ചിത്രീകരിക്കുന്നത്.
എഴുത്തിന്റെ ഘട്ടം മുതൽ ചിന്തിച്ചതിനും തിരുത്തിയതിനും ശേഷമാണ് സെറ്റിൽ വെച്ച് ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്യുന്നത്. കുണാൽ കോഹ്ലിയെ പോലെ ഒരു സംവിധായകനെയാണ് ലഭിച്ചത് എന്നതും സന്തോഷം പകർന്ന കാര്യമായിരുന്നുവെന്നും ലാറ ദത്ത പറഞ്ഞു.
ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങൾക്ക് കഴിവുകൾ ഉണ്ടായിരിക്കാം. കുണാൽ കൊഹ്ലിയെപ്പോലെ നിർദേശങ്ങൾ തുറന്നുപറയുന്ന ഒരു മികച്ച സംവിധായകൻ കൂടായാണ് ഒപ്പമുള്ളതെങ്കിൽ കാര്യങ്ങൾ കൂടുതൽ സുഖപ്രദമാകും. തന്റെ അഭിനേതാക്കളുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകണം എന്ന ചിന്തയുള്ള ആളാണ് അദ്ദേഹം.
അതിനാൽ ഷൂട്ടിങ് സമയത്ത് ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഒന്നും തന്നെ സംഭവിക്കില്ല. അതിനാൽ തന്നെ ഇന്റിമേറ്റ് രംഗങ്ങൽ കൃത്യമായി നേരത്തെ കൊറിയോഗ്രാഫ് ചെയ്ത ശേഷമാണ് അഭിനയിക്കുന്നത്. എങ്ങനെയാണോ ഒരു ആക്ഷൻ രംഗം എടുക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത് അത് തന്നെയാണ് ഇത്തരം സീനുകൾ ചിത്രീകരിക്കുമ്പോഴും ശ്രദ്ധിക്കുന്നതും' ലാറ ദത്ത വിശദമാക്കി.
2003ൽ അൻദാസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു ലാറ സിനിമയിലേക്ക് എത്തിയത്. അക്ഷയ് കുമാർ സിനിമ ബെൽ ബോട്ടമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ലാറ ദത്തയുടെ സിനിമ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടായിരുന്നു ലാറ ദത്ത സിനിമയിൽ അഭിനയിച്ചത്.
2011ൽ ആണ് ഇന്ത്യൻ ടെന്നീസ് പ്ലയറായ മഹേഷ് ഭൂപതിയെ താരം വിവാഹം ചെയ്തത്. നടനും മോഡലുമായ കെല്ലി ഡോർജിയുമായി ഒമ്പത് വർഷത്തോളം പ്രണയത്തിലായിരുന്നു ലാറ ദത്ത എന്ന പിന്നീട് പ്രണയം തകർന്നു. ശേഷം ബേസ് ബോൾ പ്ലയർ ഡെറക്കുമായി പ്രണയത്തിലായി എന്നാൽ അതും വിവാഹം വരെ എത്തിയില്ല. പിന്നീടാണ് മഹേഷ് ഭൂപതിയെ ലാറ വിവാഹം ചെയ്തത്.
She has obtained her husband's permission to act in kissing scenes; Leading actress