---
title: "കനിമൊഴിയെ കയറ്റിയതിന് വനിത ബസ് ഡ്രൈവര്‍ക്ക് ജോലി നഷ്ടപ്പെട്ട സംഭവം; ശര്‍മിളയ്ക്ക് കാര്‍ സമ്മാനിച്ച് നടൻ "
english_title: "Kamal Haasan's party Makkal Neethi Mayyam has gifted a new car to Sharmila who has lost her job."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125172/kamal-haasans-party-makkal-neethi-mayyam-has-gifted-a-new-car-to-sharmila-who-has-lost-her-job"
published_at: "2023-06-26T14:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64995020b8fb1_kamalahaasan.jpg"
keywords: []
---

# കനിമൊഴിയെ കയറ്റിയതിന് വനിത ബസ് ഡ്രൈവര്‍ക്ക് ജോലി നഷ്ടപ്പെട്ട സംഭവം; ശര്‍മിളയ്ക്ക് കാര്‍ സമ്മാനിച്ച് നടൻ 

> **Lead Summary:** ഡിഎംകെ എംപിയും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി, കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശര്‍മിളയെ ബസില്‍ കയറി അഭിനന്ദിച്ച സംഭവം വലിയ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു.

## Article Content

ഡിഎംകെ എംപിയും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി, കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശര്‍മിളയെ ബസില്‍ കയറി അഭിനന്ദിച്ച സംഭവം വലിയ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു.

ഇതിന് പിന്നാലെ ശര്‍മിള്ക്ക് ജോലി നഷ്ടമാവുകയും ചെയ്തിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ജോലി നഷ്ടപ്പെട്ട ശര്‍മിളയ്ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. കമല്‍ഹാസന്‍ തന്നെയാണ് ശര്‍മിളയ്ക്ക് കാര്‍ കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24കാരി ശര്‍മിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എം പി എത്തിയത്. കനിമൊഴി ബസില്‍ കയറി അഭിനന്ദിച്ചതിന് പിന്നാലെ വനിതാ ഡ്രൈവറെ ജോലിയില്‍ നിന്ന് ഉടമ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കനിമൊഴിയുടെ സന്ദര്‍ശനം നേരത്തെ അറിയിക്കാതിരുന്നതാണ് ഉടമയെ പ്രകോപിപ്പിച്ചത്. സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടിയാണ് ശര്‍മിള ഇത്തരത്തില്‍ ചെയ്തതെന്നും ഇനി മുതല്‍ ജോലിയ്ക്ക് വരേണ്ടന്നും ഉടമ പറഞ്ഞതായി ശര്‍മിള പറഞ്ഞു.

അതേസമയം ജോലിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും ശര്‍മിളയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ജോലി ഉപേക്ഷിച്ചതെന്നുമാണ് ബസ് ഉടമ പറയുന്നത്.

കനിമൊഴി ശര്‍മിളയ്‌ക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിന്റെയും ഒപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളി കൂടിയാണ് ശര്‍മിള.

### Related Links & Sources
- [Original Story Source](https://moviemax.in/news/125172/kamal-haasans-party-makkal-neethi-mayyam-has-gifted-a-new-car-to-sharmila-who-has-lost-her-job)