---
title: " എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്? , കാസ്റ്റിംഗ് കൗച്ച് തുറന്ന് പറഞ്ഞ് താരം "
english_title: "How dare someone talk to me like that? , the guest opened the casting couch"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124227/how-dare-someone-talk-to-me-like-that-the-guest-opened-the-casting-couch"
published_at: "2023-06-22T13:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493ff6e071eb_athidhi.jpg"
keywords: []
---

#  എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്? , കാസ്റ്റിംഗ് കൗച്ച് തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** ബോളിവുഡില്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് അതിഥി റാവു ഹൈദരി. മിക്കവരേയും പോലെ വെല്ലുവിളികളും പ്രതിസന്ധികളും അതിഥിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് അനുഭവവും അതിഥിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. 

## Article Content

ബോളിവുഡില്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് അതിഥി റാവു ഹൈദരി. മിക്കവരേയും പോലെ വെല്ലുവിളികളും പ്രതിസന്ധികളും അതിഥിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് അനുഭവവും അതിഥിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. 

പല നടിമാരേയും പോലെ നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന ആവശ്യം അതിഥിയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതിഥി അതിന് തയ്യാറായില്ല. ഇതോടെ കനത്ത പ്രത്യാഘാതങ്ങളാണ് അതിഥിയ്ക്ക് നേരിടേണ്ടി വന്നത്. ഒരിക്കല്‍ സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം അതിഥി പങ്കുവെക്കുന്നുണ്ട്. 

''ഒരു നിമിഷം പോലും ഞാന്‍ ആ തീരുമാനത്തില്‍ കുറ്റബോധപ്പെടുന്നില്ല. എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാരദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും. പക്ഷെ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു.

അതൊരു ഉറച്ച തീരുമാനമാണ്. എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്?'' എന്നാണ് അതിഥി പറയുന്നത്. ''അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല. പക്ഷെ ആ തീരുമാനം എന്നെ കരുത്തയാക്കുകയും എനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണ്. പക്ഷെ 2014 മുതല്‍ എല്ലാം ശരിയായി തുടങ്ങി. ചിലപ്പോള്‍ നമ്മള്‍ക്ക് ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും വേണ്ടി വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്'' എന്നും അതിഥി പറയുന്നു. 

''ആരെയെങ്കിലും ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ ഇപ്പോഴും അസന്തുഷ്ടാരായാണ് ജീവിക്കുന്നതെങ്കില്‍ അവര്‍ക്ക് തുറന്ന് പറയാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവരത് ചെയ്യണം. അവരത് ചെയ്യുന്നില്ലെങ്കില്‍ അത് ജോലി നഷ്ടമാകുമോ എന്ന ഭയം മൂലമാണ്. അതാണ് ഇന്‍ഡസ്ട്രിയിലെ പവര്‍ ഗെയിം. അത് മുളയിലേ നുള്ളണം''. 

എന്തിനാണ് ഭയക്കുന്നത്? ജോലി കിട്ടില്ലെന്ന് കരുതിയാണോ? കഴിവുണ്ടെങ്കില്‍ വേണ്ടവര്‍ നിങ്ങളെ വിളിക്കും. എന്തുകൊണ്ടാണ് തങ്ങള്‍ ഈ ഇന്‍ഡസ്ട്രി തിരഞ്ഞെടുത്തതെന്ന് മനസിലാക്കണം. ഈ മാധ്യമത്തോട് സ്‌നേഹമുണ്ടെങ്കില്‍ ജോലി കിട്ടും. ഇത് ചിലപ്പോള്‍ എന്റെ ബാലിശമായ വിശ്വസമാകാം. പക്ഷെ ഞാനതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്'' അതിഥി കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/124227/how-dare-someone-talk-to-me-like-that-the-guest-opened-the-casting-couch)