ജീവിതത്തിന്റെ പല ഘട്ടത്തിലും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള നടിമാരുടെ തുറന്നു പറച്ചിലുകള്‍ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണമായിട്ടുണ്ട്. പതിമൂന്നാം വയസിലുണ്ടായ ദുരനുഭവം പങ്കുവച്ച സോനം കപൂര്‍ മുതല്‍ പൊതു ഇടത്ത് വച്ച് മോശം അനുഭവം നേരിടേണ്ടി വന്ന നടിമാര്‍ വരെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
തെന്നിന്ത്യയിലേയും ബോളിവുഡിലേയുമെല്ലാം നിറ സാന്നിധ്യമായ നടി അതിഥി റാവു ഹയാദ്രിയും തന്റെ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിഥിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത് അവര്‍ക്ക് 15 വയസ് മാത്രമുള്ളപ്പോഴാണ്. ആ സംഭവം നടന്നതാകട്ടെ കേരളത്തിലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു അതിഥിയുടെ തുറന്ന് പറച്ചില്‍.
കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തില്‍ ദര്‍ശനത്തിനായി വന്നപ്പോഴായിരുന്നു താരത്തിന് മോശം അനുഭവമുണ്ടായത്. ''എനിക്ക് 15 വയസായിരുന്നു. ഞങ്ങള്‍ കേരളത്തിലെ ഒരു അമ്പലത്തില്‍ ദര്‍ശനത്തിന് പോയതാണ്. അവിടെ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണ്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നില്‍ക്കുകയായിരുന്നു.
അപ്പോഴാണ് എനിക്ക് എന്റെ വയറില്‍ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത്. മൂന്ന് നാല് തവണ ആ അനുഭവമുണ്ടായി. ഞാന്‍ തിരിഞ്ഞ് നിന്ന് അയാളുടെ കയ്യില്‍ കയറി പിടിച്ചു. അയാളുടെ കരണം പുകച്ചു കൊണ്ട് ഒരടി കൊടുത്തു. അവന്‍ പേടിച്ചു പോയി. എന്താ എന്താ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ അയാളെ നന്നായി ചീത്ത പറഞ്ഞു, അയാളത് ജീവിതത്തില്‍ മറക്കില്ല'' എന്നാണ് അതിഥി റാവു പറഞ്ഞത്.
സിനിമാ ലോകത്തെ പിടിച്ചുലച്ച മീടു തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണ നല്‍കിയ താരമാണ് അതിഥി. തനിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഒരിക്കല്‍ തന്നോട് അത്തരത്തില്‍ സമീപിച്ചിട്ടുണ്ടെന്നും അതിഥി തുറന്നു പറഞ്ഞിരുന്നു.
നിനക്ക് അവസരം നല്‍കിയത് ഞങ്ങളാണ് അതിനാല്‍ തിരിച്ച് സഹകരിക്കണം. ഒന്നെങ്കില്‍ സഹകരിക്കണം, അല്ലെങ്കില്‍ സിനിമ ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. അതിനാല്‍ താന്‍ ആ സിനിമ ഉപേക്ഷിച്ചു എന്നും അതിഥി അന്ന് പറഞ്ഞിരുന്നു.
Content Highlight: Someone grabbed my stomach; Athi Rao had a bad experience at the temple in Kerala

































