---
title: "ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് തുടക്കം "
english_title: "Launch of the 52nd edition of the Goa International Film Festival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11857/launch-of-the-52nd-edition-of-the-goa-international-film-festival"
published_at: "2021-11-20T20:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61990cb4e23bf_film festival.jpg"
keywords: []
---

# ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് തുടക്കം 

> **Lead Summary:** **പനാജി : **ഗോവ** **അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയില്‍ തുടക്കമായി. ഇന്ന് വൈകിട്ട് നടന്ന റെഡ് കാര്‍പ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു പരിപാടിയുടെ അവതാരകന്‍.

## Article Content

**പനാജി : **ഗോവ** **അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയില്‍ തുടക്കമായി. ഇന്ന് വൈകിട്ട് നടന്ന റെഡ് കാര്‍പ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു പരിപാടിയുടെ അവതാരകന്‍.

ഗോവ ​ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി. ​കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂറും ശ്രീധരന്‍ പിള്ളയും ചേര്‍ന്ന് മേളയ്ക്ക് തിരി തെളിച്ചു. ഹേമമാലിനി, ഖുശ്ബു, റസൂല്‍ പൂക്കുട്ടി, പ്രമോദ് സാവന്ത്, പ്രസൂണ്‍ ജോഷി, രവി കൊട്ടാരക്കര, മധുര്‍ ഭണ്ഡാര്‍ക്കര്‍, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആന്‍ഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

​കോവിഡ് പശ്ചാത്തലത്തില്‍ ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തിയേറ്ററിലും വെര്‍ച്വലായും പ്രദര്‍ശനം കാണാം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് മേളയില്‍ പ്രവേശനം. 73 രാജ്യങ്ങളില്‍നിന്ന് 148 ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

അതേസമയം സുവര്‍ണമയൂര പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചലചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

### Related Links & Sources
- [Original Story Source](https://moviemax.in/news/11857/launch-of-the-52nd-edition-of-the-goa-international-film-festival)