---
title: "ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25കോടി തട്ടാൻ പദ്ധതിയിട്ടു; സമീർ വാങ്കഡെ കുടുക്കിൽ"
english_title: "'Shah Rukh Khan was blackmailed and planned to hit 25 crores; Sameer Wankhede Trapped"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114939/shah-rukh-khan-was-blackmailed-and-planned-to-hit-25-crores-sameer-wankhede-trapped"
published_at: "2023-05-15T17:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646219d98c620_sharookh.jpg"
keywords: []
---

# ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25കോടി തട്ടാൻ പദ്ധതിയിട്ടു; സമീർ വാങ്കഡെ കുടുക്കിൽ

> **Lead Summary:** ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ളക്കേസിൽ കുടുക്കി മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡേ തട്ടാൻ ശ്രമിച്ചത് 25 കോടിയെന്ന് സിബിഐ എഫ്ഐആർ.

## Article Content

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ളക്കേസിൽ കുടുക്കി മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡേ തട്ടാൻ ശ്രമിച്ചത് 25 കോടിയെന്ന് സിബിഐ എഫ്ഐആർ.

ആര്യൻ ഖാനെതിരെ വ്യാജ കേസ് ചമച്ച് ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി രൂപ ആവശ്യപ്പെടാനായിരുന്നു ഉദ്യോ​ഗസ്ഥന്റെ പദ്ധതി. 18 കോടിക്ക് തുക ഉറപ്പിക്കുകയും 50 ലക്ഷം മുൻകൂറായി വാങ്ങുകയും ചെയ്തെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു വാങ്ങി.

കിരൺ ഗോസാവി എന്ന വിവാദ വ്യക്തിയുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതും പദ്ധതി ആസൂത്രണം ചെയ്തതും. സമീർ വാങ്കഡേ നിരവധി വിദേശയാത്രകൾ നടത്തി. എന്നാൽ, ഇവയെക്കുറിച്ച് സിബിഐക്ക് മുന്നിൽ കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

അതി​ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോ​ഗസ്ഥനെതിരെ സിബിഐ ഉയർത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സമീറിന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.

2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മുംബൈയിലെ ആഡംബര കപ്പലായ കോ‍ർഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തുകയും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകുകയും ചെയ്തു.

മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തില്‍ ആര്യൻ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114939/shah-rukh-khan-was-blackmailed-and-planned-to-hit-25-crores-sameer-wankhede-trapped)