വ്യാജ മരണ വാർത്തയിൽ പ്രതികരിച്ച് നടൻ കൊട്ട ശ്രീനിവാസ റാവു. യൂട്യൂബ് ചാനലിലൂടെ നടൻ മരിച്ചതായി വാർത്ത പ്രചരിച്ചിരുന്നു. വിഡിയോ വലിയ രീതിയിൽ ചർച്ചയായതോടെയാണ് പ്രതികരിച്ച് നടൻ രംഗത്ത് എത്തിയത്.താൻ തികച്ചും ആരോഗ്യവാനാണെന്നും യൂട്യൂബ് ചാനലുകളിലൂടെ തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും നടൻ വിഡിയോയിൽ പറയുന്നു. രാവിലെ മുതൽ ഫോൺ കോളുകൾ വരികയാണ്.
ഒരാളുടെ ജീവിതം കൊണ്ട് കളിക്കരുതെന്നും നടൻ അഭ്യർഥിച്ചു.' പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്ന് അറിയിക്കാൻ വേണ്ടിയാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഞാൻ മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിപ്പിച്ചതായി അറിഞ്ഞു. ഉഗാദി ആഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോഴാണ് വാർത്ത ശ്രദ്ധയിൽപ്പെട്ടത്. രാവിലെ മുതൽ ഫോൺകോളുകൾ വരികയാണ്.
മരണവാർത്ത അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും വസതിയിൽ എത്തിയിരുന്നു. ഒരു വാനിലാണ് അവർ എത്തിയത്. പത്തോളം പേർ ഉണ്ടായിരുന്നു. ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർക്ക് സൗകര്യവും സുരക്ഷയും ഒരുക്കാൻ വേണ്ടിയായിരുന്നു പൊലീസ് എത്തിയത്. ഇത്തരം വ്യാജ മരണവാർത്തകൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് പൊലീസുകാരോട് അഭ്യർഥിച്ചിട്ടുണ്ട്. ഒരാളുടെ ജീവിതം കൊണ്ട് കളിക്കരുത്.കൂടാതെ ഇത്തരം കിംവദന്തികളിൽ വീഴരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നു- നടൻ പറഞ്ഞു.
Actor Kota Srinivasa Rao reacts to fake death news