(moviemax.in) മലയാള സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു ആനന്ദ്. തൊമ്മനും മക്കളും എന്ന സിനിമയിലെ വില്ലൻ വേഷം പ്രേക്ഷകർ മറന്നിട്ടില്ല. കരിയറിലുണ്ടായ ഉയർച്ച താഴ്ചകളെക്കുറിച്ച് സംസാരിക്കുകയാണ് ആനന്ദിപ്പോൾ. ചെറുപ്രായത്തിലേ അഭിനയ രംഗത്തേക്ക് വന്ന തന്റെ ഉയർച്ച പെട്ടെന്നായിരുന്നെന്ന് ആനന്ദ് പറയുന്നു.
എന്നാൽ തെറ്റായ തീരുമാനങ്ങളും ശരിയായ അവസരങ്ങൾ വരാത്തതും കരിയറിനെ ബാധിച്ചെന്ന് നടൻ വ്യക്തമാക്കി. ഡ്യുയറ്റിൽ എന്നെയായിരുന്നു നായകനായി പരിഗണിച്ചത്. ബാലചന്ദർ സാറുടെ സിനിമ. അദ്ദേഹം എന്നെ വിളിച്ച് കെട്ടിപ്പിടിച്ച് നീയാണ് എന്റെ സിനിമയിലെ ഹീറോ എന്ന് പറഞ്ഞതാണ്. എന്നാൽ ആരൊക്കെയോ പറഞ്ഞത് കേട്ട് ശമ്പളത്തിന്റെ പേരിൽ ആ സിനിമ ഞാൻ വേണ്ടെന്ന് വെച്ചു. ഇന്നും ആ സിനിമ കാണുമ്പോൾ നിരാശയാണെന്ന് ആനന്ദ് പറയുന്നു. ബാലചന്ദറുടെ സിനിമ ആരെങ്കിലും വേണ്ടെന്ന് പറയുമോ. ജീവിതത്തിൽ ഞാൻ ചെയ്ത മണ്ടത്തരമാണത്.
എനിക്കൊപ്പമുണ്ടായിരുന്നവർ തെറ്റായ വഴിയിലേക്കാണ് നയിച്ചത്. നീയാണ് വലിയ ആൾ എന്ന് പറയും. തിരുടാ തിരുടാ റിലീസ് ചെയ്യുന്നതിന് മുമ്പ് അഞ്ചോ ആറോ സിനിമകൾക്ക് എന്നെ ബുക്ക് ചെയ്തതാണ്. അക്കാലത്ത് ആറ് ലക്ഷം രൂപയൊക്കെ വലിയ തുകയാണ്. എനിക്ക് അന്ന് പക്വത കുറവാണ്. 24 വയസേയുള്ളൂ. ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയതാണ്. ഈ തുക തിരിച്ച് കൊടുക്കേണ്ടി വന്നു. കാറുകൾ വാങ്ങാൻ പ്ലാൻ ചെയ്തതായിരുന്നു. ചെയ്ത എല്ലാ സിനിമകളും പരാജയപ്പെട്ടു. 1997 ൽ എനിക്ക് ഷൂട്ടിംഗേ ഇല്ലാത്ത അവസ്ഥയിലെത്തി.
സിനിമകൾ വരുന്നില്ലെന്ന് തിരിച്ചറിയാൻ തന്നെ ഞാൻ ആറ് മാസമെടുത്തു. ഏതെങ്കിലും സിനിമ വന്നാൽ പോയി അഭിനയിക്കും. ആ ഘട്ടത്തിലാണ് സൊല്ലാമലേ ഉൾപ്പെടെയുള്ള സിനിമകൾ ചെയ്യുന്നതെന്നും ആനന്ദ് ഓർത്തു. പുതിയ സംവിധായകർ വരുമ്പോൾ അവരെ വിലയിരുത്താനേ സാധിക്കില്ല. കഥ കേട്ട് നല്ല സിനിമയായിരിക്കുമെന്ന് പറയാനറിയില്ലായിരുന്നു. ഷൂട്ടിംഗ് മാത്രമേ അറിയൂ. ഇന്നൊക്കെ ഒരു സെറ്റിൽ പോയാൽ രണ്ട് ഷോട്ട് എടുക്കുന്നതോടെ ഈ സിനിമ എന്താകുമെന്ന് എനിക്ക് പറയാനാകും. തെലുങ്ക് സിനിമകളാണ് കൂടുതൽ ചെയ്തിരുന്നതെന്നും ആനന്ദ് ഓർത്തു.
തമിഴിലും തെലുങ്കിലും ഹീറോയായി അഭിനയിച്ചു. മലയാളത്തിൽ നിരവധി വില്ലൻ റോളുകൾ ചെയ്തു. വളരെ വെെകിയാണ് മലയാളം ഇൻഡസ്ട്രിയിലേക്ക് എത്തുന്നത്. കല്യാണത്തിന് ശേഷം. ആദ്യ സിനിമ മോഹൻലാലിനൊപ്പം ചെയ്ത ഉദയനാണ് താരം. ഹിറ്റായ സിനിമയിൽ ചെറിയ റോളാണ് ചെയ്തത്. രണ്ടാമത്തെ സിനിമ മമ്മൂട്ടിയോടൊപ്പം തൊമ്മനും മക്കളും. അതിൽ ഞാനായിരുന്നു പ്രധാന വില്ലൻ. സൂപ്പർ ഹിറ്റ്. മൂന്നാമത്തെ സിനിമ സുരേഷ് ഗോപിക്കൊപ്പം ടെെഗർ. അതും സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. അതിന് ശേഷം 45 ഓളം സിനിമകളിൽ സമാനമായ വില്ലൻ വേഷങ്ങൾ ചെയ്തെന്നും ആനന്ദ് ഓർത്തു.
സിനിമയിൽ സജീവമായിരുന്ന കാലത്ത് തനിക്ക് ഒരുപാട് ആരാധികമാരുടെ കത്തുകൾ വരാറുണ്ടായിരുന്നെന്നും ആനന്ദ് പറയുന്നു. ഒരുപാട് പേർ വീട്ടിലേക്ക് തന്നെ വിട്ടിട്ടുണ്ട്. എനിക്ക് വരുന്ന കത്തുകൾ നോക്കാൻ മൂന്ന് നാല് പേരുണ്ടായിരുന്നു. എന്റെ ഒപ്പ് വെച്ച് കത്തുകൾ ആരാധകർക്ക് അവർ അയക്കാറുണ്ടായിരുന്നു. അക്കാലത്ത് പല താരങ്ങൾക്കും ഇത്തരത്തിൽ ആരാധകരുടെ കത്തുകൾ വരാറുണ്ടായിരുന്നെന്നും ആനന്ദ് ചൂണ്ടിക്കാട്ടി.
actor anand about film career