(moviemax.in) പൊതു വേദിയിൽ തളർന്ന് വീണ വിശാലിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് വിശാലിനെ മോശം ആരോഗ്യാവസ്ഥയിൽ കാണുന്നത്. ഇത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. അന്ന് പനിയാണെന്നായിരുന്നു വിശാൽ പറഞ്ഞത്. മദഗദരാജയുടെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് വിശാലിന്റെ ആരോഗ്യ സ്ഥിതി ആദ്യം ചർച്ചയായത്. വേദിയിൽ സംസാരിക്കവെ നടന്റെ കെെകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ വിശാൽ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കടുത്ത പനിയായിരുന്നെന്ന് വിശാൽ പറയുന്നു. ഡോക്ടർ വീട്ടിലേക്ക് വന്നു. ഞാൻ വിറയ്ക്കുകയായിരുന്നു. പോകാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞതാണ്. പത്ത് വർഷത്തിന് ശേഷം സിനിമ റിലീസ് ചെയ്യുകയാണ്. പോകേണ്ടതുണ്ടെന്ന് ഞാൻ പറഞ്ഞു. ചടങ്ങിനെത്തി അവിടെ ഇരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു. എന്നാൽ സ്റ്റേജിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് പോലെ സംഭവിച്ചു. മദ്യപാനം കൊണ്ടാണിതെന്ന് പലരും പറഞ്ഞു. അവരുടെ സങ്കൽപ്പത്തിനനുസരിച്ച് പറയുകയാണ്.
രണ്ട് വർഷം മുമ്പ് മദ്യപാനം നിർത്തിയതാണ്. അഞ്ച് വർഷം മുമ്പ് പുകവലി നിർത്തി. പാർട്ടികൾക്ക് ഞാൻ പോകാറില്ല. അവസാനമായി പാർട്ടിക്ക് പോയത് സുന്ദർ സാറുടെ പിറന്നാളിനാണെന്നും വിശാൽ അന്ന് വ്യക്തമാക്കി. താനെപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്നതിനെക്കുറിച്ചും വിശാൽ സംസാരിച്ചു. ഈ കാലത്ത് നല്ല കാര്യങ്ങൾ ചെയ്താൽ വളരെ ബുദ്ധിമുട്ടാണ്. മോശം ചെയ്യുന്നതാണ് എളുപ്പം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകും. അത് കാര്യമാക്കുന്നില്ലെന്നും വിശാൽ വ്യക്തമാക്കി.
സിനിമാ രംഗത്ത് പല പ്രശ്നങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിശാൽ. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. സിനിമാ ലോകത്ത് ശത്രുക്കളും മിത്രങ്ങളും വിശാലിന് ഒരുപോലെയുണ്ട്. വിശാലിനെതിരെ എപ്പോഴും രംഗത്തെത്തുന്നയാളാണ് നടി ശ്രീ റെഡ്ഡി. മീ ടൂ ആരോപണം അലയടിച്ച സമയത്ത് വിശാലിനെതിരെ ശ്രീ റെഡ്ഡി സംസാരിച്ചിരുന്നു. അടുത്തിടെയും വിശാലിനെതിരെ ശ്രീ റെഡ്ഡി രംഗത്ത് വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വിശാൽ നടത്തിയ പ്രതികരണത്തിനെതിരെയാണ് ശ്രീ റെഡ്ഡി സംസാരിച്ചത്.
actor vishal about health condition