May 13, 2025 07:49 AM

മോഹന്‍ലാല്‍ യുവനിര സംവിധായകരുമായി ഒരുമിക്കണമെന്ന ആവശ്യം അദ്ദേഹത്തിന്‍റെ ആരാധകര്‍ അടക്കമുള്ള സിനിമാപ്രേമികള്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഒന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരിക്കും തരുണ്‍ മൂര്‍ത്തിക്കുമൊപ്പം അദ്ദേഹം ചിത്രങ്ങള്‍ ചെയ്യുകയുമുണ്ടായി. പ്രമേയത്തിലും അവതരണത്തിലും വലിയ വ്യത്യസ്തതയുമായി എത്തിയ ലിജോ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഭൂരിഭാഗം പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടെങ്കില്‍ തരുണ്‍ മൂര്‍ത്തിയുടെ തുടരും വമ്പന്‍ വിജയമായി.

ഇനിയും യുവനിര സംവിധായകരുമായി മോഹന്‍ലാല്‍ കൈ കോര്‍ക്കുന്ന ചിത്രങ്ങള്‍ വരാനുണ്ടെന്നും പലതിന്‍റെയും ചര്‍ച്ചകള്‍ നടക്കുകയാണെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഒരു സംവിധായകനാണ് കൃഷാന്ദ്. ഇപ്പോഴിതാ ആ ചിത്രത്തിന്‍റെ അപ്ഡേഷന്‍ പങ്കുവച്ചിരിക്കുകയാണ് അതിന്‍റെ നിര്‍മ്മാതാവ്.

മണിയന്‍പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു ഇതേക്കുറിച്ച് പറയുന്നുണ്ട്. ആദ്യ റൗണ്ട് ചര്‍ച്ച കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. പുതിയ പ്രോജക്റ്റുകള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന മറുപടി ഇങ്ങനെ- ചെയ്യാന്‍ പോകുന്ന പുതിയ പ്രോജക്റ്റ് കൃഷാന്ദ് സംവിധാനം ചെയ്യുന്ന ഒരു മോഹന്‍ലാല്‍ പടം.

അതിന്‍റെ സബ്ജക്റ്റിന്‍റെ ഒന്നാം റൗണ്ട് ഡിസ്കഷന്‍ ഒക്കെ കഴിഞ്ഞു. ഇപ്പോഴത്തെ സിനിമാ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്‍റെ പ്രായം 18 മുതല്‍ 45 വരെയാണ്. അവര്‍ക്ക് കൃഷാന്ദിനെ വലിയ ഇഷ്ടമാണ്, മണിയന്‍പിള്ള രാജു പറയുന്നു.

വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷ പ്രേതം, സംഘര്‍ഷഘടന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൃഷാന്ദ്. മലയാളം സമാന്തര സിനിമയില്‍ സമീപകാലത്ത് പുതുഭാവുകത്വം കൊണ്ടുവന്ന സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.

അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി എന്ന സിനിമയുടെ കോ പ്രൊഡ്യൂസറുമായിരുന്നു കൃഷാന്ദ്. മസ്തിഷ്ക മരണം എന്ന് പേരിട്ടിരിക്കുന്ന കൃഷാന്ദിന്‍റെ അടുത്ത സിനിമയില്‍ നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് നായകന്‍. കൃഷാന്ദ് സംവിധാനം ചെയ്യുന്ന ഒരു വെബ് സിരീസിലും നിരഞ്ജ് അഭിനയിക്കുന്നുണ്ട്.

Mohanlal Krishand film come out Producer with new update

Next TV

Top Stories