May 12, 2025 04:05 PM

എന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമയാണ് 1986 ൽ പുറത്തിറങ്ങിയ നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് ആലപ്പി അഷ്റഫാണ്. നടി പ്രിയ നായികയായി തു‌‌ടക്കം കുറിക്കുന്ന സിനിമ കൂടിയായിരുന്നു. പ്രിയയുടെ കരിയറിലുണ്ടായ വളർച്ചയെക്കുറിച്ചും പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ആലപ്പി അഷ്റഫിപ്പോൾ.

മാധുരി മാസ്റ്ററുടെ ഡാൻസ് ​ഗ്രൂപ്പിൽ ഒരു പെണ്ണുണ്ട്, നായികയാക്കാൻ പറ്റുമോ എന്ന് നോക്കാൻ ലാൽ പറഞ്ഞതായി പ്രിയദർശൻ എന്നോട് പറയുന്നത്. അങ്ങനെ പാട്ട് കമ്പോസിം​ഗ് നടക്കുന്നയിടത്തേക്ക് അവരെ ഞങ്ങൾ വിളിപ്പിച്ചു. കർപ്പകവല്ലി എന്നായിരുന്നു പേര്. ഒരു ചെറിയ സീൻ അഭിനയിപ്പിക്കുകയും സംസാരിപ്പിക്കുകയുമൊക്കെ ചെയ്തപ്പോൾ വലിയ കുഴപ്പമില്ലെന്ന് തോന്നി. അവരെ ഫിക്സ് ചെയ്ത് ചെറിയൊരു അഡ്വാൻസും കൊടുത്തു. എല്ലാവരുടെയും കാല് തൊട്ട് വന്ദിച്ചിട്ടാണ് അവർ പോയത്. പ്രിയദർശൻ പരിചയപ്പെടുത്തിയ ആളായത് കൊണ്ടാണ് നടിയുടെ പേര് മാറ്റി പ്രിയ എന്നാക്കിയതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

തുമ്പപ്പൂ കാറ്റിൽ താനേ ഊഞ്ഞാലാടി എന്ന ​ഗാനം ചിത്രീകരിക്കാൻ മാധുരി മാസ്റ്ററുടെ ഡാൻസ് ​ഗ്രൂപ്പ് അവിടെയെത്തി. അവരെല്ലാവരും പ്രിയയോടൊപ്പം പല സിനിമകളിലും ​ഗ്രൂപ്പ് ഡാൻസുകളിൽ പങ്കെടുത്തവരാണ്. പഴയ കൂട്ടുകാരി കർപ്പകവല്ലിയെ മോഹൻലാലിന്റെ നായികയായാണ് അവർ അവിടെ കാണുന്നത്. നായികയ്ക്ക് ആ സെറ്റിൽ കിട്ടുന്ന പ്രാധാന്യവും പരി​ഗണനയും അവർ സന്തോഷ പൂർവം നോക്കി നിന്നു. നിന്നിഷ്ടം എന്നിഷ്ടത്തിലെ ക്ലെെമാക്സ് സോങാണ് പ്രിയയെ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിലനിർത്തുന്നത്.

മില്യൺ കണക്കിനാളുകളാണ് യൂട്യൂബിൽ ഇളം മഞ്ഞിൻ കുളിരുമായി എന്ന ഈ പാട്ട് കണ്ടിരിക്കുന്നത്. പ്രിയക്ക് ഈ സിനിമ നല്ലൊരു പേര് ഉണ്ടാക്കിക്കൊടുത്തു. തുടർന്ന് നിരവധി സിനിമകളിൽ അവർക്ക് അവസരവും ലഭിച്ചു. തമിഴിൽ അന്നത്തെ സൂപ്പർനായകൻ കാർത്തിക്കിന്റെ നായിക വരെയായി. മലയാളത്തിൽ മോഹൻലാലിന്റെയും സുരേഷ് ​ഗോപിയുടെയും കൂടെയൊക്കെ അഭിനയിച്ചെങ്കിലും ആദ്യ ചിത്രത്തിൽ അവർക്ക് ലഭിച്ച ഉയർച്ചയും പ്രശസ്തിയും നിലനിർത്തിക്കൊണ്ട് പോകുന്നതിൽ വലിയ വീഴ്ച സംഭവിച്ചു.

അന്നത്തെ കാലത്ത് ഷക്കീല ചിത്രങ്ങളിൽ പോലെയുള്ള സിനിമകളിൽ അഭിനയിച്ചത് പ്രിയയുടെ ഇമേജിനെ വല്ലാതെ ബാധിച്ചു. അതൊക്കെ ഒരുപക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടോ അറിവില്ലായ്മ കൊണ്ടോ വഴികാട്ടാൻ ആളില്ലാത്തത് കൊണ്ടോ ആകാം. ഇത്തരം എ ചിത്രങ്ങളിൽ അറിഞ്ഞും അറിയാതെയും അഭിനയിച്ച് കരിയർ നശിപ്പിച്ചവരും ബുദ്ധിപൂർവം അതിൽ നിന്ന് പിന്മാറി രക്ഷപ്പെട്ടവരുമുണ്ട്. പ്രിയയുടെ ജീവിതത്തിൽ പല പാകപ്പിഴകളും സംഭവിച്ചിട്ടുള്ളതായി എനിക്കറിയാം.

അവരുടെ സ്വകാര്യതയെ മാനിക്കുന്നത് കൊണ്ട് അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല. ഇന്ന് സീരിയലുകളിൽ അഭിനയിച്ച് ജീവിതം നയിക്കുന്നു. ജീവിതത്തിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളിൽ പിഴവ് സംഭവിച്ചാൽ അത് നമ്മുടെ തലവര തന്നെ മാറ്റിത്തിരുത്തും. നല്ല നടിയാണ് പ്രിയ. നല്ല വേഷങ്ങൾ ചെയ്ത് അവർ സിനിമയിലേക്ക് മടങ്ങി വരട്ടെ ആശംസിക്കുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ശാലിനി എന്ന കഥാപാത്രത്തെയാണ് പ്രിയ നിന്നിഷ്ടം എന്നിഷ്ടത്തിൽ അവതരിപ്പിച്ചത്. ഈ സിനിമയിലൂടെ ഇന്നും മലയാളികൾ പ്രിയയെ ഓർക്കുന്നു. സിനിമകളിൽ പ്രിയയെ കണ്ടിട്ട് ഏറെക്കാലമായി.



alleppeyashraf about ninnishtam ennishtam movie actress priya

Next TV

Top Stories