---
title: "പണം നല്‍കാനുള്ള ബില്‍ഡറിന് നേരെ വ്യാപാരിയുടെ പ്രതികാരം;  വീഡിയോ"
english_title: "Now a video of a businessman is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94643/now-a-video-of-a-businessman-is-going-viral"
published_at: "2023-02-04T16:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de403c1bb58_viral.jpg"
keywords: []
---

# പണം നല്‍കാനുള്ള ബില്‍ഡറിന് നേരെ വ്യാപാരിയുടെ പ്രതികാരം;  വീഡിയോ

> **Lead Summary:** സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ തിരുവനന്തപുരത്തെ റോഡികള്‍ പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കരാറുകാരന്‍ പണി ഉപേക്ഷിച്ച് പോയതിനാലാണ് പണി നടക്കാത്തതെന്നണ് കോര്‍പ്പറേഷന്‍ പറയുന്നത്. കഴിഞ്ഞ പണിയുടെ പോലും കാശ് തന്നിട്ടില്ലെന്ന് കരാറുകാരനും പറയുന്നു.

## Article Content

സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ തിരുവനന്തപുരത്തെ റോഡികള്‍ പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കരാറുകാരന്‍ പണി ഉപേക്ഷിച്ച് പോയതിനാലാണ് പണി നടക്കാത്തതെന്നണ് കോര്‍പ്പറേഷന്‍ പറയുന്നത്. കഴിഞ്ഞ പണിയുടെ പോലും കാശ് തന്നിട്ടില്ലെന്ന് കരാറുകാരനും പറയുന്നു.

സംഗതി എന്തായാലും തിരുവനന്തപുരത്തെ റോഡുകളുടെ അവസ്ഥ ശോചനീയമാണെന്ന് പറയാതെ വയ്യ. പറഞ്ഞ് വരുന്നത് തിരുവനന്തപുരത്തെ റോഡുകളെ കുറിച്ചല്ല. മറിച്ച് വാങ്ങിയ സാധനത്തിന് പറഞ്ഞ പണം നല്‍കാതെ പോയ ബില്‍ഡറിനോട് ഒരു വ്യാപാരി ചെയ്ത് കൂട്ടിയ കാര്യത്തെ കുറിച്ചാണ്.

സംഗതി അങ്ങ് ഓസ്ട്രേലിയയിലെ മെല്‍ബണിലാണ്. 2022 മെയ് മാസത്തിൽ വീട് പണിക്കായി ബിൽഡർ അഡ്രിയാൻ പാഡോ മേല്‍ക്കൂരയില്‍ പാകാനുള്ള ടൈൽ ഓട് വ്യാപാരിയായ സൈമൺ മക്‌ഫെർസണില്‍ നിന്ന് വാങ്ങി.

ഈ ഇനത്തില്‍ ഇയാള്‍ സൈമണ്‍ മക്ഫെര്‍സണ് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് മേലെ നല്‍കാനുണ്ടായിരുന്നു. എന്നാല്‍, വീട് പണി പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാന്‍ അഡ്രിയാന്‍ പാഡോ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മക്ഫെര്‍സണ്‍ നിരവധി തവണ ഇയാളെ താക്കീത് ചെയ്തു. പക്ഷേ, പണം മാത്രം ലഭിച്ചില്ല.

ഒടുവില്‍ മക്ഫെര്‍സണ്‍, അഡ്രിയാൻ പാഡോയെ അന്വേഷിച്ച് വീട്ടിലെത്തി. എന്നാല്‍ ഈ സമയം ഇയാള്‍ വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് വീടിന് മുകളില്‍ കയറിയ മക്ഫെര്‍സണ്‍ വീടിന് മുകളില്‍ പാകിയിരുന്ന ടൈല്‍ ഓടുകള്‍ താഴേക്ക് വലിച്ചിറിഞ്ഞു. ഈ സമയത്താണ് പാഡോയുടെ മടങ്ങിവരവ്.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഈ സംഭവം അത്രയും വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടു. ഇരുവരും സംഘര്‍ഷത്തിലേര്‍പ്പെട്ടതിന് പിന്നാലെ പൊലീസും സ്ഥലത്തെത്തി. തനിക്ക് ഇതുവരെയായും വാങ്ങിയ സാധനങ്ങളുടെ വില ബില്‍ഡര്‍ തന്നില്ലെന്ന് മക്ഫെര്‍സണ്‍ പൊലീസിനെ അറിയിച്ചു.

വീട് പണി കഴിഞ്ഞിട്ടും ഇയാള്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും ഇയാള്‍ പരാതിപ്പെട്ടു. പണം നല്‍കാതെ ആളുകള്‍ ഇത്തരത്തില്‍ പറ്റിക്കുന്നത് സ്ഥിരമാണെന്നും ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും മക്ഫെര്‍സണ്‍ സങ്കടപ്പെട്ടു. എന്നാല്‍, താന്‍ കുറച്ച് പണം നല്‍കിയെന്നും ബാക്കി നല്‍കാന്‍ സാവകാശം ചോദിച്ചെന്നുമായിരുന്നു പാഡോ പൊലീസിനെ അറിയിച്ചത്.

പണം ലഭിച്ചില്ലെങ്കിൽ ടൈലുകൾ താന്‍ നീക്കം ചെയ്യുമെന്ന് മുമ്പ് പാഡോയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും മക്ഫെർസൺ പൊലീസിനോട് പറഞ്ഞു. എന്നാല്‍, മുഴുവന്‍ തുകയും താന്‍ നല്‍കുമായിരുന്നെന്നും എന്നാല്‍ ഇത്രയും മോശമായൊരു പ്രവര്‍ത്തി മക്ഫെസണ്‍ ചെയ്തതിനാല്‍ ഇനി പണം നല്‍കില്ലെന്നും പാഡോയും പറഞ്ഞു. സംഗതി എന്തായാലും ഇരുവരും തമ്മിലുള്ള അടിപടി ഇപ്പോള്‍ ഓസ്ട്രേലിയയിലെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.

വീഡിയോ തനിക്ക് ഗുണകരമാണെന്നായിരുന്നു വ്യാപാരിയായ സൈമണ്‍ മക്ഫെര്‍സണ്‍ പ്രതികരിച്ചത്. വീഡിയോയില്‍ തങ്ങള്‍ രണ്ട് പേരും അൽപ്പം ആക്രമണോത്സുകരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മക്ഫെസണ്‍ വീടിന്‍റെ മുകളില്‍ നിന്നും ഓടുകള്‍ വലിച്ചെറിഞ്ഞത് തന്നെ സംബന്ധിച്ച് മോശം പ്രവര്‍ത്തിയാണെന്ന് അഡ്രിയാൻ പാഡോ പ്രതികരിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കും പരാതികളില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94643/now-a-video-of-a-businessman-is-going-viral)