വിലപിടിപ്പുള്ള, കൗതുകം നിറഞ്ഞ നിരവധി സാധനങ്ങളെ കുറിച്ച് നമ്മൾ വാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലുമായി കേൾക്കാറുണ്ട്. ചിലതിന്റെ വിലയൊക്കെ നമ്മളെ ഞെട്ടിപ്പിക്കാറുമുണ്ട്. എന്നാൽ എപ്പോഴെങ്കിലും മുന്തിരിയുടെ വില കേട്ട് ഞെട്ടിയിട്ടുണ്ടോ?
ഈ മുന്തിരിയുടെ വില കേട്ടാൽ ശരിക്കും നാം ഞെട്ടിപ്പോകും. ജപ്പാനിൽ നിന്നുള്ള റൂബി റോമൻ എന്ന മുന്തിരി ആണിത്. ലോകത്തിലെ ഏറ്റവും വിലയുള്ള മുന്തിരി എന്നാണ് ഇതറിയപ്പെടുന്നത്. ജപ്പാനിൽ നിന്നുമുള്ള ഈ മുന്തിരി ലക്ഷങ്ങൾക്ക് വരെ വിറ്റിട്ടുണ്ട്.
ചുവപ്പ് നിറത്തിലുള്ള ഈ മുന്തിരിയുടെ വില സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരു റൂബി റോമൻ മുന്തിരിക്ക് സാധാരണ ഒരു മുന്തിരിയുടെ നാലിരട്ടി വലിപ്പമുണ്ടാകും. വലിപ്പത്തിൽ മാത്രമല്ല നിറത്തിനും രുചിക്കും കൂടി പ്രശസ്തമാണ് റൂബി റോമൻ.
സാധാരണയായി ജൂലൈയിലാണ് ഇതിന്റെ വിളവെടുപ്പ് നടക്കുന്നത്. പിന്നീട്, ജാപ്പനീസ് അവധിക്കാലമായ ഒച്ചുജെനിന്റെ സമയത്ത് ഇവ വിപണിയിൽ എത്തും. 2020 -ൽ നടന്ന ഒരു ലേലത്തിൽ ഏകദേശം ഒമ്പത് ലക്ഷത്തിന് വരെ ഈ മുന്തിരി വിറ്റുപോയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓരോ മുന്തിരിയ്ക്കും ഏകദേശം 30,000 രൂപ വിലവരുമത്രെ. 30 മുന്തിരിയടങ്ങുന്ന ഒരു കൂട്ടം ഹ്യോഗോ പ്രിഫെക്ചറിലെ അമഗസാക്കിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് വിറ്റതായി ഫിനാൻഷ്യൽ എക്സ്പ്രസ് പറയുന്നു.
ഇഷിക്കാവ പ്രവിശ്യയിലാണ് സാധാരണയായി ഈ മുന്തിരികൾ വളരുന്നത്. വിപണിയിൽ ഉയർന്ന മൂല്യമുള്ള ഈ മുന്തിരി ജാപ്പാൻകാർക്കിടയിൽ വളരെ അധികം പ്രാധാന്യം ഉള്ളവയാണ്. പലപ്പോഴും ഇവ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാറുണ്ട് ഇവിടെയുള്ളവർ.
Grapes are so expensive.....? Grapes worth lakhs are known