ക്രിക്കറ്റിനെപ്പോലെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ സ്നേഹിക്കുന്ന മറ്റൊന്ന് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും രുചികരമായ ഭക്ഷണം ആണെന്ന്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ പങ്കുവെച്ചിട്ടുണ്ട്.
ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതോടൊപ്പം മകള്‍ സാറയുടെ പാചക പരീക്ഷണങ്ങളുടെ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. സാറ ശുപാര്‍ശ ചെയ്ത ലണ്ടനിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പാസ്ത കഴിക്കുന്നതിന്‍റെ വീഡിയോയും അടുത്തിടെ സച്ചിന്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഒരു റെസ്റ്റോറന്‍റില്‍വച്ച് ഓംലറ്റ് മറിച്ചിടുന്ന സച്ചിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സച്ചിന്‍ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഓംലറ്റിന്റെ ഒരു വശം വെന്തശേഷം മറുഭാഗം സച്ചിന്‍ മറിച്ചിടുന്നതാണ് വീഡിയോയില്‍ കാണുന്നത്.
കുറച്ചുനേരം കാത്തിരുന്നശേഷം കൃത്യമായി അദ്ദേഹം ഓംലറ്റ് മറിച്ചിടുന്നത് വീഡിയോയില്‍ കാണാം. ക്രിക്കറ്റിലെ ഫ്‌ളിക് ഷോട്ടിനോടാണ് സച്ചിന്‍ ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ 25 ലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 3.9 ലക്ഷം പേര്‍ സച്ചിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ആരാധകര്‍ കമന്‍റുകള്‍ കൊണ്ട് പോസ്റ്റ് കളറാക്കിയിട്ടുമുണ്ട്. അണ്ണന് ഇതൊക്കെ എന്ത് എന്നാണ് ചില മലയാളി ആരാധകരുടെ പ്രതികരണം.
Sachin Tendulkar rather than the effortless omelette; The video went viral