---
title: "സ്ത്രീകളെ അമർത്തി കെട്ടിപ്പിടിച്ചും ചുംബിച്ചും മൃ​ഗശാലയിലെ ഒറാങ്ങ്ഉട്ടാൻ"
english_title: "Orangutan in zoo hugging and kissing women"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64010/orangutan-in-zoo-hugging-and-kissing-women"
published_at: "2022-08-25T12:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63072273d5008_viral.jpg"
keywords: []
---

# സ്ത്രീകളെ അമർത്തി കെട്ടിപ്പിടിച്ചും ചുംബിച്ചും മൃ​ഗശാലയിലെ ഒറാങ്ങ്ഉട്ടാൻ

> **Lead Summary:** തായ്ലാൻഡിലെ ഒരു മൃ​ഗശാലയിൽ സന്ദർശനത്തിനെത്തുന്ന സ്ത്രീകളെ കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതും ശീലമാക്കി ഒരു ഒറാങ്ങ്ഉട്ടാൻ. ആഗസ്റ്റ് 15 -ന് ബാങ്കോക്കിലെ സഫാരി വേൾഡിൽ വെച്ച് വിനോദസഞ്ചാരിയായ ഏഞ്ചൽ ഓറഞ്ച്ലർ എന്ന 27 -കാരിയെ അവൻ വരവേറ്റത് അമർത്തി കെട്ടിപ്പിടിച്ച് കൊണ്ടാണ്.

## Article Content

തായ്ലാൻഡിലെ ഒരു മൃ​ഗശാലയിൽ സന്ദർശനത്തിനെത്തുന്ന സ്ത്രീകളെ കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതും ശീലമാക്കി ഒരു ഒറാങ്ങ്ഉട്ടാൻ. ആഗസ്റ്റ് 15 -ന് ബാങ്കോക്കിലെ സഫാരി വേൾഡിൽ വെച്ച് വിനോദസഞ്ചാരിയായ ഏഞ്ചൽ ഓറഞ്ച്ലർ എന്ന 27 -കാരിയെ അവൻ വരവേറ്റത് അമർത്തി കെട്ടിപ്പിടിച്ച് കൊണ്ടാണ്.

ഏഞ്ചലിനെ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ച ശേഷം അവളുടെ കവിളിൽ ഒറാങ്ങ്ഉട്ടാൻ ഉമ്മയും വെച്ചു. ഇതെല്ലാം ചെയ്തശേഷം അത് പല്ലുകളെല്ലാം കാണിച്ച് നിറഞ്ഞ് ചിരിക്കുന്നതും ചില വീഡിയോകളിലും കാണാം. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇതേ ഒറാങ്ങ്ഉട്ടാൻ മറ്റൊരു സ്ത്രീയോടും സമാനരീതിയിൽ പെരുമാറിയത്.

ഏറ്റവും മിടുക്കരായ പ്രൈമേറ്റുകളിൽ ഒന്നാണ് ഒറാങ്ങ്ഉട്ടാൻ. എന്നാൽ, സ്വതവേ അവ അക്രമണകാരികളല്ല. മനുഷ്യരോട് സ്വതവേ അവ അക്രമാസക്തമാവാറുമില്ല. എന്നാൽ, അവയ്ക്ക് ഒരു സിംഹത്തിനോളം പോന്ന ശക്തിയുണ്ട്. അതിനാൽ തന്നെ അവ അക്രമിക്കാൻ തുടങ്ങി കഴിഞ്ഞാൽ അത് ചെറുത്തു നിൽക്കുക മനുഷ്യർക്ക് പ്രയാസം തന്നെ ആവും.

അവധി ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം ഇവിടെ എത്തിയതാണ് ഏയ്ഞ്ചൽ. അപ്പോഴാണ് ഒറാങ്ങ്ഉട്ടാൻ അവളെ കെട്ടിപ്പിടിച്ചതും ചുംബിച്ചതും. 'അവൻ തന്റടുത്ത് കുറച്ചധികം സ്നേഹം കാണിച്ചതാണ്. അവൻ തന്നെ വേദനിപ്പിച്ചൊന്നുമില്ല. വളരെ സൗഹാർദ്ദത്തോടെയാണ് പെരുമാറിയത്' എന്നും എയ്ഞ്ചൽ പറയുന്നു.

ജൂൺ 27 -നും മൃ​ഗശാലയിൽ സമാനമായ ഒരു അനുഭവം ഉണ്ടായി. അവിടെ എത്തിയ ഒരു യുവതിയെ ഒറാങ്ങ്ഉട്ടാൻ നെഞ്ചിൽ കൈവച്ച് ചേർത്ത് പിടിക്കുകയും ഇതുപോലെ ചുംബിക്കുകയും ചെയ്യുകയുണ്ടായി. ബാങ്കോക്ക് സഫാരി പാർക്കിൽ ഇതുപോലെ നിരവധി ഒറാങ്ങ്‍ഉട്ടാനുകൾ ഉണ്ട്.

അവ സന്ദർശകർക്കൊപ്പം ഇരിക്കുകയും സന്ദർശകർ അവയ്ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള മോശപ്പെട്ട സ്വഭാവങ്ങൾ അവയിൽ ഉണ്ടായി വരുന്നതിനെ കുറിച്ചും സമീപകാലത്തായി ആശങ്ക ഉയരുന്നുണ്ട്. വനിതാ സന്ദർശകരോട് ഇങ്ങനെ ചെയ്യാൻ ഇവയ്ക്ക് എവിടെ നിന്നെങ്കിലും പരിശീലനം കിട്ടിയിട്ടുണ്ടോ അതോ അവ സ്വന്തം ഇഷ്ടപ്രകാരമാണോ ഇങ്ങനെ ചെയ്യുന്നത് എന്ന കാര്യം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/64010/orangutan-in-zoo-hugging-and-kissing-women)