---
title: "യാത്രയ്‌ക്കിടെ പൈലറ്റ് അബോധാവസ്ഥയിലായി; വിമാനം താഴെയിറക്കി ഹീറോയായി സാധാരണക്കാരനായ യുവാവ്, വൈറലാകുന്നു "
english_title: "The pilot fainted during the flight; The young man, who is a normal hero, lands a plane and goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42406/the-pilot-fainted-during-the-flight-the-young-man-who-is-a-normal-hero-lands-a-plane-and-goes-viral"
published_at: "2022-05-12T20:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d249cdd0f5_viral.jpg"
keywords: []
---

# യാത്രയ്‌ക്കിടെ പൈലറ്റ് അബോധാവസ്ഥയിലായി; വിമാനം താഴെയിറക്കി ഹീറോയായി സാധാരണക്കാരനായ യുവാവ്, വൈറലാകുന്നു 

> **Lead Summary:** വിമാനയാത്രയ്‌ക്കിടെ പൈലറ്റ് അബോധാവസ്ഥയിലാവുക യാത്രക്കാര്‍ പരിഭ്രാന്തിയിലായിരിക്കുമ്ബോള്‍ സ്വയം മുന്നോട്ട് വന്ന് വിമാനം താഴെയിറക്കുക എന്ത് മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ അല്ലേ? മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ സിനിമയില്‍ പാര്‍വ്വതിയുടെ കഥാപത്രമായ പല്ലവി അങ്ങനെ ഒരു സന്ദര്‍ഭം നേരിടേണ്ടി വന്നതായി ഓര്‍ക്കുന്നില്ലേ? പക്ഷേ പല്ലവി മുന്‍പ് പൈലറ്റാവാനുള്ള പരിശീലനം നേടിയ ആളും കൂടാതെ പല്ലവിയ്‌ക്ക് ഒരു സഹപൈലറ്റും കൂടെയുണ്ടായിരുന്നു.

## Article Content

വിമാനയാത്രയ്‌ക്കിടെ പൈലറ്റ് അബോധാവസ്ഥയിലാവുക യാത്രക്കാര്‍ പരിഭ്രാന്തിയിലായിരിക്കുമ്ബോള്‍ സ്വയം മുന്നോട്ട് വന്ന് വിമാനം താഴെയിറക്കുക എന്ത് മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ അല്ലേ? മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ സിനിമയില്‍ പാര്‍വ്വതിയുടെ കഥാപത്രമായ പല്ലവി അങ്ങനെ ഒരു സന്ദര്‍ഭം നേരിടേണ്ടി വന്നതായി ഓര്‍ക്കുന്നില്ലേ? പക്ഷേ പല്ലവി മുന്‍പ് പൈലറ്റാവാനുള്ള പരിശീലനം നേടിയ ആളും കൂടാതെ പല്ലവിയ്‌ക്ക് ഒരു സഹപൈലറ്റും കൂടെയുണ്ടായിരുന്നു.

ഇത് സിനിമയിലെ കാര്യം പ്രതീക്ഷ നഷ്ടപ്പെട്ട ആളുകള്‍ക്ക് രക്ഷകനായി തീരുന്ന ഇത്തരം സ്വപ്‌നങ്ങള്‍ കുട്ടിക്കാലത്ത് ഒരുപാട് തവണ കണ്ടതാവും നമ്മള്‍. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നു. ഇവിടെയെങ്ങുമല്ല അങ്ങ് ദൂരെ അമേരിക്കയില്‍.

സെസ്‌ന ലൈറ്റ് എയര്‍ക്രാഫ്റ്റ് എന്ന ചെറുവിമാനത്തിലെ യാത്രക്കാരനാണ് അവിചാരിതമായി സഹയാത്രികര്‍ക്ക് മുന്‍പില്‍ ഹീറോ ആയത്. ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്ന 208 കാരവന്‍ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് പുറത്തുവിടാന്‍ ആഗ്രഹിക്കാത്ത ഈ യാത്രക്കാരന്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു.

അതിനിടെയാണ് 70 മൈല്‍ വടക്ക് ഫ്ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്ബോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.

> "എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല."-ഈ സന്ദേശമാണ് അദ്ദേഹം കണ്‍ട്രോള്‍ റൂമില്‍ നല്‍കിയത്. എവിടെയാണിപ്പോള്‍ എന്നായിരുന്നു ആസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു. അതിനുശേഷം എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്‍ഗന്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തത്സമയം നല്‍കിക്കൊണ്ടിരുന്നു.

പാം പീച്ച്‌ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന്‍ വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റണ്‍വേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു.

വിമാനം ഇറക്കുന്നതിനു മുൻപ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന്‍ വിമാനം സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നിരവധി പേരാണ് യാത്രക്കാരന്റെ ധൈര്യത്തേയും കൃത്യമായി നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കി എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്‍ഗനേയും അഭിനന്ദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42406/the-pilot-fainted-during-the-flight-the-young-man-who-is-a-normal-hero-lands-a-plane-and-goes-viral)