---
title: "വയോധികനെ കുളിപ്പിച്ച് പൊലീസുകാരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ"
english_title: "Policeman bathes elderly man; Social media with applause"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39399/policeman-bathes-elderly-man-social-media-with-applause"
published_at: "2022-04-26T12:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267989c7d41e_policeman.jpg"
keywords: []
---

# വയോധികനെ കുളിപ്പിച്ച് പൊലീസുകാരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

> **Lead Summary:** കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവം മനസിന് കുളിമ നല്‍കുന്നതാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്ന് ചോദിച്ച വയോധികനെ ഒരു പൊലീസുകാരന്‍ കുളിപ്പിച്ചതാണ് ആ സംഭവം. സോപ്പു വാങ്ങി നല്‍കിയെങ്കിലും വെള്ളം കോരി കുളിക്കാന്‍ ആവതില്ലാതിരുന്ന അദ്ദേഹത്തെ പൊലീസുകാരന്‍ കുളിപ്പിക്കുകയായിരുന്നു.

## Article Content

കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവം മനസിന് കുളിമ നല്‍കുന്നതാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്ന് ചോദിച്ച വയോധികനെ ഒരു പൊലീസുകാരന്‍ കുളിപ്പിച്ചതാണ് ആ സംഭവം. സോപ്പു വാങ്ങി നല്‍കിയെങ്കിലും വെള്ളം കോരി കുളിക്കാന്‍ ആവതില്ലാതിരുന്ന അദ്ദേഹത്തെ പൊലീസുകാരന്‍ കുളിപ്പിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാലി വിരാലി സ്വദേശിയുമായ എസ്. ബി ഷൈജുവാണ് ആ നന്മ മനസിന്റെ ഉടമ. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്.

വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെ വളരെ പതുക്കെ നടന്നുവരുന്ന വയോധികനെ ഷൈജു കണ്ടു. ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കണോ’ എന്ന് ചോദിച്ചു.

പക്ഷേ, ‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നായിരുന്നു മറുപടി. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ ഷൈജുവിന്റെ നേരെ നീട്ടുകയും ചെയ്തു. സോപ്പു വാങ്ങിയ ശേഷം ഷൈജു സമീപത്തെ ഇടവഴിയില്‍ കുളിക്കാന്‍ സൗകര്യം കൊടുത്തു.

80 വയസോളമുള്ള അദ്ദേഹത്തിന് കപ്പില്‍ വെള്ളം കോരിയെടുക്കാന്‍ പറ്റില്ലെന്നു മനസിലായ ഷൈജു മറ്റൊന്നും ആലോചിക്കാതെ കുളിപ്പിക്കുകയായിരുന്നു. കണ്ടു നിന്നവരില്‍ ചിലര്‍ വാങ്ങിക്കൊടുത്ത തോര്‍ത്തുമുണ്ട് ഉപയോഗിച്ച് തോര്‍ത്തി ശരീരം തുടച്ചു വൃത്തിയാക്കി.

പുതിയ വസ്ത്രവും കുറച്ചു പണവും നല്‍കിയാണ് ആ വയോധികനെ ഷൈജു യാത്രയാക്കിയത്. സംഭവം കണ്ട ആരോ പകര്‍ത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39399/policeman-bathes-elderly-man-social-media-with-applause)