#Sabarimala Gold Theft #PS Prasanth #Travancore Devaswom Board #SIT
തിരുവനന്തപുരം: ( www.truevisionnews.com) ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറും ഉൾപ്പെടെയുള്ള പ്രതികൾ ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകാൻ ഗൂഢാലോചന നടത്തിയെന്ന് അറസ്റ്റ് നോട്ടീസിൽ.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റി. നിലവിൽ ഇരുവരും റിമാൻഡിലാണ്.2019ൽ നടന്ന സ്വർണ്ണ അപഹരണം മറച്ചുവെക്കാൻ പ്രതികൾ ഒത്താശ ചെയ്തതായും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ബോധപൂർവം വീഴ്ച വരുത്തിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ദ്വാരപാലക പീഠപാളികളിൽ നിന്ന് വീണ്ടും സ്വർണ്ണം അപഹരിക്കാൻ അവസരമൊരുക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭമുണ്ടാക്കാൻ കൂട്ടുനിന്നുവെന്നും അറസ്റ്റ് നോട്ടീസിൽ പറയുന്നു. ഇതിലൂടെ ദേവസ്വം ബോർഡിനെയും ശബരിമല ക്ഷേത്രത്തെയും ചതിക്കുകയും വിശ്വാസവഞ്ചനയിലൂടെ അന്യായമായ നഷ്ടം വരുത്തുകയും ചെയ്തെന്നാണ് കേസ്.
ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ 2025ൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശുന്നതിന് പുറത്തേക്ക് കൊണ്ടുപോയതിനാണ് എസ്ഐടി ഇവരെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സമ്മർദ്ദം മൂലം അറസ്റ്റ് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
കരകുളത്തെ വീട്ടിലെത്തിയാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം പോലീസ് ക്ലബ്ബിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താൻ നിരപരാധിയാണെന്നും സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്നും പ്രശാന്ത് പ്രതികരിച്ചു.
Content Highlight: Sabarimala Gold Theft Case PS Prasanth Ajikumar Arrested By SIT
#Sabarimala Gold Theft #PS Prasanth #Travancore Devaswom Board #SIT

































