---
title: "'അക്രമത്തിനു പകരം അനുകമ്പ ഉണ്ടാകട്ടെ, നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേകാവകാശമായി മാറാതിരിക്കട്ടെ...'; നീറ്റ് പ്രതിഷേധത്തിൽ ആര്യ ബഡായി"
english_title: "Arya Badai Supports NEET Protest Students Says I See My Own Child In Them"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374150/arya-badai-neet-protest-instagram-post-students-support"
published_at: "2026-07-23T15:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ee1258421_arya-badai-neet-protest-instagram-post-students-support.jpg"
keywords: ["Arya Badai", "NEET Protest", "Students", "Delhi", "Instagram"]
---

# 'അക്രമത്തിനു പകരം അനുകമ്പ ഉണ്ടാകട്ടെ, നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേകാവകാശമായി മാറാതിരിക്കട്ടെ...'; നീറ്റ് പ്രതിഷേധത്തിൽ ആര്യ ബഡായി

> **Lead Summary:** > ** നീറ്റ് **പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പ്രതികരിച്ച് നടിയും സംരംഭകയും അവതാരകയുമായ ആര്യ ബഡായി. "ഒരു അമ്മയുടെ കണ്ണിലൂടെയാണ് ഞാൻ ഈ സംഭവങ്ങളെ കാണുന്നത്" എന്ന് ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

## Article Content

> ** നീറ്റ് **പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പ്രതികരിച്ച് നടിയും സംരംഭകയും അവതാരകയുമായ ആര്യ ബഡായി. "ഒരു അമ്മയുടെ കണ്ണിലൂടെയാണ് ഞാൻ ഈ സംഭവങ്ങളെ കാണുന്നത്" എന്ന് ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന സംഭവങ്ങൾ ഭാരിച്ച മനസോടെയാണ് കാണുന്നതെന്ന് ആര്യ പറഞ്ഞു. ഒരു പൊതുപ്രവർത്തക എന്ന നിലയിലോ രാഷ്ട്രീയ കാഴ്ചപ്പാടിലോ അല്ല, ഒരു അമ്മ എന്ന നിലയിലാണ് തനിക്ക് ഇതിനെ സമീപിക്കാൻ കഴിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

> "സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ തള്ളിയിടുന്നതും മർദിക്കുന്നതും വലിച്ചിഴക്കുന്നതും നിശബ്ദരാക്കുന്നതും കാണുമ്പോൾ അവിടെ എന്റെ സ്വന്തം കുഞ്ഞിനെയാണ് ഞാൻ കാണുന്നത്. ഏതൊരു അച്ഛന്റെയും അമ്മയുടെയും ഹൃദയം തകർക്കാൻ ആ ഒരു ചിന്ത മാത്രം മതി" എന്ന് ആര്യ കുറിച്ചു.

> നന്നായി പഠിക്കാനും സത്യസന്ധരാകാനും ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കാനും കുട്ടികളെ നാം പഠിപ്പിക്കുന്നുണ്ടെന്നും എന്നാൽ അവർ തെറ്റിനെതിരെ ശബ്ദമുയർത്തുമ്പോൾ അവരെ ഭയപ്പെടുത്തുന്നതാണോ ശരിയെന്നും ആര്യ ചോദിച്ചു. "ഇത് രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള വിഷയമല്ല. മനുഷ്യത്വത്തെ കുറിച്ചുള്ളതാണ്. ഓരോ പൗരനും ഉള്ള അടിസ്ഥാന അവകാശത്തെ കുറിച്ചുള്ളതാണ്.

> ഒരു വിദ്യാഭ്യാസ സംവിധാനം ചെയ്യേണ്ടത് സ്വപ്നങ്ങളെ വളർത്തുകയാണ്, വിദ്യാർത്ഥികളുടെ മനോവീര്യം തകർക്കുകയല്ല. ഒരു ജനാധിപത്യ സംവിധാനം അവിടുത്തെ യുവജനങ്ങളുടെ ശബ്ദം കേൾക്കണം" എന്ന് അവർ വ്യക്തമാക്കി.തങ്ങളുടെ ആവശ്യങ്ങൾ ജനാധിപത്യപരമായി ഉന്നയിച്ചിട്ടും ദുരിതം അനുഭവിക്കേണ്ടി വന്ന നിരപരാധികളായ വിദ്യാർത്ഥികളുടെ ഒപ്പമാണ് താനെന്നും, മക്കൾ സുരക്ഷിതരായി തിരികെയെത്തുമെന്ന പ്രതീക്ഷയിൽ ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളോടൊപ്പമാണ് തന്റെ പ്രാർത്ഥനയെന്നും ആര്യ പറഞ്ഞു.

> "അക്രമത്തിനു പകരം അനുകമ്പ ഉണ്ടാകട്ടെ. ബലപ്രയോഗത്തിനു പകരം ചർച്ചകൾ ഉണ്ടാകട്ടെ. നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേകാവകാശമായി മാറാതിരിക്കട്ടെ. കാരണം വേദനിക്കപ്പെടുകയല്ല, പരിഗണിക്കപ്പെടുകയാണ് ഓരോ കുട്ടിയുടെയും അവകാശം" എന്ന വാക്കുകളോടെയാണ് ആര്യ കുറിപ്പ് അവസാനിപ്പിച്ചത്.

[A post shared by Arya Babu (@arya.badai)](https://www.instagram.com/p/DbFaU8bkZbA/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/374150/arya-badai-neet-protest-instagram-post-students-support)