#Wayanad #Shigella #Health Alert #Engineering College
വയനാട്: ( www.truevisionnews.com) ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയനാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥിക്കാണ് രോഗം കണ്ടെത്തിയത്.ദിവസങ്ങൾക്ക് മുമ്പ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ പരിശോധന ഫലമാണ് കഴിഞ്ഞ ദിവസം പോസിറ്റീവായത്.
കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിയാണിത്.ഇതേ കോളേജിലെ നാല് വിദ്യാർഥികൾ കൂടി സമാന രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നയാളും ബാക്കി മൂന്ന് പേർ പുറത്ത് താമസിക്കുന്നവരുമാണ്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കോളേജ് ഹോസ്റ്റലിലും പരിസരത്തും ശുചീകരണവും ബോധവൽക്കരണവും നടത്തുന്നുണ്ട്.വൃത്തിഹീനമായ ഭക്ഷണവും വെള്ളവും വഴിയാണ് പ്രധാനമായും ഷിഗെല്ല പകരുന്നത്.
അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുക, പഴകിയ ഭക്ഷണം ഒഴിവാക്കുക എന്നീ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും മെസ്സുകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Shigella Case Confirmed In Wayanad Engineering College Student

































