#Kochi Crime #Police Attack #Kalur Incident #Kerala Police #Women's Harassment
കൊച്ചി: (https://truevisionnews.com/) കലൂരിൽ യുവതികളെ ശല്യം ചെയ്തത് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്. അക്രമത്തിൽ ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ കെ.സി. രതീഷിന് പരിക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കലൂർ ജങ്ഷനിലായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വഴിയിൽ നിന്ന നാല് യുവതികളെ യുവാവ് ശല്യം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എറണാകുളം വെസ്റ്റ് സബ്ഡിവിഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ കെ.സി. രതീഷും സംഘവും സ്ഥലത്തെത്തിയത്.
പൊലീസിനെ കണ്ടതോടെ പ്രകോപിതനായ ജസ്റ്റിൻ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്ത പ്രതി, ഇൻസ്പെക്ടർ രതീഷിന്റെ ഇടതുകൈയിലെ തള്ളവിരലും ചൂണ്ടുവിരലും കടിച്ചുകീറി പരിക്കേൽപ്പിച്ചു.
തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതി ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മെഡിക്കൽ പരിശോധന നടത്തും. പ്രതിയുടെ പഴയ കുറ്റകൃത്യങ്ങളെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.
സ്ത്രീകൾക്കെതിരായ അതിക്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
Content Highlight: Youth Arrested in Kochi for Attacking Police During Custody
#Kochi Crime #Police Attack #Kalur Incident #Kerala Police #Women's Harassment




























.jpeg)



