#Latest News #Bindhu Krishna #Women Safety #Online Media
തിരുവനന്തപുരം: (truevisionnews.com) സ്ത്രീകൾ നേരിടുന്ന സ്വകാര്യതാ ലംഘനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. തന്റെ മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവം ഉണ്ടായതായി മന്ത്രി പറഞ്ഞു. കൊല്ലത്തെ സ്കൂളിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ചിലർ തന്റെ ചിത്രം രഹസ്യമായി പകർത്തി.
മുഖം വ്യക്തമല്ലെങ്കിലും ശരീരത്തിന്റെ ഭാഗം മാത്രം കാണിക്കുന്ന തരത്തിലായിരുന്നു ചിത്രം. പിന്നീട് അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലർ ഉടൻ പ്രതിഷേധിക്കുകയും ചിത്രം ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു.
എന്നാൽ അപ്പോഴേക്കും ചിലർ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് എടുത്തിരുന്നു."ഒരു മന്ത്രിയുടെ കാര്യത്തിൽ പോലും ഇങ്ങനെ സംഭവിക്കുമ്പോൾ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്ന് ചിന്തിക്കുക. ഇത് വെറും ചിത്രമല്ല, സ്ത്രീകളുടെ അന്തസിനും സ്വകാര്യതയ്ക്കും നേരെയുള്ള കടന്നുകയറ്റമാണ്" എന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഇതോടൊപ്പം സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയ വിഷയത്തിലും മന്ത്രി പ്രതികരിച്ചു.
മുൻ സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത് യാതൊരു ആത്മാർഥതയുമില്ലാതെയാണെന്ന് മന്ത്രി വിമർശിച്ചു. എന്നാൽ നിലവിലെ സർക്കാർ ഇതിനേക്കാൾ മികച്ചതും സുസ്ഥിരവുമായ പദ്ധതി നടപ്പാക്കുമെന്ന് അവർ വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിനു പുറത്തുള്ള സെല്ലുകളുടെ കാര്യത്തിൽ മറ്റ് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി ഏകോപനം ഉറപ്പാക്കുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
ഇത്തരം സൈബർ അതിക്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സൂചന നൽകി. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പോലീസ് സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകും.കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ ഒരു കർമ്മപദ്ധതി രൂപീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ മികച്ച മാതൃകകൾ പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlight: Minister Bindu Krishna Reveals Body Image Shared Online Without Face

































