#Payyannur News #Baby Hospital Death #Anesthesia Case #Medical Board #Kerala Police
പയ്യന്നൂർ: ( www.truevisionnews.com ) പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ആരോപണവിധേയരായ ഡോക്ടർമാരെ നാളെ ചോദ്യം ചെയ്യും. പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരോട് നാളെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡും രൂപീകരിച്ചു. കുഞ്ഞിനെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷൻ ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കേസിൽ പ്രതി ചേർത്ത അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലിയുടെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫാണ്. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനൽ യോഗം ചേർന്ന ശേഷം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. ബേബി മെമ്മോറിയൽ ആശുപത്രി ഡോക്ടർമാരുടെ വിശദീകരണവും രേഖപ്പെടുത്തും. തുടർന്ന് റിപ്പോർട്ട് ഡിഎംഒക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും പൊലീസും തുടർനടപടി സ്വീകരിക്കുന്നത്.
സംഭവത്തിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിഎംഒക്ക് കൈമാറിയിട്ടുണ്ട്. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഒരു സെന്റി മീറ്ററിൽ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം നിലച്ചു. മെഡിക്കൽ ബോർഡ് യോഗം 17ന് ചേരുമെന്നാണ് വിവരം.
Content Highlight: Payyannur Baby Hospital Death Case: Doctors to be Questioned, Medical Board on 17th
#Payyannur News #Baby Hospital Death #Anesthesia Case #Medical Board #Kerala Police
































